Monday, April 22, 2013

പ്രതിഷേധം പ്രധാനമന്ത്രിയുടെ വീടിനു മുന്നിലേക്കും

ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം

ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് മൃതപ്രായമാക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് ഡല്‍ഹിയില്‍നിന്ന് മറ്റൊരു കൂട്ട ബലാത്സംഗ വാര്‍ത്തകൂടി പുറത്തുവന്നു. ഒരുമാസം മുമ്പ് എട്ടു പേരുടെ പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒന്‍പത് ദിവസം തടങ്കലില്‍വച്ചാണ് കൂട്ട ബലാത്സംഗം ചെയ്തത്. പിന്നീട് വിട്ടയക്കപ്പെട്ട പെണ്‍കുട്ടി അഞ്ച് വയസ്സുകാരിയെ ബലാത്സംഗംചെയ്ത വാര്‍ത്ത ടിവിയില്‍ കണ്ടതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.

കിഴക്കന്‍ ഡല്‍ഹിയിലെ ഫര്‍ഷ് ബാസാറില്‍നിന്നാണ് 12 വയസ്സുള്ള സഹോദരനൊപ്പം പെണ്‍കുട്ടിയെ രണ്ടുപേര്‍ തട്ടിക്കൊണ്ടു പോയത്. നഗരപ്രാന്തത്തിലുള്ള ലോണി എന്ന സ്ഥലത്തുള്ള ഒരു വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മറ്റ് ആറുപേര്‍ കൂടി ചേര്‍ന്നായിരുന്നു പീഡനം. ഇവരെല്ലാം ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. സഹോദരനെ അടുത്ത ദിവസം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ്ചെയ്തുവെന്ന്പൊലീസ് അറിയിച്ചു. പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍,നടപടിയൊന്നുമുണ്ടായില്ല. മാര്‍ച്ച് 24ന് പെണ്‍കുട്ടി സ്വയം വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയശേഷം പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ബലാത്സംഗം സംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. കഴിഞ്ഞ ഡിസംബര്‍ 16ന് ജ്യോതിസിങ് എന്ന പെണ്‍കുട്ടി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ അരക്ഷിതാവസ്ഥക്കെതിരെ പ്രതിഷേധമിരമ്പുകയാണ്. ജ്യോതി സിങ്ങിന് സിംഗപ്പുര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. 2013 ല്‍ ഇതുവരെ ഡല്‍ഹി നഗരത്തില്‍മാത്രം 393 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്

പ്രതിഷേധം പ്രധാനമന്ത്രിയുടെ വീടിനു മുന്നിലേക്കും

ന്യൂഡല്‍ഹി: 80000 പൊലീസുകാരെ വിന്യസിച്ചിട്ടും ജനങ്ങളുടെ പ്രതിഷേധത്തിന് തടയിടാനായില്ല. പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികളുടെ വീടുകള്‍, ഇന്ത്യാഗേറ്റ്, വിജയ് ചൗക്ക്, കേന്ദ്ര സെക്രട്ടറിയറ്റ്, രാഷ്ട്രപതിഭവന്‍ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍, അതിനെയൊക്കെ മറികടന്ന് ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വീടിനുമുന്നിലും ഇന്ത്യാ ഗേറ്റിലുമെത്തി പ്രതിഷേധിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ഏഴാം നമ്പര്‍ റേസ്കോഴ്സ് റോഡിലേക്ക് പ്രതിഷേധമാര്‍ച്ച് എത്തിയത്. ഡല്‍ഹി പൊലീസ് കമീഷണര്‍ നീരജ്കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവരെ അറസ്റ്റ്ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്‍പഥിലെ വസതിയിലേക്ക് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചതിലും കേസ് ഒതുക്കാന്‍ പൊലീസ് കുട്ടിയുടെ അച്ഛന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിലുമുള്ള പ്രതിഷേധം ഡല്‍ഹിയെ ഇളക്കിമറിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഐടിഒയിലുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനമന്ദിരത്തിനു മുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. ചിലര്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇന്ത്യാ ഗേറ്റിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് വരുന്നെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കാനും പൊലീസ് ശ്രമിച്ചു. ഇത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ച് നടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെയും പൊലീസ് ബലം പ്രയോഗിച്ചു. ചിലരെ അറസ്റ്റ്ചെയ്ത് നീക്കി. അഞ്ച് വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടതു സംബന്ധിച്ച് പരാതി നല്‍കാനെത്തിയ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചതു സംബന്ധിച്ച് ഡല്‍ഹിയിലെ കുട്ടികളുടെ അവകാശ സംരക്ഷണ കമീഷന്‍ പൊലീസില്‍നിന്ന് വിശദീകരണം തേടി. കേസ് രജിസ്റ്റര്‍ചെയ്യാന്‍ വൈകിയതിനെക്കുറിച്ചും വിശദീകരണം തേടിയിട്ടുണ്ട്.

deshabhimani 220413

No comments:

Post a Comment