കര്‍ഷക ആനുകൂല്യങ്ങളും ഇളവുകളും ബാങ്ക് വഴിയാക്കിയത് കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ വലച്ചു. ഇതേത്തുടര്‍ന്ന് ഉല്‍പ്പാദനം 30 ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും കിട്ടിയിരുന്ന ഇളവുകള്‍ ഏപ്രില്‍ അവസാനമായിട്ടും കിട്ടിയിട്ടില്ല. കുട്ടനാട്ടില്‍ പുഞ്ചകൃഷി നടക്കുന്ന 30000 ഹെക്ടറിലെ ഉല്‍പ്പാദനം മാത്രം 50,000 ടണ്‍ കുറഞ്ഞു. മുന്‍ വര്‍ഷം 1.5 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനമെങ്കില്‍ ഇത്തവണ ഒരു ലക്ഷം ടണ്‍ പോലും എത്തില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ പുഞ്ചകൃഷിക്ക് ഹെക്ടറില്‍ അഞ്ചും അഞ്ചരയും ടണ്‍ നെല്ല് ലഭിച്ചപ്പോള്‍ ഇക്കുറി മൂന്ന്, മൂന്നര ടണ്ണായി താഴ്ന്നുവെന്ന് പ്രിന്‍സപ്പല്‍ കൃഷിഓഫീസര്‍ കെ കെ ശോഭന പറഞ്ഞു.
വളം വില മൂന്നിരട്ടിയായതും മുഴുവന്‍ വില കൊടുത്ത് വാങ്ങേണ്ടിവന്നതും മൂലം കര്‍ഷകര്‍ വളപ്രയോഗത്തിന്റെ അളവ് പാതിയാക്കി. ചൂട് കനത്തതോടെ ഉല്‍പ്പാദനം 30 ശതമാനം താഴ്ന്നു. ഇളവുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതിന് മുമ്പ് പാടശേഖരസമിതി നല്‍കുന്ന പെര്‍മിറ്റ് സഹകരണ ബാങ്കുകളില്‍ നല്‍കിയാല്‍ വളത്തിന് കര്‍ഷകന്‍ ഇളവ് കഴിഞ്ഞുള്ള പണം നല്‍കിയാല്‍ മതിയായിരുന്നു. ഒരു ഹെക്ടറിലെ പുഞ്ചകൃഷിക്ക് മാത്രം 7500 രൂപയുടെ വളം ഇടണം. നീറ്റുകക്ക വേറെ. മുന്‍ കാലങ്ങളില്‍ ഇളവ് കഴിഞ്ഞ് 4000 രൂപയോളം മുടക്കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇളവുകള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ആക്കിയതോടെ പാടശേഖരസമിതിയുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും ഇടപെടലിനുള്ള സാധ്യത കുറഞ്ഞു. മൂന്നും നാലും ഹെക്ടറില്‍ കൃഷിചെയ്യുന്നവര്‍ക്ക് 30,000 രൂപ ഒറ്റയടിക്ക് മുടക്കേണ്ടിവന്നു. ഇത്രയും തുക ഒന്നിച്ചെടുക്കാന്‍ ഇല്ലാത്തതിനാല്‍ പല കര്‍ഷകരും വളത്തിന്റെ അളവ് കുറച്ചു.
ചൂടു കൂടിയാല്‍ പുളിയിളക്കം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പതിവാണ്. ഇതിന് ഇടുന്ന നീറ്റുകക്കയുടെ അളവും കര്‍ഷകര്‍ കുറച്ചതോടെ നെല്ല് കരിഞ്ഞു. ബാങ്ക് വഴിയാക്കിയതോടെ ഇളവുകള്‍ കിട്ടാനും താമസമുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ചിന് മുമ്പ് കര്‍ഷകരുടെ ഇളവുകള്‍ കൃഷിഭവനുകളിലൂടെ പാടശേഖരസമിതിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇക്കുറി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടിടാന്‍ ബാങ്കിന് ഈ തുക കൈമാറി. ഇളവുകള്‍ ഒരോ കര്‍ഷകന്റെയും അക്കൗണ്ടുകളിലേക്ക് ഇടുന്നതിനുള്ള സാങ്കേതിക തടസമാണ് കാലതാമസമുണ്ടാക്കിയത്. ഫലത്തില്‍ പണം കര്‍ഷകന്റെ കൈയില്‍ എത്തിയില്ല. സിവില്‍സപ്ലൈസിന് നല്‍കിയ നെല്ലിന്റെ പണവും അനുവദിച്ചിട്ടില്ല. ഇതുമൂലം കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ പലിശ നല്‍കി മുടിയുകയാണ്. പുതിയ നടപടി മൂലം പാട്ടകൃഷിക്കാരും പ്രതിസന്ധിയിലാണ്. കുട്ടനാട്ടിലെ കര്‍ഷകരില്‍ 40 ശതമാനവും പാട്ടകൃഷിക്കാരാണ്. ഇവര്‍ നിലം ഉടമയില്‍ നിന്ന് കരമടച്ച രസീത് വാങ്ങി നല്‍കിയാല്‍ മാത്രമേ സബ്സിഡി അനുവദിക്കു. പല ഉടമകളും രസീത് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ അക്കൗണ്ട് തുറക്കാനായില്ല.
(ഡി ദിലീപ്)
deshabhimani
No comments:
Post a Comment