Tuesday, April 23, 2013

ഷിബു, മോഡി, ഉമ്മന്‍ചാണ്ടി


കുരുടന്‍ ആനയെക്കണ്ടതുപോലെയാണ് ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ ദര്‍ശിച്ചതെന്ന് അനന്തര സംഭവങ്ങള്‍ വിളിച്ചു പറയുന്നു. യുഡിഎഫിന്റെ മനഃസാക്ഷി സൂക്ഷിപ്പുചുമതല നൂറു ശതമാനം ഏറ്റെടുത്ത മാധ്യമം മലയാള മനോരമ ആണെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. മാതൃഭൂമിക്ക് അത്യപൂര്‍വമായെങ്കിലും സ്വരഭേദം വന്നുപോകാറുണ്ട്. ഏപ്രില്‍ 21ലെ മനോരമയുടെ പ്രധാന വാര്‍ത്ത ഇങ്ങനെ- "ഷിബു-മോഡി കൂടിക്കാഴ്ച വിവാദമായി, തെറ്റിപ്പോയി- ഷിബു" എന്നാണ്. വാര്‍ത്ത തുടരുന്നു. "വിവാദം ഉയരുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനത്തിനെതിരായി പ്രതികരിക്കുകയും ചെയ്തതോടെ ഷിബു നിലപാട് മാറ്റി. മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്ന വീണ്ടുവിചാരമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു". മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്ന് ഷിബു സ്വയം സമ്മതിക്കുകയും അതേ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ഞങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടുത്ത ദിവസം ലജ്ജാവിഹീനനായി മലക്കംമറിഞ്ഞത് കൂടുതല്‍ ആഴത്തിലുള്ള പ്രതികരണത്തിനു ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. മനോരമ മുഖ്യമന്ത്രിയുടെ അടുത്ത പ്രതികരണം ഒന്നാംപേജിലല്ല നല്‍കിയത്. "മോഡിയെ കണ്ടതില്‍ തെറ്റില്ല: ഉമ്മന്‍ചാണ്ടി" എന്നാണ് ഒമ്പതാം പേജില്‍ ആ പത്രം നല്‍കിയ വാര്‍ത്ത. ഇതാണ് ഉമ്മന്‍ചാണ്ടിയുടെ മാറിമാറിവരുന്ന നിലപാട്.

മോഡി- ഷിബു കൂടിക്കാഴ്ചയെപ്പറ്റി ബിജെപി നേതാവ് മുരളീധരന്റെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്ത് നല്‍കിയത് അര്‍ത്ഥവത്താണ്. മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരും ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചുകൊണ്ട് പരസ്യമായി പറഞ്ഞിരിക്കുന്നു. ബിജെപി നേതാവ് മുരളീധരന്‍ അല്‍പ്പംകൂടി കടന്ന് പിണറായി വിജയനെ വിമര്‍ശിക്കാനും ഈ അവസരം വിനിയോഗിച്ചു. ഒരേ തൂവല്‍പക്ഷികള്‍ ഒത്തുചേരുന്ന കാഴ്ച രസകരംതന്നെയാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ചിത്രം പൂര്‍ണമാകുന്നത്. നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനവും വേറിട്ട കാഴ്ചയല്ല. യുഡിഎഫിനെ നയിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയാണോ, രമേശ് ചെന്നിത്തലയാണോ എന്ന വിവാദ വിഷയത്തിലേക്ക് ഞങ്ങളിപ്പോള്‍ പ്രവേശിക്കുന്നില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ് ജനങ്ങള്‍ക്കറിയേണ്ടത്.

നരേന്ദ്രമോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന രാഷ്ട്രീയ നേതാവുകൂടിയാണ്. അതോടൊപ്പം രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ നേതൃനിരയിലെ ഒന്നാമനാണ്. ആര്‍എസ്എസ്, ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടനയാണ്. മഹാത്മാഗാന്ധിയെ വധിച്ചതോടെ അവരുടെ തനിനിറം ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞതുമാണ്. 1948 ഫെബ്രുവരി നാലിന് ആര്‍എസ്എസിനെ നിരോധിക്കാനുള്ള കാരണങ്ങളെപ്പറ്റിയുള്ള വിജ്ഞാപനത്തില്‍ ഇങ്ങനെ പറയുന്നു: ""സംഘിന്റെ അംഗങ്ങള്‍ അനഭികാമ്യവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യക്തിഗതമായി അംഗങ്ങള്‍ കൊള്ളയും കൊള്ളിവയ്പും കൊലപാതകവും നിയമവിരുദ്ധമായി ആയുധങ്ങളും പടക്കോപ്പുകളും സമാഹരിക്കലുള്‍പ്പെടെ നിരവധി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്."" ആര്‍എസ്എസ് ആറരപതിറ്റാണ്ടിനുശേഷവും അതിന്റെ വിശ്വാസപ്രമാണത്തിലോ, പ്രവര്‍ത്തനശൈലിയിലോ അടിസ്ഥാനപരമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയും മനുസ്മൃതിയും അവരുടെ വേദഗ്രന്ഥങ്ങളാണ്. ഹിറ്റ്ലറും മുസ്സോളിനിയും ഫാസിസവും നാസിസവുമൊക്കെയാണ് അവര്‍ക്ക് ഉത്തമമാതൃക. രാജ്യത്തിന്റെ ഫലഭാഗങ്ങളിലും നടന്ന സ്ഫോടനങ്ങളിലും കൊലപാതകങ്ങളിലും ഹിന്ദുത്വശക്തികളുടെ പങ്കാളിത്തം മറനീക്കി പുറത്തുവന്നതാണ്. അത്തരം ഒരു സംഘത്തിന്റെ നേതാവുകൂടിയായ മോഡിയുടെ പ്രവര്‍ത്തനം മാതൃകയാക്കി കേരളത്തില്‍ പകര്‍ത്താനാണുപോലും ഷിബു മോഡിയെ കണ്ടത്.

അതേ നരേന്ദ്രമോഡിയെ ശിവഗിരിയില്‍ ക്ഷണിച്ചുകൊണ്ടുവന്ന് ആദരിക്കുന്നതില്‍ തെറ്റു കാണാത്തവരുടെ കൂട്ടത്തിലാണ് കെപിസിസി നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. എന്‍എസ്എസും എസ്എന്‍ഡിപിയും ഇപ്പോള്‍ ഒരേസ്വരത്തില്‍ പറയുന്നതും ഹിന്ദു ഏകീകരണമാണ്. മുസ്ലിം ഏകീകരണവും ക്രിസ്ത്യന്‍ ഏകീകരണവും ഇതോടൊപ്പം ശക്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കേരളത്തെ വീണ്ടും മതവൈരത്തിന്റെയും സംഘട്ടനത്തിന്റെയും നാടാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതി ചോദിക്കരുത്-വിചാരിക്കരുത്-പറയരുത് തുടങ്ങിയ ശ്രീനാരായണ ഗുരുവിന്റെ അതിമഹത്തായ സന്ദേശങ്ങളും, ഇന്ത്യ ഹിന്ദുക്കളുടേതാണ്-ഹിന്ദുകളുടേത് മാത്രമാണ് എന്ന് വിശ്വസിക്കുന്ന നരേന്ദ്രമോഡിയും തമ്മിലുള്ള അന്തരം നന്നായറിയുന്നതുകൊണ്ടാണ് മോഡിക്ക് ശിവഗിരിയില്‍ സ്ഥാനമില്ലെന്ന് തിരിച്ചറിവോടെ പറയുന്നത്.

ബൈബിളും ഖുറാനും ഭഗവത്ഗീതയും പ്രാര്‍ഥനാവേളയില്‍ പാരായണംചെയ്ത് മതസൗഹാര്‍ദത്തിന്റെ മാതൃക കാണിച്ച ഗാന്ധിയുടെ ശിഷ്യന്മാരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ക്കെങ്ങനെ ശ്രീനാരായണ ഗുരുവിനോടൊപ്പം മോഡിയെ ആദരിക്കാന്‍ കഴിയും. "ഞാന്‍ പള്ളിയില്‍പ്പോയി കുരിശിനുമുമ്പില്‍ മുട്ടുകുത്തും, മുസ്ലിംപള്ളിയില്‍ പോയി നിസ്കരിക്കും, വനാന്തരങ്ങളില്‍ സന്യാസിമാരോടൊപ്പം ധ്യാനനിരതനായി ദീര്‍ഘനേരം ചിലവഴിക്കും" എന്ന് ഉദ്ഘോഷിച്ച സ്വാമി വിവേകാനന്ദനും മോഡിയും തമ്മില്‍ എവിടെയാണ് ഒത്തുചേരുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം നിലനിര്‍ത്തുകയും അധികാരം അഴിമതിക്ക് ഉപകരണമാക്കുകയും ചെയ്യുകമാത്രമാണ് ലക്ഷ്യമെങ്കില്‍ തരംപോലെ ആരുമായും അവസരവാദപരമായി കൂട്ടുചേരാം. അത് തിരിച്ചറിയാനുള്ള വിവേകവും കഴിവും കേരള സമൂഹത്തിനുണ്ടെന്ന് ബേപ്പൂരും വടകരയും തെളിയിച്ചതാണെന്ന് ഓര്‍ക്കുന്നത് നല്ലതാണന്നേ പറയാനുള്ളൂ.

deshabhimani editorial 240413

No comments:

Post a Comment