Monday, April 22, 2013

ഡല്‍ഹി പീഡനം; ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തി


രാജ്യ തലസ്ഥാനത്ത് അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ പ്രസ്താവന നടത്തി. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ നടപടിയെടുക്കാന്‍ താമസിച്ചു എന്നതാണ് പൊലീസിനെതിരെയുള്ള ആരോപണം. ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും പീഡനം നടക്കുന്നുണ്ട്. പീഡനവിവരമറിഞ്ഞ് പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും നിരന്തരമുണ്ടാകുന്ന പീഡനങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ ഉച്ചയ്ക്ക് 2ന് ആരംഭിച്ച ചര്‍ച്ച തുടരുകയാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജ്യത്ത് സുരക്ഷിതത്വമില്ലെന്ന് ചൂണ്ടിക്കാണിച്ച് രാവിലെ രാജ്യസഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

സംഭവത്തില്‍ ഗാന്ധി നഗര്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ അച്ഛന് കാശ് നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാരനെ കണ്ടെത്തി നടപടിയെടുക്കും. കുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയിലായതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ തിരിച്ചറിയാനായി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഉടന്‍ തന്നെ ഇയാളെ കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പീഡനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി മനോജ് കുമാറിന്റെ സുഹൃത്ത് പ്രദീപിനെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. ബിഹാറില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. ഒന്നാംപ്രതി മനോജ് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ ബലാല്‍സംഗത്തിന് കൂട്ടാളിയായി ഒരാള്‍കൂടി ഉണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. ബിഹാറിലെ ദര്‍ഭംഗ ജില്ലക്കാരനായ പ്രദീപ് ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടികൂടിയതെന്ന് ബിഹാര്‍ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

deshabhimani

No comments:

Post a Comment