ഡോ. യാമിനി തങ്കച്ചിയുടെ പരാതിയില്‍ കേസെടുക്കാതെ മാറ്റിവച്ച് പൊലീസ് ഗണേശ്കുമാറിനെ നേരില്‍ ചെന്നുകണ്ട് പരാതി വാങ്ങി, യാമിനിക്കെതിരെ ആദ്യം കേസെടുത്തു. യാമിനി തിങ്കളാഴ്ച രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടുചെന്നാണ് പരാതി നല്‍കിയത്. ഇതനുസരിച്ച് ഗണേശിനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പകരം പിറ്റേ ദിവസം ഗണേശിനെ മ്യൂസിയം സിഐ ചെന്നുകണ്ട് പരാതി വാങ്ങി യാമിനിക്കെതിരെ കേസെടുക്കുകയായിരുന്നു. യാമിനി ആദ്യം പരാതി നല്‍കിയിട്ടും രണ്ടാമതായാണ് കേസെടുത്തത്.
ഗണേശിന്റെ പരാതിയില്‍ യാമിനിക്കെതിരെ എടുത്ത കേസിന്റെ നമ്പര്‍ 421/2013 ആണ്. എന്നാല്‍,യാമിനിയുടെ പരാതിയില്‍ ഗണേശിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ നമ്പര്‍ 422/2013 ആണ്. തിങ്കളാഴ്ച രാത്രി പത്തു മണിയോടടുത്താണ് യാമിനി പരാതി നല്‍കിയത്. എന്നാല്‍, രാത്രി പന്ത്രണ്ടരയ്ക്ക് ക്ലിഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിക്കൊപ്പം പുറത്തുവന്ന് മന്ത്രിസ്ഥാനം രാജിവച്ച കാര്യം ഗണേശ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് സിഐ ഗണേശിനെ ചെന്നുകണ്ട് പരാതി വാങ്ങിയത്. ഗാര്‍ഹികപീഡന കേസില്‍ കുടുങ്ങുമെന്നുറപ്പായ ഗണേശിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നാണ് ഈ കള്ളക്കളിക്ക് ചരടുവലിച്ചത്. ഗാര്‍ഹികപീഡന പരാതി വാങ്ങാതെ നേരത്തെ യാമിനിയെ ചതിച്ച മുഖ്യമന്ത്രി അവരെ കേസില്‍ കുടുക്കാന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കൊടിയ വഞ്ചനയാണ് കാണിച്ചത്.
തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ഗണേശ് യാമിനിക്കെതിരെ തിങ്കളാഴ്ച കുടുംബകോടതിയില്‍ പരാതി നല്‍കിയതിനു പിന്നാലെ വൈകിട്ട് യാമിനി ഗണേശിനെതിരെ വാര്‍ത്താസമ്മേളനം നടത്തി. അതുകഴിഞ്ഞ് രാത്രി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയശേഷം യാമിനി നേരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. ഇങ്ങിനെയൊരു നീക്കം മുഖ്യമന്ത്രിയും ഗണേശും പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് വൈകിട്ടും രാജിയില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചത്. എന്നാല്‍, പൊലീസില്‍ പരാതി എത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്ന് ഡിജിപി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി. ആഭ്യന്തരമന്ത്രിയുടെ കൂടി സാന്നിധ്യത്തില്‍ നടത്തിയ കൂടിയാലോചനയ്ക്കൊടുവില്‍ ഗണേശിന് രാജിയല്ലാതെ പോംവഴിയില്ലെന്ന നിലപാടിലെത്തി. ഒപ്പം യാമിനിയെ കേസില്‍ കുടുക്കാനും തീരുമാനിച്ചു. ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് യാമിനിയുടെ പരാതിയില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ ഗണേശാണ് ആദ്യം പരാതി നല്‍കിയതെന്ന് രേഖയുണ്ടാക്കി. ആയുധം ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍ (ഐപിസി 324), മരണഭയം ഉണ്ടാകുന്നരീതിയില്‍ ഭീഷണിപ്പെടുത്തല്‍ (506/2) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യാമിനിയെ കേസില്‍ അകപ്പെടുത്തിയത്. ഇതോടെ യാമിനിയുടേത് കൗണ്ടര്‍ കേസായി മാറുകയും പരാതി ദുര്‍ബലമാകുകയും ചെയ്തു.
ഗണേശാണ് ആദ്യം പരാതി നല്‍കിയതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. യാമിനി മുഖ്യമന്ത്രിയെ കണ്ടശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. ഈ സമയമെല്ലാം ഗണേശ് വസതിയിലായിരുന്നു. ഒടുവില്‍ രാത്രി 12.30ന് ക്ലിഫ് ഹൗസിലെത്തി രാജിനല്‍കി. രാത്രി 10 മണിക്ക് ഗണേശും 10.45ന് യാമിനിയും പൊലീസില്‍ പരാതി നല്‍കിയെന്ന ആഭ്യന്തരമന്ത്രിയുടെ വാദം ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. നേരത്തെ, മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ യാമിനി ശ്രമിച്ചെങ്കിലും അദ്ദേഹം അത് കൈപ്പറ്റാതെ സൂത്രത്തില്‍ മടക്കി അയച്ചു. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് മടക്കി അയച്ചെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന് യാമിനിക്ക് നീതി ലഭിച്ചില്ല. പരാതിയില്‍ നിന്ന് യാമിനിയെ പിന്തിരിപ്പിച്ച മുഖ്യമന്ത്രി ഗണേശിന് ആദ്യം കുടുംബകോടതിയെ സമീപിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. അതിനു പിന്നാലെയാണ് ഈ ചതി.
(കെ എം മോഹന്‍ദാസ്)
ഗണേശന്റെ അറസ്റ്റ് ഒഴിവാക്കാന്‍ രഹസ്യധാരണ
ഭാര്യ യാമിനി തങ്കച്ചിയെ പീഡിപ്പിച്ച കേസില്‍ മുന്‍മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ രഹസ്യധാരണ. ഗണേശനെതിരെ യാമിനി തങ്കച്ചിയും യാമിനിക്കെതിരെ ഗണേശനും നല്‍കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് നല്‍കാന്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് കൊല്ലം എസ്പി ഉമ ബഹ്റ, ഡിവൈഎസ്പി രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ യാമിനി തങ്കച്ചി കഴിഞ്ഞ ദിവസം രാത്രിയില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നിര്‍ത്തി. തുടര്‍ന്നുള്ള അന്വേഷണം പ്രത്യേക സംഘം നടത്തുമെന്നാണ് മ്യുസിയം പൊലീസ് അറിയിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവ് ഇറക്കാത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ ദിവസങ്ങളെടുക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഗണേശനെതിരെ കേസ് എടുത്തത്. കേസ് രജിസ്റ്റര്‍ചെയ്താല്‍ അടുത്ത പടിയായി പ്രതിയെ അറസ്റ്റ്ചെയ്യണം. നിയമസഭാംഗം എന്ന നിലയില്‍ ഗണേശനെ ക്രിമിനല്‍ കേസില്‍ അറസ്റ്റ്ചെയ്താല്‍ വിവരം സ്പീക്കറെ അറിയിച്ചാല്‍ മതിയാകും. സഭയ്ക്കുള്ളില്‍ നിന്നോ എംഎല്‍എ ഹോസ്റ്റലില്‍നിന്നോ അറസ്റ്റ്ചെയ്യുകയാണെങ്കില്‍ സ്പീക്കറുടെ അനുമതി വാങ്ങണം. പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത് അറസ്റ്റ് ഒഴിവാക്കാനാണെന്ന് വ്യക്തം.
യാമിനി തങ്കച്ചി തിങ്കളാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അദ്ദേഹം ഡിജിപിയെ വിളിച്ചുവരുത്തി കൈമാറിയിരുന്നു. ഈ പരാതിയും യാമിനി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി നല്‍കിയ പരാതിയും ഇപ്പോള്‍ പൊലീസിന്റെ പക്കലുണ്ട്. മന്ത്രിസ്ഥാനം രാജിവച്ച ഗണേശന്‍ ചൊവ്വാഴ്ച പകല്‍ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉണ്ടായിട്ടും അറസ്റ്റുണ്ടായില്ല. മുന്‍കൂര്‍ ജാമ്യത്തിന് ഗണേശന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അതില്‍ തീര്‍പ്പാകുന്നതുവരെ പൊലീസിന് അറസ്റ്റ്ചെയ്യാന്‍ കഴിയില്ല. ഏത് വിധേനയും ജാമ്യം നേടി അറസ്റ്റല്‍നിന്ന് തലയൂരാനാണ് ഗണേശന്റെ ശ്രമം. അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് പൊലീസിലെ ഉന്നതങ്ങളില്‍ ഉണ്ടാക്കിയ ധാരണ. യാമിനിയുടെയും ഗണേശന്റെയും പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് തലസ്ഥാനത്താണ്. ക്രൈംബ്രാഞ്ചിന്റെ ആസ്ഥാനം ഉള്‍പ്പെടെ ഇവിടെയുള്ളപ്പോള്‍ അന്വേഷണം അടുത്ത ജില്ലയിലെ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്.
യാമിനിയുടെ പരാതി: ദേശീയ വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ന്യുഡല്‍ഹി: കെ ബി ഗണേഷ്കുമാറിനെതിരെ ഭാര്യയാമിനി തങ്കച്ചി നല്‍കിയ പരാതിയെപ്പറ്റി ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന വനിതാ കമ്മീഷനോട് റിപ്പോര്‍ട്ട് തേടി. പരാതിയുടെ ഉള്ളടക്കം സംബന്ധിച്ചും ആരോപണങ്ങളിലും അതിന്മേല്‍ പോലീസും സര്‍ക്കാരും സ്വീകരിച്ച നടപടികളും ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യാമിനിക്ക് കേസ് നടത്തിപ്പിന് ആവശ്യമായ സഹായം നല്‍കാനും സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദേശം നല്‍കിയതായും ദേശീയ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മമത ശര്‍മ്മ പറഞ്ഞു. യാമിനിയുടെ പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതായും അവര്‍ പറഞ്ഞു.യാമിനിയുടെ പരാതി ലഭിച്ചിട്ടില്ലെങ്കിലും ദേശീയ തലത്തില്‍ പ്രധാന്യം നേടിയ വാര്‍ത്തയായതിനാല്‍ കമ്മീഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. അതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായിക്രൈംബ്രാഞ്ച് എസ് പി യാമിനി തങ്കച്ചിയുടെ മൊഴിയെടുത്തു. കൊല്ലം എസ് പി ഉമാ ബഹ്റയാണ് മൊഴിയെടുത്തത്. വഴുതക്കാട്ടെ വസതിയിലെത്തിയാണ് മൊഴിയെടുത്തത്.
deshabhimani
No comments:
Post a Comment