Thursday, April 4, 2013
ലാവ്ലിന്‍: കേസ് നീട്ടാന്‍ വീണ്ടും സിബിഐ വാദങ്ങള്‍
ലാവ്ലിന്‍ കേസില്‍ പ്രതികളായ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയെയും വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനെയും പിടികിട്ടാപ്പുള്ളികളായി കരുതാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് ഇരു പ്രതികള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവരെ വിചാരണയ്ക്കായി ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടി കനേഡിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്പുരോഗമിച്ചുവരികയാണെന്നും സിബിഐ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലാവ്ലിന്‍ കമ്പനിയെയും വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനെയും ഒഴിവാക്കി മറ്റു പ്രതികളുടെ വിചാരണ നടത്തേണ്ടതില്ലെന്നും സിബിഐ അറിയിച്ചു.
കേസിലെ 6, 9 പ്രതികളായ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്കും വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനുമെതിരെ ശക്തമായ തെളിവുകളുണ്ട്. വിചാരണയ്ക്കായി പ്രതികളെ വിട്ടുകിട്ടുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് സിബിഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ അപര്യാപ്തമാണെന്ന കാരണത്താല്‍ കനേഡിയന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടിയിരുന്നതായും സിബിഐ വ്യക്തമാക്കി. കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം അനന്തമായി നീളില്ലെന്നും വിചാരണയ്ക്ക് പ്രതികളെ വിട്ടുകിട്ടുമെന്നുതന്നെയാണ് വിശ്വാസമെന്നും സിബിഐ വിശദീകരിച്ചു. പ്രതികളെ വിചാരണയ്ക്ക് എത്തിക്കാന്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും സിബിഐ വാദിച്ചു.
ലാവ്ലിന്‍ കേസില്‍ വിചാരണ ആരംഭിക്കാന്‍ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതികളായ ലാവ്ലിന്‍ കമ്പനിയെയും വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനെയും ഒഴിവാക്കി മറ്റു പ്രതികളുടെ വിചാരണ ആരംഭിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ എതിര്‍ സത്യവാങ്മൂലം. കുറ്റവാളികളെ വിട്ടുകിട്ടുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാകുമെങ്കിലും പ്രതികളെ കൈമാറേണ്ട രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ അവരുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്നും സിബിഐ അഭിപ്രായപ്പെട്ടു.
deshabhimani 040413
Subscribe to:
Post Comments (Atom)
No comments:
Post a Comment