Monday, April 1, 2013

വരള്‍ച്ചയില്‍ കൃഷിനഷ്ടം 10,000 കോടി കവിഞ്ഞു


കടുത്ത വരള്‍ച്ചമൂലം സംസ്ഥാനത്തെ കാര്‍ഷികമേഖലക്കുണ്ടായ നഷ്ടം 10,000 കോടി രൂപ കവിഞ്ഞു. കൃഷി നാശവും വിളനഷ്ടവുംമൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ കടക്കെണിയിലേക്ക് കൂപ്പുകുത്തിയിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ആനുകൂല്യമൊന്നും അനുവദിച്ചില്ല. കേന്ദ്രത്തിന് സമര്‍പ്പിച്ച 7888 കോടിയുടെ സഹായ അഭ്യര്‍ഥനയില്‍ കര്‍ഷകരെ പ്രലോഭിപ്പിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. പ്രതിസന്ധി രൂക്ഷമായതോടെ കര്‍ഷകര്‍ വീണ്ടും ആത്മഹത്യയുടെ വക്കിലാണ്. കൃഷിവകുപ്പിനു ലഭിച്ച കണക്കുപ്രകാരം വരള്‍ച്ചയില്‍ സംസ്ഥാനത്ത് 3.06 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു.

വെന്തുരുകുന്ന പാലക്കാട്, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ മാത്രം കൃഷി നഷ്ടം 6000 കോടി രൂപയിലേറെയാണ്. കത്തുന്ന ചൂടില്‍ പുറത്തിറങ്ങാനാകാത്ത എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ കാര്‍ഷികമേഖലയില്‍ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹതയുണ്ട്. എറണാകുളത്ത് 127ഉം കണ്ണൂരില്‍ 153ഉം കര്‍ഷകരെ മാത്രമാണ് വരള്‍ച്ച ബാധിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്. കൊടും വരള്‍ച്ചയുടെ സൂചന ലഭിച്ചിട്ടും തടയാനുള്ള മുന്നൊരുക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. യുഡിഎഫിലെയും മന്ത്രിസഭയിലെയും തമ്മിലടിയില്‍ ധന, റവന്യു, കൃഷി, ജലവിഭവ മന്ത്രിമാര്‍ തോന്നിയപോലെ പ്രവര്‍ത്തിച്ചതോടെ വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പേരിനുപോലും ഉണ്ടായില്ല. ഫെബ്രുവരിവരെ കാര്‍ഷികമേഖലയില്‍ 5810.68 കോടി രൂപയുടെ നാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇതുതന്നെയാണ് കൃഷിമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചതും. എന്നാല്‍, പ്രധാനമായും നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ ഹ്രസ്വകാല കൃഷിക്കുണ്ടായ നഷ്ടം മാത്രമാണ് കൃഷി വകുപ്പ് ശേഖരിച്ചത്. റബര്‍, കുരുമുളക്, ഏലം, നാളികേരം തുടങ്ങിയ നാണ്യവിളകള്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയില്ല. മാര്‍ച്ചിലെ കണക്കും തയ്യാറായിട്ടില്ല. രണ്ടാം വിള നെല്‍ക്കൃഷി സംസ്ഥാനത്ത് പാടെ നശിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയാണ്.

ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നെല്‍ക്കൃഷി വന്‍തോതിലാണ് നശിക്കുന്നത്. ആഭ്യന്തര നെല്ലുല്‍പ്പാദനം നിലച്ചതോടെ വിപണിയില്‍ അരിവില വീണ്ടും ഉയര്‍ന്നു തുടങ്ങി. നാമമാത്രമാകുന്ന കുരുമുളക് കൃഷിയെ, ഇത്തവണ വരള്‍ച്ച തുടച്ചുനീക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വയനാട്, ഇടുക്കി മേഖലകളില്‍ കുരുമുളക് കൃഷിയുടെ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. റബര്‍ ഉല്‍പ്പാദനത്തിലും തിരിച്ചടിയാണ്. ചൂടുകൂടിയതോടെ ചെറുമരങ്ങളില്‍ ടാപ്പിങ് നിര്‍ത്തി. സ്ലോട്ടര്‍ മേഖലയില്‍ മാത്രമാണ് പേരിന് ടാപ്പിങ്ങുള്ളത്. റബര്‍ ഉല്‍പ്പാദനമേഖലയില്‍ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി റബര്‍ ബോര്‍ഡിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വരള്‍ച്ചാ ദുരന്തത്തിന് സഹായമായി 7888.09 കോടിയുടെ അധിക സഹായത്തിനാണ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍, കേന്ദ്ര മാനദണ്ഡങ്ങളനുസരിച്ച് 100 കോടിയില്‍ താഴെയുള്ള സാമ്പത്തിക സഹായത്തിനു മാത്രമേ സംസ്ഥാനത്തിന് അര്‍ഹതയുണ്ടാകൂ. ഇത് കുടിവെള്ള വിതരണത്തിനു പോലും തികയില്ല. പ്രത്യേക പാക്കേജില്‍ 3936 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഇനത്തില്‍ തുക അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രം നല്‍കിയിട്ടുമില്ല.
(എം വി പ്രദീപ്)

deshabhimani 010413

No comments:

Post a Comment