Thursday, April 4, 2013

സുദീപ്ത ഗുപ്തയ്ക്ക് ആയിരങ്ങളുടെ ആദരാഞ്ജലി


 അറസ്റ്റ് ചെയ്ത് കൊണ്ടു പോകും വഴി പശ്ചിമബംഗാളില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച എസ് എസ് ഐ നേതാവ് സുദീപ്ത ഗുപ്തയ്ക്ക് ആദരാഞ്ജല അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ സി പി എം ഓഫീസിനു മുന്നില്‍ തടിച്ചുകൂടി.

 സര്‍വകലാശാല, കോളേജ് യൂണിയനുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പകല്‍ എസ് എഫ് ഐയും മറ്റ് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളും നടത്തിയ പ്രകടനത്തെയാണ് പൊലീസ് നിഷ്ഠുരമായി നേരിട്ടത്. ക്രൂരമായ ലാത്തിച്ചാര്‍ജിനുശേഷം നൂറില്‍പരം വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് ഒരു വാഹനത്തില്‍ കുത്തിനിറയ്ക്കുകയായിരുന്നു. ബസ്സില്‍ വെച്ച് പൊലീസ് മര്‍ദ്ദനമേറ്റ സുദീപ്ത റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് എസ് എഫ് ഐ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വഴിയരികിലെ ഒരു സ്തൂപത്തിലിടിച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍ സുദീപ്ത മരിച്ചു. എം എ ബിരുദധാരിയാണ് സുദീപ്. അതേസമയം സുദീപ്ത ഗുപ്തയുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. എന്നാല്‍ സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും മമത ഒഴിഞ്ഞുമാറി.  'ഏതൊരു മരണവും ദൗര്‍ഭാഗ്യകരമാണ്. സുദീപ്തയുടേതും അങ്ങനെത്തന്നെയാണ്. ഇതില്‍ക്കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല'  സുദീപ്ത ഗുപ്തയുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള എസ് എസ് കെ എം ആശുപത്രി സന്ദര്‍ശിച്ച മമത പറഞ്ഞു. പോസ്റ്റില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നും  സുദീപ്തയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മമത അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നീതിക്കായി താന്‍ പോരാടുക തന്നെ ചെയ്യുമെന്നും സുദീപ്തയുടെ പിതാവ് പ്രണോപ് കുമാര്‍ ഗുപ്ത പറഞ്ഞു.

മമതയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് എസഎഫഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കുറ്റത്തിന് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

janayugom

No comments:

Post a Comment