Thursday, April 4, 2013
3 സാക്ഷികള്‍ കൂടി പ്രോസിക്യൂഷനെതിരെ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൂന്നു സാക്ഷികള്‍കൂടി പ്രോസിക്യൂഷനെതിരെ. പൊലീസ് തയാറാക്കിയ മൊഴികള്‍ക്കെതിരെയാണ് മൂന്നുപേരും പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിന് മറുപടി പറഞ്ഞത്. പ്രോസിക്യൂഷന്‍ 38, 39, 40 സാക്ഷികളായി വിസ്തരിച്ച പുല്‍പ്പള്ളി ചെറ്റപ്പാലം ചൂരക്കുഴിയില്‍ വീട്ടില്‍ ഷാര്‍ലറ്റ്, കുണ്ടുചിറ പൊന്ന്യം വെസ്റ്റ് മുരളീധരാലയത്തില്‍ പി കെ പ്രത്യുഷ്, പൊന്ന്യം ഓടയില്‍ ഹൗസില്‍ മുകുന്ദന്‍ എന്നിവരാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴി തെറ്റാണെന്ന് വ്യക്തമാക്കിയത്. ഇതോടെ കേസില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ 14 ആയി. ഇതുവരെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഉറച്ച ആര്‍എംപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സാക്ഷികള്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്.
പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നതിന് സാക്ഷികളെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുകയാണെന്ന ആരോപണം ശരിയാണെന്ന് ബുധനാഴ്ച വ്യക്തമായി. എതിരായി മൊഴി നല്‍കുമെന്ന് സംശയമുള്ള സാക്ഷികളെ പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നുമുണ്ട്. നേരത്തെ നിരവധി സാക്ഷികളെ ഇത്തരത്തില്‍ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച കേസ് ഡയറിയിലെ 76, 78 സാക്ഷികളായ കൂത്തുപറമ്പ് കരിഷ്മ ക്വാര്‍ട്ടേഴ്സില്‍ സത്യജിത്, മുചുകുന്ന് പണിക്കരവിടെ വീട്ടില്‍ രഘുനാഥന്‍ എന്നിവരെയാണ് വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയത്.
പൊലീസ് അന്യായമായി കസ്റ്റഡിയില്‍വച്ചെന്ന് സാക്ഷി
കോഴിക്കോട്: പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചതായി സാക്ഷിമൊഴി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 38-ാം സാക്ഷി പുല്‍പ്പള്ളി ചെറ്റപ്പാലം ചൂരക്കുഴിയില്‍ വീട്ടില്‍ ഷാര്‍ലറ്റാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ്കോടതിയില്‍ മൊഴി നല്‍കിയത്. ""പൊലീസ് വിളിപ്പിച്ചതിനാല്‍ ഇന്നലെ രാവിലെ ഞാന്‍ കോഴിക്കോട്ട് വന്നു. ബസ്സ്റ്റാന്‍ഡില്‍വച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് കോടതിയിലേക്കാണ് കൊണ്ടുവന്നത്""- പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നല്‍കിയ മൊഴിയില്‍ ഷാര്‍ലറ്റ് പറഞ്ഞു. കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജിലെ റിസപ്ഷനിസ്റ്റാണ് ഷാര്‍ലറ്റ്.
കേസില്‍ പ്രതിയായി ചേര്‍ത്ത ഷനോജ് കൊല നടന്ന 2012 മെയ് നാലിന് രാത്രി 11.30ന് ലോഡ്ജില്‍ മുറിയെടുത്തിരുന്നു എന്നു സ്ഥാപിക്കാനാണ് ഷാര്‍ലറ്റിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. എന്നാല്‍ ഷനോജിനെ തനിക്കറിയില്ലെന്ന് ഷാര്‍ലറ്റ് ബോധിപ്പിച്ചു. ഷനോജ് ഫോണില്‍ വിളിച്ച് മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കേസിലെ പ്രതി ടി കെ രജീഷിനെയും അറിയില്ല. ഇരുവരും ലോഡ്ജില്‍ മുറിയെടുക്കാന്‍ മോട്ടോര്‍ സൈക്കിളില്‍ വന്നുവെന്ന വാദം തെറ്റാണെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ഷനോജ് അന്ന് മുറിയെടുത്തിരുന്നോ എന്ന് തനിക്ക് അറിയില്ല. ഷനോജിനെ മുന്‍പരിചയമില്ല. ഇപ്പോഴാണ് ആ പേര് കേള്‍ക്കുന്നത്. ടി കെ രജീഷും ഷനോജും ലോഡ്ജില്‍ ഇടക്കിടെ മുറിയെടുക്കാറുണ്ടെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. പൊലീസ് അപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. ലോഡ്ജിന്റെ രേഖകള്‍ പൊലീസ് കൊണ്ടുപോയിരുന്നുവെന്ന് പ്രതിഭാഗം വിസ്താരത്തില്‍ ഷാര്‍ലറ്റ് വ്യക്തമാക്കി. വടകര പൊലീസ് സിഐ ഓഫീസിലാണ് രേഖയില്‍ തന്നെക്കൊണ്ട് ഒപ്പിടുവിച്ചത്. രജിസ്ട്രേഷന്‍ കാര്‍ഡിന്റെ എഴുതാത്ത കോപ്പിയും പൊലീസ് കൊണ്ടുപോയെന്നാണ് ഓര്‍മ.
കേസില്‍ പ്രതിയായി ചേര്‍ത്ത സനീഷിനെ അറിയില്ലെന്ന് 39-ാംസാക്ഷി പി കെ പ്രത്യുഷ് ബോധിപ്പിച്ചു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഹര്‍ത്താല്‍ ദിവസം തന്റെ ഓട്ടോയില്‍ കൂത്തുപറമ്പിലേക്ക് ആളെ കൊണ്ടുപോകണമെന്ന് സനീഷ് പറഞ്ഞിട്ടില്ല. ഇപ്രകാരം വടകര ഡിവൈഎസ്പി മുമ്പാകെ 2012 മെയ് 19ന് മൊഴി നല്‍കിയിട്ടുമില്ല. കൂത്തുപറമ്പിലെത്തിയപ്പോള്‍ സിപിഐ എം ഓഫീസിലേക്ക് വണ്ടി വിടാന്‍ സനീഷ് പറഞ്ഞു എന്നു പറയുന്നതും ശരിയല്ല. കേസിലെ പ്രതിയായി ചേര്‍ത്ത സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, ഓഫീസ് സെക്രട്ടറി ബാബു എന്നിവരെ അറിയില്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിറ്റേന്ന് ഓട്ടോ, ഉടമയുടെ വീട്ടിലായിരുന്നുവെന്നും പൊലീസ് രേഖയില്‍ എന്താണ് എഴുതിയതെന്ന് അറിയില്ലെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ പ്രത്യുഷ് വ്യക്തമാക്കി. കേസില്‍ പ്രതിയായി ചേര്‍ത്ത സനീഷിനെ അറിയില്ലെന്ന് 40-ാംസാക്ഷി പൊന്ന്യം ഓടയില്‍ ഹൗസില്‍ മുകുന്ദന്‍ മൊഴി നല്‍കി. താന്‍ സിപിഐ എം അനുഭാവിയല്ലെന്നും പ്രോസിക്യൂഷന് മുകുന്ദന്‍ മറുപടി നല്‍കി. കേസ് ഡയറിയിലെ 79 മുതല്‍ 89 വരെ സാക്ഷികളെ വ്യാഴാഴ്ച വിസ്തരിക്കും
deshabhimani 040413
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment