Thursday, April 25, 2013

ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ ഇംഗ്ലീഷ് മീഡിയമാക്കുന്നു


സംസ്ഥാനത്തെ ടെക്നിക്കല്‍ ഹൈസ്കൂളുകളെല്ലാം ഈ അധ്യയനവര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. മലയാള മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തീരുമാനം വെല്ലുവിളിയാകും. ആദ്യഘട്ടത്തില്‍ എട്ടാംക്ലാസില്‍ മാത്രമാണ് പരിഷ്കാരം നടപ്പാക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഇത് ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്ത് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റിന് കീഴില്‍ 39 ഹൈസ്കൂളുകളാണുള്ളത്. ഇവയെല്ലാം മലയാളം മീഡിയങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ വൊക്കേഷണല്‍ എഡ്യുക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ (എന്‍വിഇക്യുഎഫ്) ചുവടുപിടിച്ചാണ് പരിഷ്കാരം നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ടെക്നിക്കല്‍ സ്കൂള്‍ ആരംഭിച്ച കാലയളവില്‍ ഇംഗ്ലീഷായിരുന്നു ബോധന മാധ്യമം. ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നാണ് ഇവ അറിയപ്പെട്ടത്. പിന്നീടാണ് ബോധന മാധ്യമം മലയാളമാക്കിയത്. സംസ്ഥാനത്ത് ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് സ്കൂളുകളും ഇംഗ്ലീഷ് മീഡിയങ്ങളാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ടെക്നിക്കല്‍ സ്കൂള്‍ അക്കാദമിക് ഗുണനിലവാര കമ്മിറ്റി ഇംഗ്ലീഷ് മീഡിയം ആരംഭിക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ പരിഷ്കാരമനുസരിച്ച് ഏഴാംതരം വരെ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക് എട്ടാം ക്ലാസില്‍ ഇംഗ്ലീഷില്‍ പഠിക്കേണ്ടിവരും. ഇത് മലയാളം മീഡിയം വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. രക്ഷിതാക്കള്‍ക്കും പിടിഎ ഭാരവാഹികള്‍ക്കും ഇതിനകം ബോധവല്‍ക്കരണ ക്ലാസ് നല്‍കി. അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നുണ്ട്.

പൊതുവിദ്യാലയങ്ങളിലെ ബയോളജി, ഹിന്ദി ഒഴികെ എല്ലാ വിഷയങ്ങളും ടെക്നിക്കല്‍ സ്കൂളില്‍ പഠിക്കണം. ഇതിന് പുറമെയാണ് സാങ്കേതിക വിഷയങ്ങള്‍. ഒന്നാം വര്‍ഷം അടിസ്ഥാന സാങ്കേതിക പരിശീലനവും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ഇഷ്ടപ്പെട്ട ട്രേഡില്‍ വിശേഷ പരിശീലനവും നല്‍കും. ടെക്നിക്കല്‍ സ്കൂളില്‍നിന്നും എസ്എസ്എല്‍സി പാസാകുന്നവര്‍ക്ക് സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ 10 ശതമാനം സംവരണമുണ്ട്. പോളി പഠനത്തിനിടയില്‍ ഇവര്‍ക്ക് എന്‍ജിനിയറിങ് എന്‍ട്രന്‍സും എഴുതാം. ഇത്തരത്തില്‍ ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭാഷ തടസ്സമാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂളുകളെ വ്യവസായശാലകളുമായി ബന്ധിപ്പിച്ച് പ്രായോഗിക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. പ്രത്യേക പരീക്ഷ നടത്തിയാണ് ടെക്നിക്കല്‍ സ്കൂളില്‍ എട്ടാംക്ലാസ് പ്രവേശനം. ഇത് ഇത്തവണയും ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ അവസരമുണ്ടാകും. ഏഴാംക്ലാസ് ജയിച്ച, 2013 ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.cdcentre.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ മെയ് ആറിനകം സമര്‍പ്പിക്കണം.

deshabhimani 250413

2 comments:

  1. കേരള സർക്കാർ അടിയത്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം .താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കാതെ പിന്നെ എങ്ങനെ പുതു തലമുറ സംസ്ഥാനത്തെ ആളുകളുമായി ഇടപഴകും എന്നിട്ട് വിദേശത്തെക്ക് പറന്നു മാതൃ രാജ്യത്തെ വികസനമില്ലയ്മ കുറ്റം പറഞ്ഞു കൊണ്ടിരിക്കും ....എല്ലാ വികസിത രാജ്യങ്ങളിലും അവരുടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നത് മാതൃഭാഷഭാഷകളിലൂടെയാണ്. ലോകം മുഴുവനുമുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും പ്രോത്സാഹിക്കപ്പെടുന്നു. മാതൃഭാഷ യിൽ വിദ്യാഭ്യാസവും ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി കൊണ്ട് മാത്രമേ ഇന്ത്യ രക്ഷപെടു .

    ReplyDelete
  2. ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും.മാതൃഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ജീവിതനിലവാരസൂചികയില്‍ പിറകില്‍നില്‍ക്കുന്നത് . രണ്ടു നൂറ്റാണ്ടോളം ഫ്രഞ്ച് ആധിപത്യത്തിന് കീഴിലായിരുന്ന ഇംഗ്ലണ്ടു കോടതികളിലെ ഭരണഭാഷ ഫ്രഞ്ചും ലാറ്റിനുമായിരുന്നു. ഇത് സാധാരണക്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷാക്കി മാറ്റാന്‍ അവര്‍ക്ക് സമരം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് അല്ലാത്ത ഭാഷ കോടതിയില്‍ സംസാരിക്കുന്നവര്‍ക്ക് അന്‍പത് പവന്‍ പിഴ ചുമത്തുന്ന നിയമം 1731-ല്‍ ജോര്‍ജ് രണ്ടാമന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് അവിടുത്തെ കോടതികളില്‍ മാതൃഭാഷ നടപ്പിലായത്.
    http://www.deshabhimani.com/periodicalContent1.php?id=958

    ReplyDelete