Wednesday, April 24, 2013
കൊച്ചിയില്‍ വിതരണം ചെയ്യുന്ന ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തി
നഗരത്തില്‍ ജ്യൂസ് കടകളിലും ബാറുകളിലും വിതരണം ചെയ്യുന്ന ഐസില്‍ അമോണിയയും ഫോര്‍മലിനും അടക്കമുള്ള മാരക രാസവസ്തുക്കള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ നാല് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഐസ് പ്ലാന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേണായിയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മൈത്രി ഐസ് പ്ലാന്റും ഇതില്‍ ഉള്‍പ്പെടും. തോപ്പുംപടിയിലുള്ള സരോമ, സിംല, പെരുമ്പാവൂരിലുള്ള ശ്രീ വെങ്കിടേശ്വര എന്നിവയുമാണ് ബുധനാഴ്ച അടച്ചു പൂട്ടിയത്.
മൃതദേഹം കേടാകാതിരിക്കാനാണ് ഫോര്‍മലിന്‍ പൊതുവേ ഉപയോഗിക്കുന്നത്. ഫോര്‍മലിന്‍ അടങ്ങിയ ഐസ് മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനാണ് പൊതുവേ പ്രയോജനപ്പെടുത്തുന്നത്. അമോണിയ ചേര്‍ക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഐസ് ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ഐസ് പെട്ടെന്ന് അലിഞ്ഞു പോവുകയുമില്ല. ഇത്തരത്തിലുള്ള ഐസാണ് കുലുക്കി സര്‍ബ്ബത്ത് പോലെയുള്ള പാനീയങ്ങളിലും മറ്റ് ജ്യൂസുകളിലും ഉപയോഗിക്കുന്നത്.
രണ്ട് രാസസ്തുക്കളും ശരീരത്തിനുള്ളില്‍ ചെല്ലുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷടിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ജേക്കബ് തോമസ്, ശശികുമാര്‍, ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നു ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഈ മാസം നാലിന് ജില്ലയിലെ വിവിധ ഐസ് പ്ലാന്റുകളില്‍ നിന്നായി 24 സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
deshabhimani 250413
Subscribe to:
Post Comments (Atom)
No comments:
Post a Comment