വകുപ്പ് മേധാവികളുടെ എതിര്‍പ്പ് മറികടന്ന്, ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കുന്ന ഐടി അറ്റ് സ്കൂള്‍ ഡയറക്ടറെ തല്‍സ്ഥാനത്ത് നിലനിര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. ഇതിനകം നിരവധി വിവാദങ്ങളില്‍പ്പെട്ട ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയുടെ കാലാവധി 24ന് അവസാനിക്കാനിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇളങ്കോവനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം ഷാജഹാനും ഇയാള്‍ക്കെതിരെ രേഖാമൂലം പ്രകടിപ്പിച്ച എതിര്‍പ്പ് മറികടന്നാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിന്റെ ഭാഗമായി മന്ത്രി പി കെ അബ്ദുറബ്ബ് ഇടപെടുന്നത്. ഇതോടെ മന്ത്രിയും ഉദ്യോഗസ്ഥമേധാവികളും തമ്മില്‍ പോര് മുറുകി.
ഐടി അറ്റ് സ്കൂള്‍ പദ്ധതി ചുരുങ്ങിയ കാലംകൊണ്ട് അവതാളത്തിലാക്കിയ അബ്ദുള്‍നാസര്‍ കൈപ്പഞ്ചേരിക്കെതിരെ ഒരുവര്‍ഷത്തിനിടെ ഒരുഡസനിലേറെ പരാതികള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. ഡിപിഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കി. മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശങ്ങള്‍ മാത്രം അനുസരിക്കുന്ന മലപ്പുറത്തെ ലീഗ് പ്രദേശിക നേതാവുകൂടിയായ കൈപ്പഞ്ചേരി ഒരുവര്‍ഷം കൊണ്ട് ഐടി അറ്റ് സ്കൂളിനെ തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം, വിദ്യാഭ്യാസ പാക്കേജുകള്‍ തയ്യാറാക്കല്‍, ഇ-ഗവേണന്‍സ് എല്ലാ സ്കൂളിലും ബ്രോഡ്ബാന്റ്, സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ്, ഐസിടി റിസോഴ്സ് പോര്‍ട്ടല്‍, സ്കൂളുകള്‍ക്ക് ഹാര്‍ഡ്വെയര്‍ വിതരണം, സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ എന്നിവ അവതാളത്തിലാക്കിയതിന് കാരണക്കാരനായ ഡയറക്ടറെ ഒരു വര്‍ഷംകൂടി തല്‍സ്ഥാനത്തിരുത്തുന്നത് ഐടി അറ്റ് സ്കൂളിലെ തകര്‍ച്ച പൂര്‍ണമാക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
ഡയറക്ടറുടെ ഔദ്യോഗിക വാഹനത്തിലെത്തിയവര്‍ വിദ്യാര്‍ഥിനിയെ രക്ഷിതാക്കളുടെ മുന്നില്‍വച്ച് അപമാനിച്ചത് വിദ്യാഭ്യാസ വകുപ്പിന് നാണക്കേട് വരുത്തിയിരുന്നു. ഡയറക്ടറും വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഡിപിഐക്കെതിരെ ഐടി അറ്റ് സ്കൂളില്‍നിന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെപേരില്‍ പത്രക്കുറിപ്പ് ഇറക്കുകയുണ്ടായി. വകുപ്പുമേധാവിക്കെതിരെ കീഴ്ജീവനക്കാരന്‍ പത്രപ്രസ്താവന ഇറക്കുന്നത് ചട്ടവിരുദ്ധമാണ്. ഈ സംഭവം വാര്‍ത്തയായിട്ടും പിആര്‍ഒയോട് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ വിശദീകരണം ചോദിച്ചിരുന്നില്ല. തുടര്‍ന്ന്, സര്‍ക്കാര്‍ വിശദീകരണം തേടി. തന്നെ അപമാനിച്ച് പ്രസ്താവന ഇറക്കിയ പിആര്‍ഒയെ ഡിപിഐ നീക്കി.
deshabhimani 220413
No comments:
Post a Comment