Wednesday, April 3, 2013

പി സി കുറുമ്പ നിര്യാതയായി


കേരളത്തിന്റെ നവോത്ഥാന സമരങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായിക പി സി കുറുമ്പ (98) നിര്യാതയായി. കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങളിലും സജീവ പങ്ക് വഹിച്ചിരുന്ന കുറുമ്പ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സജീവമായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

ഇരിങ്ങാലക്കുട നടവരമ്പ് ചാത്തന്റെയും കാളിയുടെയും മകളാണ്. മക്കളില്ല. സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പമായിരുന്നു അവസാനകാലത്ത്. പലതവണ പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട്. 1948 ലെ പരിയാരം സമരത്തിലും സജീവ പങ്ക് വഹിച്ചിരുന്നു. ഒളിത്താവളങ്ങളില്‍ താമസിച്ച് പ്രസ്ഥാനം കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ്നേതാക്കന്മാര്‍ക്ക് സഹായമെത്തിച്ചിരുന്ന കുറുമ്പ അതിന്റെപേരിലും പലവട്ടം മര്‍ദനമേല്‍ക്കേണ്ടിവന്നു.

ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന് മുന്നിലുള്ള കുട്ടന്‍കുളത്തിന്റെ തൊട്ടടുത്തുള്ള മതിലിനപ്പുറത്തേക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എസ് എന്‍ ഡിപിയും പുലയ മഹാസഭയും ഒന്നിച്ച് നടത്തിയ പ്രക്ഷോഭമാണ് കുട്ടന്‍കുളം സമരം.

deshabhimani


കുട്ടംകുളം സമരനായിക പി സി കുറുമ്പ അന്തരിച്ചു

തൃശൂര്‍: നവോത്ഥാന സമരനായികയും സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകയുമായ പി സി കുറുമ്പ(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ വൈകീട്ട് നടവരമ്പിലെ സഹോദരിയുടെ വീട്ടുവളപ്പില്‍ നടന്നു.

കുട്ടംകുളം സമരം, പാലിയം സമരം, നടവരമ്പ് കര്‍ഷകസമരം തുടങ്ങി നവോത്ഥാന-രാഷ്ട്രീയ സമരമുഖങ്ങളില്‍ ഉജ്ജ്വലപോരാളിയായ കുറുമ്പ, ഇരിങ്ങാലക്കുടയിലെയും നടവരമ്പിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയില്‍ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ടവരില്‍ ഉയര്‍ന്ന ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ അക്കാലത്തെ സമരപോരാളികളായ കെ വി ഉണ്ണി, പി കെ ചാത്തന്‍ മാസ്റ്റര്‍, പി കെ കുമാരന്‍, പി ഗംഗാധരന്‍, പുതൂര്‍ അച്യുതമേനോന്‍, വി കെ കാളി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഇവരുടെ നേതൃത്വത്തിലാണ് 1946 ജൂലൈ ആറിന് ഐതിഹാസികമായ കുട്ടംകുളം സമരം നടന്നത്. അയിത്തത്തിനെതിരെയും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയും നടന്ന കുട്ടംകുളം സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമായ മര്‍ദ്ദനങ്ങളാണ് പി സി കുറുമ്പ ഏറ്റുവാങ്ങിത്. ഭര്‍ത്താവ് ചാത്തനും സമരത്തില്‍ കുറുമ്പയ്‌ക്കൊപ്പമുണ്ടായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്താന്‍ പ്രവര്‍ത്തിച്ചെന്ന കുറ്റംചുമത്തി കുറുമ്പയെ അറസ്റ്റുചെയ്ത് ജയിലറയില്‍ പുരുഷ തടവുകാര്‍ക്കൊപ്പം നഗ്നയാക്കി നിര്‍ത്തി. കാല്‍വെള്ളയില്‍ ക്രൂരമായി അടിച്ച് വ്രണപ്പെടുത്തി. 1948ല്‍ പരിയാരത്ത് നടന്ന കര്‍ഷകസമരത്തിലും കുറുമ്പ സജീവമായിരുന്നു. ഇരിങ്ങാലക്കുടയിലും പുല്ലൂരും നടന്ന കര്‍ഷക-കര്‍ഷകതൊഴിലാളി സമരത്തിലും നേതൃപരമായ പങ്കുവഹിച്ചു. പാലിയം സമരവുമായി ബന്ധപ്പെട്ട് കേസെടുത്തതിനാല്‍ അഞ്ചുവര്‍ഷം കൊച്ചിയിലെ കോടതിയില്‍ കയറിയിറങ്ങേണ്ടിവന്നു. ഒടുവില്‍ കുറുമ്പയെ കോടതി വെറുതെവിട്ടു. അതിനിടെയാണ് എറണാകുളത്ത് നടന്ന കുടികിടപ്പവകാശ സമരത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ സമരചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടിവന്ന രണ്ട് വനിതകളിലൊരാള്‍ കൂത്താട്ടുകുളം മേരിക്കൊപ്പം പി സി കുറുമ്പയാണെന്ന് കുറിക്കപ്പെട്ടിട്ടുണ്ട്.

ഇരിങ്ങാലക്കുട പുല്ലൂര്‍ പാറപ്പുറത്ത് പരേതരായ ചാത്തന്റെയും കാളിയുടെയും മകളായ കുറുമ്പ, ഭര്‍ത്താവ് ചാത്തന്റെ മരണശേഷം നടവരമ്പിലെ സഹോദരിയുടെ വസതിയിലായിരുന്നു താമസം. മക്കളില്ല. നാലുദിവസം മുമ്പാണ് കുറുമ്പയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചത്. മരണവാര്‍ത്തയറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നായി ആയിരങ്ങളെത്തി അന്ത്യോപചാരമര്‍പ്പിച്ചു. നടവരമ്പിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍, സിപിഎം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

janayugom

1 comment:

  1. സമരചരിത്രം ജീവിക്കും. സഖാവിന് ആദരാഞ്ജലികള്‍

    ReplyDelete