Wednesday, April 3, 2013

""അറിവുമൂത്ത താങ്കളെന്തു മാനഭംഗമേറ്റുവാന്‍?""


മഹാകവി വൈലോപ്പിള്ളി അനശ്വരനായ കവിയാവുന്നത് ഏത് കാലഘട്ടത്തിലെ ഏത് ജീവിതസന്ദര്‍ഭത്തിനും ഇണങ്ങുന്ന കാലാതിവര്‍ത്തിയായ വരികള്‍ കുറിച്ചിട്ടതുകൊണ്ടുകൂടിയാണ്.

ഒരിക്കല്‍ ഇടുക്കിയിലെ തങ്കമണി എന്ന പ്രദേശത്ത് തൊഴിലാളിസ്ത്രീകളെ പൊലീസുകാര്‍ മൃഗീയമായി മാനഭംഗപ്പെടുത്തി. കേരളീയരാകെ കരുതിയത് ആ പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി അതിശക്തമായി നീങ്ങും എന്നാണ്. എന്നാല്‍, സംഭവിച്ചതു മറ്റൊന്നാണ്. "ആ തൊഴിലാളിസ്ത്രീകള്‍ പണ്ടേ പിഴച്ചവരായിരുന്നു" എന്ന് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കി പൊലീസുകാരെ ന്യായീകരിച്ചു ആ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് എഴുതിയ കവിതയില്‍ മഹാകവി വൈലോപ്പിള്ളി ഇങ്ങനെ ചോദിച്ചു:

""അരുത്! തെറ്റുചെയ്തിടാം
വെറിമുഴുത്ത കിങ്കരര്‍!
അറിവുമൂത്ത താങ്കളെന്തു
മാനഭംഗമേറ്റുവാന്‍?""

വൈലോപ്പിള്ളി മാഷിന്റെ ആ ചോദ്യം കേരളത്തിന്റെ മനഃസാക്ഷിയില്‍ മുഴങ്ങിനിന്നു. ഇന്ന് മറ്റൊരു മുഖ്യമന്ത്രി, പീഡിപ്പിക്കപ്പെട്ട മറ്റൊരു സ്ത്രീക്ക് മറ്റൊരു സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. കള്ളിയാണെന്ന സര്‍ട്ടിഫിക്കറ്റ്! ""യാമിനി കള്ളം പറഞ്ഞുവെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ പറഞ്ഞതു ബാഹ്യപ്രേരണമൂലമാകാം"" എന്നതിലാണ് ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒളിഞ്ഞിരിക്കുന്നത്. ബാഹ്യപ്രേരണമൂലമാണെങ്കില്‍ പറഞ്ഞതു കള്ളമാവാതെ തരമില്ലല്ലോ. "കള്ളം പറഞ്ഞുവെന്ന് ഞാന്‍ പറയുന്നില്ല" എന്ന വാക്കിന്റെ പര്‍ദയ്ക്കുള്ളിലുള്ളത് അവര്‍ പറഞ്ഞത് കള്ളമാണെന്ന സ്വന്തം അഭിപ്രായമാണല്ലോ.

"ഗണേശ്കുമാറിനെ മന്ത്രിമന്ദിരത്തില്‍ പുറത്തുനിന്ന് ആരുംവന്ന് മര്‍ദിച്ചിട്ടില്ല" എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ ധ്വനിയും യാമിനി പറയുന്നത് കള്ളമാണെന്നതാണല്ലോ. മര്‍ദിച്ചത് യാമിനിയാണെന്ന ഗണേശ്കുമാറിന്റെ ആരോപണം അതിലൂടെ ശരിവയ്ക്കുകയാണല്ലോ, മുഖ്യമന്ത്രി! ഒരു സ്ത്രീയെ ആക്ഷേപിക്കാന്‍ ഇതിനപ്പുറം എന്തുവേണമെന്ന് ചോദിക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് "ഇത്രകൂടിയാവാം" എന്ന് കാട്ടിത്തരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. അതാണ് പരാതിക്കാരിയുടെ പരാതി പൂഴ്ത്തിവച്ചിട്ട് അവര്‍ക്കെതിരെ അടിച്ചേല്‍പ്പിച്ച പൊലീസ് കേസ്! എന്തൊരു സ്ത്രീസംരക്ഷണം! ഇപ്പോള്‍ മറ്റൊരു സംശയം. യാമിനിയുടെ പരാതി സ്വീകരിക്കാതിരുന്നുവെങ്കില്‍ അത് ആദ്യത്തെ കേസ് ഗണേശ്കുമാറിന്റെ ഭാഗത്തുനിന്ന് യാമിനിക്കെതിരെയുള്ളതാവട്ടെ എന്നതുറപ്പാക്കാനും അതിനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാനുമായിരുന്നോ?

"എല്ലാം ഒത്തുതീര്‍പ്പാക്കിത്തരാ"മെന്ന് യാമിനിയോട് പറഞ്ഞത് യാമിനിക്കെതിരെ കുടുംബകോടതിയില്‍ ആദ്യം കേസ് കൊടുക്കാന്‍ ഗണേശ്കുമാറിന് കഴിയുന്ന സാഹചര്യവും സാവകാശവും ഉണ്ടാക്കിക്കൊടുക്കാനായിരുന്നോ? ഗണേശ്കുമാര്‍ എന്ന എംഎല്‍എയുടെ പിന്തുണ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാന്‍വേണ്ടി യാമിനിക്കെതിരെ ഗണേശിനൊത്തു കരുക്കള്‍ നീക്കുകയായിരുന്നോ മുഖ്യമന്ത്രി? അച്ഛനേക്കാളുപരി തന്നോട് കരുതല്‍ കാട്ടിയിട്ടുള്ളത് മുഖ്യമന്ത്രിയാണെന്നാണല്ലോ ഗണേശ് പറയുന്നത്. ആ കരുതല്‍ ആണോ ഈ കള്ളക്കളികളില്‍ പ്രതിഫലിച്ചുകാണുന്നത്?

പീഡനത്തിനിരയായതായി കണ്ണീരോടെ നിലവിളിക്കുന്ന നിരാലംബയായ ഒരു സ്ത്രീയുടെ കണ്ണീരൊപ്പാനല്ല മറിച്ച് അവര്‍ക്കുനേര്‍ക്ക് കേസ് അടിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ കരങ്ങള്‍ നീണ്ടത്. ആശ്വസിപ്പിക്കാനല്ല, മറിച്ച് അവര്‍ കള്ളിയാണെന്ന് സമൂഹത്തിനുമുമ്പില്‍ വരുത്തിതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് വൈലോപ്പിള്ളി പറഞ്ഞതുപോലെ "മാനഭംഗമേറ്റല്‍" തന്നെയാണ്. വെറിമുഴുത്ത കിങ്കരന്മാര്‍ തെറ്റുചെയ്യും. അറിവുമൂത്ത താങ്കള്‍ ഇങ്ങനെ മാനഭംഗമേറ്റാമോ? - വൈലോപ്പിള്ളി മാഷ് ഇന്നുണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയോട് പഴയ വരികള്‍ ആവര്‍ത്തിക്കുമായിരുന്നു

""അരുത്! തെറ്റുചെയ്തിടാം
വെറിമുഴുത്ത കിങ്കരര്‍!
അറിവുമൂത്ത താങ്കളെന്തു
മാനഭംഗമേറ്റുവാന്‍?""

അച്ഛനെപ്പോലെ കരുതി വിശ്വസിച്ച നിരാശ്രയയായ ഒരു സ്ത്രീയോട് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണെങ്കില്‍പ്പോലും മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുമോ? "പി സി ജോര്‍ജിന് എന്തും പറയാം" എന്നു ഗണേശ്കുമാര്‍ പറയുന്നതു കേട്ടു. വൈലോപ്പിള്ളി മാഷിന്റെതന്നെ നാലുവരികള്‍ ഗണേശ്കുമാറിന് മറുപടിയാവുന്നുണ്ട്.

""മൂര്‍ഖനാണവന്‍!
പക്ഷെ,യക്കൊള്ളി-
വാക്കിലില്ലയോ വാസ്തവനാളം!""

അയാള്‍ മൂര്‍ഖനാണ്. പക്ഷേ, ഇക്കാര്യത്തില്‍ ആ വാക്കില്‍ വാസ്തവമുണ്ടോ? ആ കൊള്ളിയില്‍ നാളമുണ്ടോ? ആ ചോദ്യങ്ങള്‍ക്കാണ് ഗണേശ്കുമാര്‍ ഉത്തരം നല്‍കേണ്ടത്. അഥവാ, പകല്‍പോലെ എല്ലാം തെളിഞ്ഞുനില്‍ക്കുന്ന വേളയില്‍ ഇനി എന്തിന് ഒരു ഉത്തരം നല്‍കണം!

പ്രഭാവര്‍മ deshabhimani 030413

No comments:

Post a Comment