Thursday, April 4, 2013
ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് കെജിഎസ് കമ്പനിക്കേറ്റ കനത്ത പ്രഹരം
അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമങ്ങള്ലംഘിച്ചും പ്രതിഷേധങ്ങള്‍ അവഗണിച്ചും ആറന്മുളയില്നിന്ന് വിമാനം പറത്താമെന്ന കെജിഎസ് കമ്പനിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്തപ്രഹരമാണ് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധി. പത്തുമാസത്തിനുള്ളില്‍ ആറന്മുളയില്നിന്ന് വിമാനം പറന്നുയരുമെന്ന കെജിഎസ് കമ്പനിയുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. അധികാരത്തിന്റെ ഹുങ്കില്‍ ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ജനങ്ങള്‍ക്കുമേല്‍ കോര്‍പറേറ്റുകളുടെ ആധിപത്യം ഉറപ്പിക്കാമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്ഥലം എംപി, എംഎല്‍എ തുടങ്ങിയവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ്.
നിര്‍ദിഷ്ട വിമാനത്താവള പദ്ധതി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണ മേഖലാ ബെഞ്ച് പദ്ധതി സ്റ്റേ ചെയ്തത്. വിമാനത്താവള നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്കിയ അനുമതിയുടെ സാധുതയെ ചോദ്യംചെയ്യുന്നതുകൂടിയാണ് ഈ ഉത്തരവ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, സിവില്‍ എവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവ ലംഘിച്ചാണ് ആറന്മുളയില് 52 ഏക്കര്‍ നികത്തിയത്. ബാക്കിയുള്ള 650 ഏക്കര്‍ വിമാനത്താവളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കുമ്പോള്‍ വീണ്ടും നിയമലംഘനം നടക്കും.
വിമാനത്താവളത്തിന് വേണ്ടിവരുന്ന 700 ഏക്കര്‍ ഭൂമിയും നീര്‍ത്തടവും നെല്വയലുമാണെന്ന സത്യം മറച്ചുവച്ചാണ് വിമാനം പറത്താന്‍ കമ്പനി തയ്യാറെടുക്കുന്നത്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രഖ്യാപനങ്ങളാണ് കെജിഎസ് കമ്പനി അധികൃതര്‍ കുറച്ചു നാളായി നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരിയില്‍ പ്രധാനമന്ത്രി തറക്കല്ലിടുമെന്ന് പറഞ്ഞ അവര്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത് പത്തുമാസത്തിനുള്ളില്‍ ആറന്മുളയില്നിന്ന് വിമാനം പറന്നുയരുമെന്നാണ്. ആറന്മുളയില് നിര്‍മിക്കാനുദ്ദേശിക്കുന്നത് വിമാനത്താവള നഗരമാണെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമായിരുന്നു. വിമാനത്താവള നഗരത്തിന് കുറഞ്ഞത് 2000 ഏക്കര്‍ ഭൂമിയെങ്കിലും വേണ്ടിവരും. അങ്ങനെയെങ്കില്‍ മറ്റു പഞ്ചായത്തുകളില്നിന്നുകൂടി സ്ഥലം ഏറ്റെടുക്കണം. ഇത് വന്‍തോതില്‍ കുടിയൊഴിപ്പിക്കലിന് ഇടയാക്കും. ഇതുകൊണ്ടുതന്നെ പ്രോജക്ട് എസ്റ്റിമേറ്റ്, സാധ്യതാ പഠന റിപ്പോര്‍ട്ട്, അതിര്‍ത്തികള്‍, സ്കെച്ച് എന്നിവ വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അധികാരവും പണവും ഉപയോഗിച്ച് ഭരണാധികാരികളെ വരുതിയിലാക്കിയ കെജിഎസ് ഗ്രൂപ്പ് തങ്ങളുടെ നിയമലംഘനങ്ങള്‍ക്ക് തുണയായി സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് പദ്ധതിയില്‍ ഓഹരി പങ്കാളിത്തവും ഉറപ്പാക്കി. ജനങ്ങളുടെ പ്രതിഷേധവും പ്രതിരോധവും മറികടന്ന് വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ കെജിഎസിനും സംസ്ഥാന സര്‍ക്കാരിനും ഉത്തരവ് ശക്തമായ താക്കീതാണ്.
(ഏബ്രഹാം തടിയൂര്‍)
deshabhimani 040413
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment