കല്‍ക്കരി അഴിമതിയും ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ച ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്ന പ്രശ്നവും ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ നടപടികള്‍ തടസപ്പെട്ടു. ജെപിസി ചെയര്‍മാന്‍ പി സി ചാക്കോക്കെതിരെ ഡിഎംകെ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ചാക്കോയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ഇടതുപക്ഷവും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയയെും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്നതിനു മുമ്പ് ചോര്‍ത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു.
കല്‍ക്കരി അഴിമതി സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ബിജെപി അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിര്‍ത്തിവെച്ചത്. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കണമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. നേരത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സഭ 2 വരെ നിര്‍ത്തി. സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി.
തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം യുപിഎ സര്‍ക്കാരിന് കടുത്ത പരീക്ഷണമാകുമെന്ന് വ്യക്തമായി. ജെപിസി റിപ്പോര്‍ട്ടില്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനെതിരെയും പ്രതിപക്ഷരോഷം ഉയരും. കരട് റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പേര് ഉള്‍പ്പെടുത്തിയത് ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ നേതൃത്വത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്‍ ടെലികോം മന്ത്രി എ രാജയുടെ ഭീഷണിയും സര്‍ക്കാരിന് തലവേദനയാകും. കല്‍ക്കരി അഴിമതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട സിബിഐയുടെ റിപ്പോര്‍ട്ട് മയപ്പെടുത്താന്‍ നിയമമന്ത്രി അശ്വനികുമാര്‍ നേരിട്ട് ഇടപെട്ടെന്ന ആരോപണവും പ്രതിപക്ഷം ആയുധമാക്കും. അശ്വനികുമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയെ സര്‍ക്കാര്‍ ചട്ടുകമാക്കുന്നതും പാര്‍ലമെന്റിനെ ശബ്ദമുഖരിതമാക്കും.
എന്നാല്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷാവസാനം അഞ്ച് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കണ്ണുവച്ച് പ്രധാന നിയമനിര്‍മാണങ്ങള്‍ പാസാക്കാന്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം സര്‍ക്കാര്‍ ഉപയോഗിക്കും. 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്ലാണ് അതില്‍ പ്രധാനം. ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്ലാണ് മറ്റൊന്ന്. എന്നാല്‍, രണ്ട് ബില്ലിലെയും ഉള്ളടക്കത്തിനെതിരെ ഇടതുപക്ഷവും മറ്റും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ രാഷ്ട്രീയ സമവായം ഉണ്ടെന്ന പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന്റെ അവകാശവാദം ഇടതുപക്ഷം തള്ളിയിരുന്നു. നിരവധി ഭേദഗതികള്‍ കൊണ്ടുവരുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ അറിയിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുന്നതിന് ഭേദഗതി നിയമം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്ന പെന്‍ഷന്‍ഫണ്ട് റഗുലേറ്റര്‍ ആന്‍ഡ് ഡവലപ്മെന്റ് ബില്‍, അവധിവ്യാപാര നിയന്ത്രണ ഭേദഗതി നിയമം തുടങ്ങി പല സുപ്രധാന ബില്ലുകളും പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാറിന് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. പതിനാറ് പുതിയബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നാല് ബില്‍ ചര്‍ച്ചചെയ്ത് പാസാക്കാന്‍ ലക്ഷ്യമിടുന്നു. 35 ബില്ലാണ് സഭയുടെ പരിഗണനയിലുള്ളത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ രണ്ട് ബില്‍മാത്രമാണ് പാസാക്കാനായത്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും സഖ്യം വിട്ട സ്ഥിതിക്ക് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്.
deshabhimani
No comments:
Post a Comment