Thursday, April 4, 2013

ചെങ്കൊടി വാനില്‍; സമ്മേളനം ഇന്നു തുടങ്ങും

കണ്ണൂര്‍: സമര-സഹനങ്ങളുടെ ചുവന്ന മണ്ണില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പുതിയ കുതിപ്പിനുള്ള ആവേശം ജനസഹസ്രങ്ങളില്‍നിന്ന് ഏറ്റുവാങ്ങി സിഐടിയു പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. പൊതുസമ്മേളന വേദിയായ സി കണ്ണന്‍ നഗറില്‍ (മുനിസിപ്പല്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണനാണ് ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ബുധനാഴ്ച സന്ധ്യക്ക് ചെങ്കൊടി ഉയര്‍ത്തിയത്.

അഞ്ചുനാള്‍ നീളുന്ന സമ്മേളനം വ്യാഴാഴ്ച രാവിലെ ആരംഭിക്കും. പുന്നപ്ര- വയലാറിന്റെയും കയ്യൂരിന്റെയും തില്ലങ്കേരിയടക്കം കണ്ണൂര്‍ ജില്ലയിലെ അസംഖ്യം രണഭൂമികളുടെയും ഇരമ്പുന്ന സ്മരണകളുമായെത്തിയ പതാക- കൊടിമര- ദീപശിഖ ജാഥകള്‍ വൈകിട്ട് ഏഴോടെ കണ്ണൂര്‍ എ കെ ജി സ്ക്വയറില്‍ സംഗമിച്ചു. തുടര്‍ന്ന് ബാന്‍ഡ്സംഘത്തിന്റെയും വാദ്യമേളങ്ങളുടെയും നൂറുകണക്കിന് അത്ലിറ്റുകളുടെയും അകമ്പടിയോടെ സമ്മേളന പ്രതിനിധികളും നേതാക്കളുമുള്‍പ്പെടെ ആയിരങ്ങള്‍ നഗരവീഥികളെ പുളകംകൊള്ളിച്ച മഹാപ്രവാഹമായി സമ്മേളന നഗറില്‍ പ്രവേശിച്ചു.

പതാക ജാഥാലീഡര്‍ ആനത്തലവട്ടം ആനന്ദനില്‍നിന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവനും കൊടിമരം ജാഥാലീഡര്‍ കെ എം സുധാകരനില്‍നിന്ന് ദേശീയ വൈസ്പ്രസിഡന്റ് എം എം ലോറന്‍സും ഏറ്റുവാങ്ങി. തില്ലങ്കേരി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്ന് ദേശീയ വൈസ് പ്രസിഡന്റ് പി കെ ഗുരുദാസന്റെ നേതൃത്വത്തിലെത്തിച്ച പ്രധാന ദീപശിഖ ഇ പി ജയരാജന്‍ ഏറ്റുവാങ്ങി. 18 ഏരിയകളില്‍നിന്നുള്ള ദീപശിഖകള്‍ സ്വാഗതസംഘം ഭാരവാഹികളും സിഐടിയു- വര്‍ഗ ബഹുജനസംഘടനാ നേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് എം കെ പന്ഥെ നഗറില്‍(പൊലീസ് മൈതാനം) വ്യാഴാഴ്ച രാവിലെ പത്തിന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമ്മേളനനഗരിയില്‍ പ്രത്യേകം സജ്ജമാക്കുന്ന രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ ദേശീയ നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും സംസ്ഥാനപ്രതിനിധിസംഘം തലവന്മാരും പുഷ്പാര്‍ച്ചന നടത്തും.

രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്റെ നേതൃത്വത്തിലാണ് പതാകയെത്തിക്കുക. സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പതാക ഏല്‍പ്പിക്കും. "ദീപാങ്കര്‍ മുഖര്‍ജി ഹാളി"ല്‍ ചേരുന്ന പ്രതിനിധിസമ്മേളനത്തില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. എ കെ പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഐഎല്‍ഒ പ്രതിനിധി ഏരിയല്‍ കാസ്ട്രോ, ഡബ്ല്യുഎഫ്ടിയു പ്രതിനിധി അലക്സാന്‍ഡ്ര ലിംപേരി എന്നിവരും സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ട്രേഡ്യൂണിയന്‍ ഐക്യം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച പ്രമേയം ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം തപന്‍ സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറിലെ "സുശീല ഗോപാലന്‍ നഗറി"ല്‍ ചേരുന്ന ട്രേഡ്യൂണിയന്‍ ഐക്യസമ്മേളനത്തില്‍ കേന്ദ്ര ട്രേഡ്യൂണിയന്‍ നേതാക്കള്‍ സംസാരിക്കും. എട്ടിന് വൈകിട്ട് രണ്ടു ലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെ സമ്മേളനം സമാപിക്കും.
(കെ ടി ശശി)

deshabhimani

No comments:

Post a Comment