Monday, April 1, 2013
ട്രഷറി പ്രവര്‍ത്തനം തൃപ്തികരമെന്ന് മാണി; ക്ഷമ നശിച്ച് ജീവനക്കാര്‍
സംസ്ഥാനത്ത് ട്രഷറികളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് മന്ത്രി കെ എം മാണി. സര്‍ക്കാരിന്റെ കണക്കിലെ തട്ടിപ്പിന് ജീവനക്കാര്‍ക്ക് രാപകല്‍ ജോലിയും. 30ന് വൈകിട്ട് ആറുവരെയുള്ള കണക്കുകള്‍ ലഭ്യമാകുമ്പോള്‍ 102072 ബില്ലുകളിലൂടെ 1969 കോടി രൂപ ട്രഷറികളില്‍നിന്ന് മാറിയതായി മന്ത്രി അറിയിച്ചു. ശനിയാഴ്ച രാത്രി 11.30 വരെ ട്രഷറികളില്‍ ബില്ലുകള്‍ മാറുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തലസ്ഥാന ജില്ലാ ട്രഷറിയില്‍ ശനിയാഴ്ച രാത്രി സന്ദര്‍ശനശേഷം മാധ്യമങ്ങളോട് നേട്ടം വിശദീകരിക്കുകയായിരുന്നു മന്ത്രി.
രണ്ടുദിവസമായി ട്രഷറി ജീവനക്കാരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ബില്ലുകള്‍ മാറുന്നതിന് അഹോരാത്രം കഷ്ടപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അതിനിടെ പൊതു അവധിയായ ഈസ്റ്റര്‍ ദിനത്തിലും ട്രഷറി ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചതോടെ ജീവനക്കാര്‍ സഹികെട്ടു. സര്‍ക്കാരിന് പണം ചെലവഴിച്ചതിന്റെ കണക്ക് പെരുപ്പിക്കാനായി രണ്ടുദിവസം ജോലി ചെയ്തതിന്റെ ക്ഷീണം ഈസ്റ്റര്‍ ദിനത്തിലെങ്കിലും ഉറങ്ങിത്തീര്‍ക്കാമെന്ന് നിനച്ചിരിക്കുമ്പോഴാണ് ഞായറാഴ്ച രാത്രി 12 വരെ ജോലി ചെയ്യണമെന്ന് ധനമന്ത്രിയുടെ തിട്ടൂരം വന്നത്. ഇതോടെ ജീവനക്കാര്‍ പല ട്രഷറികളിലും പ്രതിഷേധിച്ചു.
ഞായറാഴ്ച അവധി നിഷേധിച്ച വാര്‍ത്ത വന്നതോടെ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ഭരണപക്ഷ അനുകൂല യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജോലി നിര്‍ത്തിവച്ച് ഭരണകക്ഷി യൂണിയന്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കീഴ്ജീവനക്കാരനെ മര്‍ദിച്ചു. തലസ്ഥാന ജില്ലാ ട്രഷറിയില്‍ ശനിയാഴ്ച വൈകിട്ട് ആറുവരെ 7256 ബില്ലുകള്‍ മാറി. 134 കോടി രൂപയാണ് ജില്ലാ ട്രഷറിയില്‍നിന്ന് മാറിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ ധൂര്‍ത്തിന്റെ നിരവധി ബില്ലുകള്‍ രാത്രി വൈകിയും ട്രഷറിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
deshabhimani 010413
Subscribe to:
Post Comments (Atom)
No comments:
Post a Comment