Monday, April 22, 2013

പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് രാജ്യമാകെ ഇനി ഒറ്റ കലണ്ടര്‍


എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തിന് രാജ്യമാകെ ഏകീകൃത അക്കാദമിക് കലണ്ടര്‍ വരുന്നു. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ഈ അധ്യയനവര്‍ഷംമുതല്‍ ഏകീകൃത കലണ്ടര്‍ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ഉത്തരവ് നല്‍കി. യൂണിവേഴ്സിറ്റികള്‍ ഇത് കോളേജുകള്‍ക്ക് അയച്ചു.

പ്രവേശനത്തിനുള്ള വിവിധ ഘട്ടങ്ങള്‍ പുനക്രമീകരിച്ചാണ് ഏകീകൃത കലണ്ടര്‍. പുതിയ ഉത്തരവനുസരിച്ച് മെയ് 31നകം പ്രവേശന പരീക്ഷ നടത്തണം. ഫലം ജൂണ്‍ അഞ്ചിനുമുമ്പ് പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് കൗണ്‍സലിങ്ങും അലോട്ട്മെന്റും ജൂണ്‍ 30 നകം പൂര്‍ത്തിയാക്കും. രണ്ടാം റൗണ്ട് കൗണ്‍സലിങ്ങും അലോട്ട്മെന്റും ജൂലൈ പത്തിനകവും അവസാന അലോട്ട്മെന്റും കൗണ്‍സലിങ്ങും ജൂലൈ ഇരുപതിനകവും പൂര്‍ത്തീകരിക്കണമെന്നാണ് ഏകീകൃത കലണ്ടറില്‍ പറഞ്ഞിരിക്കുന്നത്. ഇതിനുശേഷം വരുന്ന ഒഴിവുകളിലേക്ക് ജൂലൈ മുപ്പതിനകം പ്രവേശനം പൂര്‍ത്തീകരിക്കണം. പിന്നീട് ഒഴിവുവന്നാല്‍ ആഗസ്ത് 15 നകം പ്രവേശനം നല്‍കണം. ഇതിനുശേഷം പ്രവേശനം നല്‍കാന്‍ അനുവദിക്കില്ല. രാജ്യത്താകെ ആഗസ്ത് ഒന്നിന് ക്ലാസ് ആരംഭിക്കും.

കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനോ നിരസിക്കുന്നതിനോ എഐസിടിഇക്കുള്ള സമയപരിധി ഏപ്രില്‍ 10 ആയിരിക്കും. സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കും മെയ് 15 ആയിരിക്കും. എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, എച്ച്എംസിടി, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, എംബിഎ, പിജിഡിഎം, എംസിഎ എന്നീ കോഴ്സുകള്‍ക്കാണ് അക്കാദമിക് കലണ്ടര്‍ ബാധകം. ഓരോ സെമസ്റ്ററിനും അധ്യയനദിനം 90 ആയിരിക്കും. പരീക്ഷയുള്‍പ്പെടെയുള്ള ദിനമാണിത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകള്‍ ഓരോ വര്‍ഷവും ആഗസ്ത് ഒന്നിനു തുടങ്ങി നവംബര്‍ 30ന് അവസാനിക്കും. രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്ററുകള്‍ ജനുവരി ഒന്നിന് തുടങ്ങി ഏപ്രില്‍ 30ന് അവസാനിക്കും. കേരളത്തില്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഏപ്രില്‍ 22 നാണ്. പുതിയ അക്കാദമിക് കലണ്ടര്‍ നടപ്പാക്കുകയാണെങ്കില്‍ ഇത് നീളാനാണ് സാധ്യത. രാജ്യമാകെ സമയക്രമം ഏകീകരിച്ചാല്‍ കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് പ്രതീക്ഷ.
(പി പ്രശാന്ത്കുമാര്‍)

deshabhimani 220413

No comments:

Post a Comment