കൂട്ട ശിശുമരണങ്ങള്‍ സംഭവിക്കുന്ന അട്ടപ്പാടിയില്‍ മന്ത്രിമാരുടെ സന്ദര്‍ശനം പ്രഹസനം. നടപടികളൊന്നുമുണ്ടാകുന്നില്ല. സര്‍ക്കാരിന്റെ അനാസ്ഥ പകല്‍വെളിച്ചംപോലെ വെളിവായതോടെ പ്രശ്നം മറച്ചുവയ്ക്കാന്‍ മന്ത്രിമാര്‍ അട്ടപ്പാടിയിലെത്തുന്നുണ്ടെങ്കിലും നടപടി മന്ത്രിസഭാതീരുമാനത്തിനുശേഷം എന്ന പല്ലവിയാണുണ്ടാകുന്നത്. സന്ദര്‍ശിക്കുന്ന മന്ത്രിമാരെല്ലാവരും ""തെറ്റ് സംഭവിച്ചു, പിഴവ് സംഭവിച്ചു""വെന്ന് പശ്ചാത്താപബോധത്തോടെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരുകാര്യത്തിലും അടിയന്തര നടപടിയില്ല.
അട്ടപ്പാടിയില്‍ ഒന്നരവര്‍ഷത്തിനിടയില്‍ 35 കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നരമാസത്തിനിടയിലാണ് 20 കുട്ടികള്‍ മരിച്ചത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. കുട്ടികളുടെ മരണകാരണങ്ങളിലൊന്ന്, അമ്മമാരിലെ പോഷകാഹാരക്കുറവാണെന്നു വ്യക്തം. അതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രശ്നം തരണംചെയ്യാന്‍ അടിയന്തരമായി വേണ്ടത് പോഷകം അടങ്ങിയ ഭക്ഷണം നല്‍കുകയെന്നതാണ്. ഇതുവരെ സൗജന്യറേഷന്‍പോലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലുറപ്പ്പദ്ധതി നിലച്ചതോടെ ആദിവാസിമേഖലയിലെ പുരുഷന്മാര്‍ പണിയും കൂലിയുമില്ലാതെയാണ് കഴിയുന്നത്. പണിയെടുത്ത് കൂലി ലഭിക്കാതായിട്ടും മാസങ്ങളായി. കൊടുംവരള്‍ച്ച നേരിടുന്ന പ്രദേശമായതിനാല്‍ പകല്‍സമയത്ത് കൂലിപ്പണിക്ക് പോകാനും കഴിയാത്ത സാഹചരൃമാണ്.
കുടിവെള്ളക്ഷാമമാണ് അട്ടപ്പാടി നേരിടുന്ന മറ്റൊരു പ്രശ്നം. കുടിക്കാന്‍ ഒരുതുള്ളി വെള്ളത്തിന് കിലോമീറ്ററുകള്‍ താണ്ടുകയാണ് ഊരിലുള്ളവര്‍. വഴിയരികില്‍ കെട്ടിക്കിടക്കുന്നതും പുഴയില്‍ കുഴിയെടുത്തും ശുദ്ധീകരിക്കാത്ത വെള്ളമാണ് കുടിക്കേണ്ടിവരുന്നത്. അടിയന്തരസഹായം വേണ്ട ഈ പ്രശ്നത്തിനും ഇതുവരെ പരിഹാരമായില്ല. കുട്ടികള്‍ തുടരെത്തുടരെ മരിക്കുന്ന കാര്യം പുറത്തുവരികയും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്തത് വിവാദമായശേഷം മന്ത്രിമാരായ പി കെ ജയലക്ഷ്മി, വി എസ് ശിവകുമാര്‍, എം കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നും തീരുമാനമുണ്ടായില്ല. കേന്ദ്രീകൃത മെഡിക്കല്‍ക്യാമ്പ് നടത്തുകയാണ് ആകെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ അടിയന്തര പാക്കേജുകള്‍ നടപ്പാക്കിയാല്‍മാത്രമേ അട്ടപ്പാടിയിലെ ആദിവാസിസമൂഹത്തിന് അതിജീവിക്കാനാവുകയുള്ളു. ഇത് തിരിച്ചറിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
അട്ടപ്പാടിയിലെ ശിശുമരണം: കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം: എം ബി രാജേഷ്
പാലക്കാട്: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവ് മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് മുഖ്യമന്ത്രിയും അട്ടപ്പാടി സന്ദര്‍ശിച്ച മറ്റ് മന്ത്രിമാരും സമ്മതിച്ചിട്ടുണ്ട്. 30 കുട്ടികളുടെ മരണം പോഷകാഹാരക്കുറവ് മൂലമല്ലെന്ന ആദ്യനിലപാട് സര്‍ക്കാര്‍ തിരുത്തി. കൂട്ട ശിശുമരണത്തിലേക്കു നയിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പദ്ധതികളുടെയും വീഴ്ചയാണെന്നും വ്യക്തമായി. സാമൂഹ്യക്ഷേമം, പട്ടികവര്‍ഗ ക്ഷേമം, ആരോഗ്യം, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് അട്ടപ്പാടിയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രിമാര്‍ അംഗീകരിച്ചു. വീഴ്ച പരിഹരിക്കാനുള്ള തിരുത്തല്‍നടപടികള്‍ക്കും തീരുമാനമായി. വീഴ്ച അംഗീകരിച്ച സാഹചര്യത്തില്‍, കുട്ടികള്‍ മരിച്ച കുടുംബങ്ങളെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മരിച്ചവരെല്ലാം പാവപ്പെട്ട ആദിവാസികുടുംബങ്ങളിലെ കുട്ടികളാണ്. ഒരു ധനസഹായത്തിനും കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താനാവില്ല. എങ്കിലും ഈ കുടുംബങ്ങള്‍ക്ക് സഹായവും ആശ്വാസവും നല്‍കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കുട്ടികള്‍ മരിച്ച ഓരോ കുടുംബത്തിനും ചുരുങ്ങിയത് രണ്ടുലക്ഷംരൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ഇതിനാവശ്യമായ തീരുമാനം എത്രയുംപെട്ടെന്ന് സ്വീകരിക്കണമെന്ന് എം ബി രാജേഷ് എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
deshabhimani 230413
No comments:
Post a Comment