Monday, April 22, 2013
മലേഷ്യന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സാന്നിധ്യം
കൊലാലംപുര്‍: മെയ് അഞ്ചിനു നടക്കുന്ന 13-ാം മലേഷ്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സാന്നിധ്യം ശ്രദ്ധേയം. ഭരണപ്രതിപക്ഷ ബലാബലത്തിനിടെ ആശയ പ്രശ്നങ്ങളുയര്‍ത്തുകയാണ് മലേഷ്യന്‍ സോഷ്യലിസ്റ്റ് പാര്‍ടി. മുഖ്യപ്രതിപക്ഷമായ പകാതന്‍ രക്യത് സഖ്യവുമായി പാര്‍ടി തുടരുന്ന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ചെയര്‍മാന്‍ ഡോ. മുഹമ്മദ് നാസിര്‍ ഹാഷിം അറിയിച്ചു. പ്രശസ്ത ടെലിവിഷന്‍ തെരഞ്ഞെടുപ്പ് പരിപാടിയായ ഷോ ഡൗണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യലിസ്റ്റ് പാര്‍ടി കടുത്ത അടിച്ചമര്‍ത്തലുകളാണ് നേരിടുന്നത്. 1998ല്‍ രൂപീകരിച്ച രക്യത് പ്രസ്ഥാനത്തിലൂടെയാണ് സോഷ്യലിസ്റ്റുകാര്‍ രംഗത്തെത്തിയത്. അംഗീകാരം നല്‍കാതെ ഒരു പതിറ്റാണ്ട് ഭരണനേതൃത്വം അവഗണിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്. 2008 ജൂണില്‍ അംഗീകാരം കിട്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ സുന്‍ഗെയ് സിപുത് മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി മൈക്കല്‍ ജയകുമാര്‍ ദേവരാജ് വിജയിച്ചു. ഇക്കുറി ആ മണ്ഡലത്തോടൊപ്പം ജെലപങ്, കോട്ട ദമല്‍സര, സെമെനിയ് എന്നിവിടങ്ങളിലും മത്സരിക്കും.
""സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വഴിപ്പെടാതെ ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. സമ്പന്നരെ ശതകോടീശ്വരന്മാരും പാവങ്ങളെ തെരുവുതെണ്ടികളുമാക്കുന്ന മുതലാളിത്തത്തിന്റെ സമീപനങ്ങള്‍ തുടരുന്നിടത്തോളം ഞങ്ങളുടെ ആശയം പ്രസക്തമാണ്""-ഡോ. മുഹമ്മദ് നാസിര്‍ ഹാഷിം പറഞ്ഞു.
ഏഴിന പ്രകടന പത്രികയുമായാണ് പാര്‍ടി വോട്ടര്‍മാരെ സമീപിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍, നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ നിലപാട്, സാമ്രാജ്യത്വ ശക്തികളുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ അവസാനിപ്പിക്കല്‍, എല്ലാവര്‍ക്കും മാന്യമായ പാര്‍പ്പിടം ഉറപ്പാക്കല്‍, വംശീയ-മത രാഷ്ട്രീയം തുറന്നുകാട്ടല്‍, അഴിമതിയും അധികാര ദുര്‍വിനിയോഗവും അവസാനിപ്പിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നീ മുദ്രാവാക്യങ്ങളാണ് സോഷ്യലിസ്റ്റ് പാര്‍ടി ഉയര്‍ത്തുന്നത്. പാര്‍ടി പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു. ദരിദ്രതൊഴിലാളികളുടെ സംഘാടനത്തിന് മുന്നിട്ടിറങ്ങി. ഇത് ചേരികളിലും വ്യവസായ- പ്ലാന്റേഷന്‍ മേഖലകളിലും പുത്തനുണര്‍വായി. തുച്ഛവേതനം, ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കല്‍ തുടങ്ങിയവയ്ക്കെതിരെ പ്രതികരിച്ചത് സോഷ്യലിസ്റ്റുപാര്‍ടി മാത്രം. രണ്ടുവര്‍ഷത്തിനിടെ 50 ഫാക്ടറികളില്‍ സംഘടനയുടെ വര്‍ക്കിങ് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഈ മുന്നേറ്റങ്ങള്‍ കണ്ട് പരിഭ്രാന്തിയിലായ സര്‍ക്കാര്‍ ഡോ. നാസിര്‍ ഹാഷിമിനൊപ്പംമൈക്കേല്‍ ജയകുമാര്‍ ദേവരാജിനെയും പീഡിപ്പിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണം ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതിന്റെ പേരില്‍ അറസ്റ്റിലായ ജയകുമാറിനെ വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് ഏകാന്തത്തടവിലിട്ടു. 2011 ജൂലൈയിലാണ് മോചിപ്പിച്ചത്. കോട്ട ദമന്‍സാര എംഎല്‍എ ആയിരുന്ന ഡോ. മൊഹമ്മദ് നാസിര്‍ ഹാഷിമിനെ 1987ല്‍15 മാസം ജയിലിലടച്ചിരുന്നു.
((അനില്‍കുമാര്‍ എ വി))
deshabhimani 220413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment