Thursday, April 25, 2013

മോഡിയെ ക്ഷണിച്ചതിനുപിന്നില്‍ സാമ്പത്തികതാല്‍പ്പര്യം: ആര്‍ ബി ശ്രീകുമാര്‍


മോഡിസന്ദര്‍ശനത്തിനെതിരെ മതേതര സംരക്ഷണ കൂട്ടായ്മ

തിരു: നരേന്ദ്രമോഡി ശിവഗിരിയില്‍ വരുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ മതേതരസംരക്ഷണ കൂട്ടായ്മയും ഗുരുദേവനെക്കുറിച്ചുള്ള 1000 പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കലാപസമയത്ത് ഗുജറാത്തില്‍ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ കൂട്ടായ്മയെ അഭിസംബോധനചെയ്തു. ജില്ലാ പ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. കൂട്ടായ്മയില്‍ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, ബി സത്യന്‍ എംഎല്‍എ, വി ശിവന്‍കുട്ടി എംഎല്‍എ, വി കെ മധു, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മോഡിയെ ക്ഷണിച്ചതിനുപിന്നില്‍ സാമ്പത്തികതാല്‍പ്പര്യം: ആര്‍ ബി ശ്രീകുമാര്‍

തിരു: നരേന്ദ്രമോഡിയെ ക്ഷണിച്ചതിനുപിന്നില്‍ ഗിവഗിരി മഠത്തിലെ ചിലരുടെ സാമ്പത്തിക-വാണിജ്യ താല്‍പ്പര്യമാണുള്ളതെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. ഇന്റലിന്‍സ് വിഭാഗത്തില്‍നിന്നു ലഭിച്ച രഹസ്യവിവരമാണ് താന്‍ പരസ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡി ശിവഗിരിയില്‍ കാലുകുത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടറിയറ്റിനുമുന്നില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര സംരക്ഷണ കൂട്ടായ്മയെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരി മഠത്തിലെ ചിലര്‍ക്ക് ഇപ്പോള്‍ത്തന്നെ സാമ്പത്തികനേട്ടം ലഭിക്കുന്നുണ്ട്. 12 വര്‍ഷം താന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. അവിടത്തെ സുഹൃത്തുക്കള്‍ കൈമാറിയ രഹസ്യവിവരമാണിത്. മോഡിയുടെ ശിവഗിരി സന്ദര്‍ശനം ഗുരുവിന്റെ ആദര്‍ശം ചവിട്ടി മെതിക്കുന്ന നടപടിയാണ്. ചിലരുടെ സാമ്പത്തികനേട്ടത്തിനു വേണ്ടി ഹിന്ദു വര്‍ഗീയവാദികളുടെ പടക്കുതിരയായ മോഡിയെ ക്ഷണിച്ചുവരുത്തിയത് കേരളത്തിനാകെ അപമാനമാണ്. ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് കൂട്ടുനില്‍ക്കാത്ത ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ പീഡിപ്പിച്ചു. കലാപത്തില്‍ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് താന്‍ കമീഷന് സമര്‍പ്പിട്ടുണ്ട്. എന്നാല്‍, അത് വസ്തുനിഷ്ഠമായതിനാല്‍ ഒരു നിയമനടപടിപോലും തനിക്കെതിരെയുണ്ടായില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

മോഡിയെ കയറ്റിയത് ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍: കോടിയേരി

വെഞ്ഞാറമൂട്: മതേതരത്വത്തിന്റെ പ്രതീകമായ ശിവഗിരിയില്‍ മോഡിയെ കയറ്റിയത് ശിവഗിരിയെ ഹിന്ദുമഠമാക്കാനുള്ള ഗൂഢനീക്കമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച് വെഞ്ഞാറമൂട്ടില്‍ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതാതീതമായ ആത്മീയത ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരു ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ വക്താവായിരുന്നില്ല. ഇന്ത്യയില്‍ ഹിന്ദുമതം മതി, ഹിന്ദുമതത്തില്‍മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂ എന്ന് പറയുന്ന മോഡിയെ ശിവഗിരിയില്‍ കയറ്റിയതിനു പിന്നില്‍ ശിവഗിരിയുടെ മതേതരമുഖം തകര്‍ക്കുന്ന ചിലരുടെ ഇടപെടലാണുള്ളത്. എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശിവഗിരി പിടിച്ചെടുക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങളെ പൊലീസിനെ ഉപയോഗിച്ച് സഹായിക്കുകയാണ് ചെ്യതത്. ഇന്ന് ഉമ്മന്‍ചാണ്ടി ചെയ്യുന്നതും ഇതുതന്നെയാണ്. മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരളത്തില്‍ ആര്‍എസ്എസുമായി കോണ്‍ഗ്രസ് സ്വീകരിക്കുന്ന സൗഹാര്‍ദബന്ധത്തിന്റെ ഉദാഹരണമാണീ കൂടിക്കാഴ്ച. എല്‍ഡിഎഫ് മാറി യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കേരളത്തിലെ കാര്‍ഷികമേഖല ആകെ തകര്‍ന്നു. കുടിവെള്ളത്തെപ്പോലും വില്‍പ്പനച്ചരക്കാക്കി. വാട്ടര്‍ അതോറിറ്റിയില്‍നിന്ന് കുടിവെള്ള വിതരണച്ചുമതല സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. നദിയിലെ വെള്ളംപോലും കര്‍ഷകന് കൃഷിചെയ്യാന്‍ കിട്ടാതെ വരുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോഡിയുടെ ശിവഗിരി സന്ദര്‍ശനം: അഭിപ്രായം പറയില്ലെന്ന് മുഖ്യമന്ത്രി

തിരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനത്തെപ്പറ്റി അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ശിവഗിരിപോലൊരു സ്ഥലത്ത് നരേന്ദ്രമോഡിയെപ്പോലെ ഒരാള്‍ വരുന്നത് ശരിയാണോയെന്ന ചോദ്യത്തിന് വ്യക്തമായ പ്രതികരണമുണ്ടായില്ല. ആരു വന്നാലും ശിവഗിരിയുടെ പ്രസക്തിയും പ്രാധാന്യവും കുറയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ആവര്‍ത്തിച്ച് ചോദിച്ചിട്ടും മോഡിയുടെ വരവിനെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ല. ശിവഗിരിമഠം ഹിന്ദുമഠമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഡിയുടെ സന്ദര്‍ശനമെന്നത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായമാണ്. ശിവഗിരിയുടെ പ്രാധാന്യവും ഗുരുദര്‍ശനത്തിന്റെ പ്രസക്തിയും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. ആരെങ്കിലും വിചാരിച്ചാല്‍ ശിവഗിരിയെ വര്‍ഗീയവല്‍ക്കാരിക്കാനാകുമെന്നു വിശ്വസിക്കുന്നില്ല. മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ കാണാന്‍ പോയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഗുജറാത്ത് മോഡലിനെക്കുറിച്ച് പറഞ്ഞതില്‍മാത്രമാണ് അഭിപ്രായവ്യത്യാസം. മന്ത്രിമാര്‍ ഇന്ത്യ വിട്ടുപോകുമ്പോഴേ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതുള്ളൂ. ഇതുസംബന്ധിച്ച തന്റെ അഭിപ്രായങ്ങളില്‍ അവ്യക്തതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ ബംഗളൂരുവില്‍, പ്രതിരോധമന്ത്രി എ കെ ആന്റണി മോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്ത് ബിജെപിക്കെതിരെ വിമര്‍ശം ഉയര്‍ത്തുന്ന സമയത്തായിരുന്നു വാര്‍ത്താലേഖകരുടെ ചോദ്യം.

deshabhimani 250413

No comments:

Post a Comment