Wednesday, April 24, 2013

പഞ്ചായത്ത്രാജ്: കേരളം താഴോട്ട്


ത്രിതലപഞ്ചായത്തുകളുടെ പ്രവര്‍ത്തനമികവില്‍ കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് മഹാരാഷ്ട്ര അര്‍ഹമായി. കര്‍ണാടകത്തിനാണ് രണ്ടാംസ്ഥാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുവര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാംസ്ഥാനം നേടിയിരുന്നു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പുറത്തിറക്കുന്ന 2012-13ലെ അധികാരവികേന്ദ്രീകരണ സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഞ്ചായത്ത് രാജ് ദിനമായ ബുധനാഴ്ച മന്ത്രി കിഷോര്‍ ചന്ദ്രദേവ് റിപ്പോര്‍ട്ട് പുറത്തിറക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കേരളമില്ല. കര്‍ണാടകത്തിനാണ് ഒന്നാംസ്ഥാനം. മഹാരാഷ്ട്ര രണ്ടും രാജസ്ഥാന്‍ മൂന്നും സ്ഥാനം നേടി. പഞ്ചായത്തുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ മഹാരാഷ്ട്ര ഒന്നാമതും കര്‍ണാടകം രണ്ടാമതുമെത്തി. ഉദ്യോഗസ്ഥവിന്യാസത്തില്‍ മഹാരാഷ്ട്ര ആദ്യസ്ഥാനം നേടിയപ്പോള്‍ കേരളത്തിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മുന്‍വര്‍ഷങ്ങളില്‍ ഈ മൂന്ന് മേഖലയിലും കേരളം മുന്‍പന്തിയിലായിരുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ താമസവും പഞ്ചവത്സരപദ്ധതിക്കുള്ള മാനദണ്ഡങ്ങള്‍ രൂപീകരിച്ചതിലെ പാളിച്ചകളുമാണ് കേരളം പിന്തള്ളപ്പെടാന്‍ കാരണം. ജില്ലാ ആസൂത്രണസമിതികളെ ദുര്‍ബലമാക്കിയതും തിരിച്ചടിയായി. യുഡിഎഫ് സര്‍ക്കാര്‍ തദ്ദേശവകുപ്പിന്റെ വെട്ടിമുറിക്കല്‍ നടപ്പാക്കിയതിനെതുടര്‍ന്ന് 2011-12 സാമ്പത്തികവര്‍ഷം കേരളം രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

deshabhimani 240413

No comments:

Post a Comment