Tuesday, April 23, 2013

കല്‍ക്കരിപ്പാട വിതരണം സുതാര്യമല്ല: പാര്‍ലമെന്ററി കമ്മറ്റി


1993 നും 2010 നും ഇടയിലുള്ള കല്‍ക്കരിപ്പാടം വിതരണങ്ങളില്‍ സുതാര്യതയില്ലെന്ന് കല്‍ക്കരി-ഉരുക്ക് വിഷയത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്ല്യാണ്‍ ബാനര്‍ജി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ മന്ത്രിസഭയേയും യുപിഎ മന്ത്രിസഭയേയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

കല്‍ക്കരിപ്പാടം അനുവദിച്ചത് യാതൊരു തരത്തിലുള്ള ലേല പ്രക്രിയയിലൂടെയുമല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നേരിട്ടും അല്ലാതെയും ഇടപാടുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ അന്വേഷണം വേണമെന്നും കല്‍ക്കരിപ്പാടം അനുവദിച്ചത് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്ന സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് നിയമ മന്ത്രാലയം തിരുത്തല്‍ വരുത്തിയെന്ന ആരോപണത്തില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചെന്നും തിരുത്തിയെന്നുമുള്ള ആരോപണം നിയമമന്ത്രി അശ്വിനി കുമാറും കോണ്‍ഗ്രസും വീണ്ടും നിഷേധിച്ചു.

ഉല്‍പ്പാദനം തുടങ്ങാത്ത കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് 1993 മുതല്‍ 2004 വരെ അനുവദിച്ചതും ഇതുവരെ ഉല്‍പ്പാദനം തുടങ്ങാത്തതുമായ എല്ലാ കല്‍ക്കരിപ്പാടങ്ങളും റദ്ദാക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. സുതാര്യത പാലിക്കാതെയാണ് പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതെന്ന് കല്‍ക്കരി-ഉരുക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചു. കല്‍ക്കരി കുംഭകോണത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ച ദിവസമാണ് സര്‍ക്കാരിനെ നിശിതം വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. 1993 മുതല്‍ 2008 വരെ നടന്ന മുഴുവന്‍ കല്‍ക്കരിപ്പാട ഇടപാടുകളിലും അഴിമതി നടന്നിട്ടുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഇഷ്ടക്കാര്‍ക്ക് പാടങ്ങള്‍ വിട്ടു നല്‍കിയത്. ടെന്‍ഡര്‍ നടപടികളും ഉണ്ടായില്ല. 1998 മുതല്‍ 2004 വരെ ഏതൊക്കെ കമ്പനികള്‍ക്കാണ് പാടം നല്‍കിയതെന്ന കണക്ക് പോലും ലഭ്യമല്ല. 1993 മുതല്‍ 2004 വരെ പരസ്യപ്പെടുത്തല്‍ പോലും ഇല്ലാതെയാണ് പാടങ്ങള്‍ അനുവദിച്ചത്. 2004ന് ശേഷം പരസ്യം നല്‍കിയിരുന്നെങ്കിലും ലേലപ്രക്രിയ ഉണ്ടായില്ല.- റിപ്പോര്‍ട്ട് പറഞ്ഞു. കല്‍ക്കരിപ്പാടവിതരണത്തില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികളുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും വേണം- കമ്മിറ്റി ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി തലവനായ പാര്‍ലമെന്ററി സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കല്‍ക്കരി കുംഭകോണം പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സമിതി ഇതുവരെയുള്ള കല്‍ക്കരിപ്പാടങ്ങളുടെ അനുവദിക്കല്‍ പ്രക്രിയ പരിശോധിച്ചത്.

deshabhimani

No comments:

Post a Comment