Monday, April 22, 2013

പ്രതികള്‍ വിദേശത്ത് കടന്നത് ലീഗ്-പൊലീസ് ഒത്താശയോടെ


തളിപ്പറമ്പ്: മുസ്ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറിയുടെയും സഹോദരന്റെയും ഇരുചക്രവാഹനം കത്തിച്ചവര്‍ വിദേശത്ത് കടന്നത് പൊലീസിന്റെയും ലീഗ് നേതൃത്വത്തിന്റെയും ഒത്താശയോടെയെന്ന് വ്യക്തമായി. പുഷ്പഗിരിയിലെ സജീവ മുസ്ലിംലീഗ്- യൂത്ത്ലീഗ് പ്രവര്‍ത്തകരായ സദാചാരം മുഹമ്മദലി, കൊക്ക താഹിര്‍ എന്നിവരാണ് ഗള്‍ഫിലേക്ക് കടന്നത്.

യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി പി കെ സുബൈറിന്റെ ബൈക്കും അനുജന്‍ അഷ്റഫിന്റെ സ്കൂട്ടറും നവംബര്‍ 24ന് അര്‍ധരാത്രിയാണ് കത്തിച്ചത്. കേസില്‍ യൂത്ത്ലീഗ് പുഷ്പഗിരി ശാഖാ സെക്രട്ടറി വടക്കാഞ്ചേരി മജീദിനെ പൊലീസ് ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞതോടെയാണ് മുസ്ലിംലീഗ് നേതൃത്വം സമര്‍ഥമായി പ്രതികളെ കടത്തിയത്. ആഗസ്ത് മൂന്നിന് തളിപ്പറമ്പ് സഹകരണാശുപത്രി ആക്രമണത്തിനുപുറമെ ഗുരുതരമായ മൂന്ന് കൊള്ള- കൊള്ളിവയ്പുകള്‍ നടത്തിയവരുടെ വിവരംപുറത്തുവന്നിട്ടുണ്ട്. സദാചാരക്കുറ്റം ആരോപിച്ച് സംഘം പിടികൂടിയ പി ഫൈസല്‍, സുഹൃത്ത് ഇഖ്ബാല്‍ എന്നിവരില്‍നിന്ന് കവര്‍ന്ന പണം പട്ടുവത്തെ ലീഗുകാരന് നല്‍കിയതായും പൊലീസിന് തെളിവ് ലഭിച്ചു. ഇതിലെല്ലാം രക്ഷപ്പെട്ടവരുടെ റോള്‍ ക്വട്ടേഷന്‍ മാത്രമാണെന്നത് വ്യക്തമാണ്. ആസൂത്രകരാരെന്ന് ഇവര്‍ വെളിപ്പെടുത്തിയാല്‍ ലീഗ് നേതൃത്വം വെട്ടിലാകും. അതൊഴിവാക്കാനാണ് തല്‍ക്കാലം ഇരുവരെയും ഗള്‍ഫിലേക്കയച്ചത്.

അന്വേഷണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസ്- ലീഗ് തിരക്കഥയനുസരിച്ചാണ് എല്ലാം നടന്നത്. പൊലീസ് നിര്‍ദേശപ്രകാരം തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരായ മജീദിനെ രണ്ടുദിവസവും ചോദ്യംചെയ്യലിനുശേഷം വൈകിട്ട് വിട്ടയച്ചു. അങ്ങനെ വിവരം ലഭിച്ചതോടെയാണ് സദാചാരം മുഹമ്മദലി, കൊക്ക താഹിര്‍ എന്നിവര്‍ രക്ഷപ്പെട്ടത്. കസ്റ്റഡിയും ചോദ്യംചെയ്യലും രഹസ്യമായിരുന്നെങ്കില്‍ തളിപ്പറമ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷത്തിന്റെ ആസൂത്രകര്‍ ആരെന്ന് വെളിപ്പെടുമായിരുന്നു. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ഇപ്പോഴും ശ്രമിക്കുന്നത്. കേസില്‍ പ്രതിയാക്കാത്തതിനാല്‍ ഇരുവരെയും വിദേശത്തുനിന്ന് കൊണ്ടുവരാനാകില്ലെന്ന പൊലീസ് നിലപാട് ഇതിന്റെ സൂചനയാണ്.

deshabhimani 220413

No comments:

Post a Comment