Tuesday, April 23, 2013

മമതയ്ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ്


 എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പുഷ്പീന്ദര്‍ ഗ്രേവാള്‍, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജി എന്നിവരടക്കം ആറ് പേരെ പേരെ അറസ്റ്റ്ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് അറസ്റ്റ്. സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗം നത്തു പ്രസാദ്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരായ ആശ ശര്‍മ, അഞ്ജു ഝാ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സുനന്ദ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. ഇവര്‍ക്ക് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി.

പ്രതിഷേധം സംഘടിപ്പിച്ചവരെ അറസ്റ്റ്ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ദിവസംതന്നെ അറസ്റ്റുണ്ടായത്. അക്രമം, പൊതുജനസേവകരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം പ്രശ്നം സൃഷ്ടിക്കല്‍, നിയമ വിരുദ്ധ കൂട്ടംചേരല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ ചിത്രം പരിശോധിച്ചതിന് ശേഷമാണ് ആറുപേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അവകാശപ്പെട്ടു. രണ്ടാഴ്ചമുമ്പ് ആസൂത്രണ കമീഷന്‍ ആസ്ഥാനത്ത് മമത ബാനര്‍ജിയും മൂന്ന് സംസ്ഥാന മന്ത്രിമാരും എത്തിയപ്പോഴായിരുന്നു ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായ സുദീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും കൊലപാതകത്തെ നിസ്സാരസംഭവമെന്ന് വിശേഷിപ്പിച്ച മമത ബാനര്‍ജിയുടെ നിലപാടില്‍ പ്രതിഷേധിച്ചും ആയിരുന്നു ഇത്. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തവര്‍ നിലയുറപ്പിച്ച പ്രവേശനകവാടംതന്നെ അകത്തേക്ക് കടക്കാന്‍ തെരഞ്ഞെടുത്ത് മമത ബാനര്‍ജി പ്രകോപനം സൃഷ്ടിച്ചു. പൊലീസിന്റെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇത്. അകത്തേക്ക് കടക്കുന്നതില്‍നിന്ന് മമത ബാനര്‍ജിയെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടഞ്ഞില്ല. തിരക്കിനിടയില്‍ ഒറ്റപ്പെട്ട ധനമന്ത്രി അമിത് മിത്രയെ ഒരു സംഘം വളഞ്ഞുവച്ചു. ഈ സംഭവത്തെ സിപിഐ എമ്മും എസ്എഫ്ഐയും അപലപിക്കുകയുംചെയ്തു. എന്നാല്‍, തനിക്കും മന്ത്രിമാര്‍ക്കുമെതിരെ ആക്രമണം നടന്നെന്ന പ്രചാരണം മമത ബാനര്‍ജി അഴിച്ചുവിട്ടു. തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായി.

deshabhimani 230413

No comments:

Post a Comment