എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നബാര്‍ഡിന്റെ ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 200 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ബോവിക്കാനത്ത് രാവിലെ പത്തിന് മന്ത്രിമാരായ എം കെ മുനീര്‍, കെ പി മോഹനന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍കോഡ് സിഡിയുടെ പ്രകാശനം ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ബാബു നിര്‍വഹിക്കും. ഡോ. മുഹമ്മദ് അഷീല്‍ ഏറ്റുവാങ്ങും. സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ പി ബാലകിരണ്‍ ന്യൂസ്ലെറ്റര്‍ പ്രകാശനം ചെയ്യും. ദുരിതബാധിതമായ 11 പഞ്ചാത്തുകളിലെ വിദ്യാര്‍ഥികളുള്‍പ്പെടെ അണിനിരക്കുന്ന പ്രതിരോധ സന്ദേശയാത്രയുമുണ്ടാകും.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ സാമൂഹ്യ ആസ്തി നിര്‍മാണത്തിനായി ആശുപത്രികള്‍, അങ്കണവാടികള്‍, ബഡ്സ് സ്കൂള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവക്കായി 235 പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇതില്‍ ഇരുനൂറോളം പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 100 പദ്ധതി 15 ശതമാനത്തില്‍ കൂടുതലുള്ള ടെന്‍ഡര്‍ നിരക്കായതിനാല്‍ സംസ്ഥാനതല സമിതിയുടെ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 190 കോടി രൂപയാണ് പദ്ധതികള്‍ക്കായി അനുവദിക്കുന്നത്. 85 ശതമാനം വിഹിതം നബാര്‍ഡും 15 ശതമാനം തുക സംസ്ഥാന സര്‍ക്കാരും വഹിക്കും. പദ്ധതിയുടെ ഭാഗമായി പത്ത് പഞ്ചായത്തുകളില്‍ 1.4 കോടി രൂപ വീതം ചെലവഴിച്ച് ബഡ്സ് സ്കൂള്‍ നിര്‍മിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനായി 57 പദ്ധതിക്കായി 46 കോടി രൂപയുണ്ട്. 55 കുടിവെള്ള പദ്ധതിക്കായി 36 കോടി, 65 അങ്കണവാടിക്കും ക്രെഷെക്കുമായി അഞ്ചുകോടി, ആശുപത്രികള്‍ക്കായുള്ള 43 പദ്ധതിക്ക് 46 കോടി രൂപയും അനുവദിച്ചു. സമഗ്ര പുനരധിവാസ കേന്ദ്രത്തിനായുള്ള 20 കോടി രൂപയുടെ പദ്ധതിയും നബാര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ പി കരുണാകരന്‍ എംപി നബാര്‍ഡ് ചെയര്‍മാന്‍ പ്രകാശ് ബക്ഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് സ്കീം ആരംഭിച്ചശേഷം ഇത്രയും തുക ഒരു ജില്ലയില്‍ പ്രത്യേക പാക്കേജായി അനുവദിക്കുന്നത് ആദ്യമാണ്. 2014-15നകം പദ്ധതികള്‍ പൂര്‍ത്തിയാക്കും. മേല്‍നോട്ടത്തിനായി എംപി, എംഎല്‍എമാര്‍, നബാര്‍ഡ് പ്രതിനിധി, കലക്ടര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട ജില്ലാതല സമിതി പ്രവര്‍ത്തിക്കും. നബാര്‍ഡിന്റെ പദ്ധതികള്‍ക്ക് പുറമെ ദീര്‍ഘകാല പദ്ധതികളാണ് ഇനിയാവശ്യം. ജൈവ പുനരുജീവനം, ഉപജീവന മാര്‍ഗങ്ങള്‍ എന്നിവക്കായി കോണ്‍കോഡ് ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ബാബു, സംഘാടകസമിതി ചെയര്‍പേഴ്സണ്‍ പി പി ശ്യാമളാദേവി, കണ്‍വീനര്‍ ബി എം പ്രദീപ്, വി ഭവാനി, എം മാധവന്‍, കെ ബി മുഹമ്മദ്കുഞ്ഞി, നാരായണന്‍ പേര്യ എന്നിവര്‍ പങ്കെടുത്തു.
deshabhimani 040413
No comments:
Post a Comment