Monday, April 1, 2013

വിമാനനിരക്ക് മൂന്നിരട്ടി കൂട്ടി


സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സൗദിഅറേബ്യയില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് തിരിച്ചുവരുന്ന പ്രവാസികളെ വ്യോമയാനക്കമ്പനികളും പിഴിയുന്നു. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നത് മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ധിപ്പിച്ചു. ജോലിയും വിസയും നഷ്ടപ്പെട്ട് മടങ്ങുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഈ നടപടി. നേരത്തെ, 9000ത്തിനും 15000ത്തിനും ഇടയിലായിരുന്നു സൗദിയില്‍നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്ക്. ഇത് 25,000മുതല്‍ 30,000 വരെയായി വര്‍ധിപ്പിച്ചു.

സൗദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയുമാണ് സൗദിയില്‍നിന്നു കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഈ രണ്ട് കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ യുഎഇ അടക്കം മറ്റു ഗള്‍ഫ്നാടുകളില്‍നിന്നുള്ള നിരക്കും വിമാനക്കമ്പനികള്‍ കൂട്ടി. സമ്പാദ്യമൊന്നുമില്ലാതെ മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധന താങ്ങാവുന്നതിലും അപ്പുറമാണ്. ഭീമമായ തുകനല്‍കി ടിക്കറ്റ് സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പ്രവാസികള്‍ പറഞ്ഞു. അവധി ആഘോഷിക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ അടയ്ക്കുമ്പോഴാണ് സാധാരണ നിരക്ക് കൂട്ടുന്നത്. എന്നാല്‍, പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ക്കണ്ട് ഇത്തവണ നേരത്തെ തന്നെ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

deshabhimani 010413

No comments:

Post a Comment