Wednesday, April 3, 2013

മന്ത്രിസംഘം ഉടന്‍ സൗദിയിലേക്കില്ല; കേന്ദ്രം നിസ്സംഗത തുടരുന്നു


ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയ സൗദി തൊഴില്‍മേഖലയിലെ സ്വദേശിവല്‍ക്കരണ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. സൗദി അധികൃതരുമായി പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം ഉടനെങ്ങും പോകില്ലെന്നും തീര്‍ച്ചയായി. സൗദിയിലെ ഇന്ത്യന്‍ അംബാസഡറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം എപ്പോള്‍ പോകുമെന്ന കാര്യം തീരുമാനിക്കുമെന്ന് പ്രവാസി മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എന്നിവര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഓഫീസില്‍ കൂടിയാലോചന നടത്തിയശേഷമാണ് മന്ത്രിസംഘം പെട്ടെന്ന് സൗദിയിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. പ്രവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാനും സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും തന്റെ നേതൃത്വത്തില്‍ അടുത്തുതന്നെ മന്ത്രിസംഘം സൗദി സന്ദര്‍ശിക്കുമെന്ന് വയലാര്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു വയലാര്‍ രവിയുടെ പ്രഖ്യാപനം. സംഘത്തെ താന്‍തന്നെ നയിക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകം നിര്‍ദേശിച്ചെന്നും രവി അവകാശപ്പെട്ടു.

വയലാര്‍രവിയുടെ ഏകപക്ഷീയമായ മന്ത്രിസംഘ പര്യടന പ്രഖ്യാപനം വിദേശമന്ത്രാലയത്തിന് രുചിച്ചില്ല. മന്ത്രിസംഘത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും സഹമന്ത്രി ഇ അഹമ്മദും തിങ്കളാഴ്ചതന്നെ വ്യക്തമാക്കിയിരുന്നു. സൗദിയിലെ പ്രധാനപ്പെട്ട മന്ത്രിമാരൊന്നും സ്ഥലത്തില്ലെന്നും അതുകൊണ്ട് മന്ത്രിസംഘം പെട്ടെന്ന് പോകില്ലെന്നും വയലാര്‍ രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിസംഘത്തിന് എപ്പോള്‍ സന്ദര്‍ശിക്കാനാകുമെന്ന കാര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ റിപ്പോര്‍ട്ട് നല്‍കും. സൗദിയിലെ പ്രധാനപ്പെട്ട മന്ത്രിമാര്‍ സ്ഥലത്തില്ല. എല്ലാവരും എത്താന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം വേണ്ടിവരും. എന്തായാലും സംഘം സൗദിയിലേക്ക് പോകും. അധികൃതര്‍ക്കു പുറമെ സൗദിയിലെ വിവിധ പ്രവാസി സംഘടനാ പ്രവര്‍ത്തകരെയും കാണും. പെട്ടെന്ന് പരിഹാരം സാധ്യമായ കാര്യമല്ല ഇപ്പോഴത്തേതെന്ന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് മറുപടിയായി വയലാര്‍ രവി പറഞ്ഞു. അവിടത്തെ സര്‍ക്കാരാണ് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടത്. പരമാവധി സംയമനമാണ് ഇപ്പോള്‍ ആവശ്യം. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. വെറുതെ സംസാരിക്കാമെന്നുമാത്രം-രവി പറഞ്ഞു.

ഇന്ത്യയും സൗദിയുമായി അടുത്ത സൗഹൃദബന്ധമാണുള്ളതെന്ന് അഹമ്മദ് പറഞ്ഞു. 24 ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. അതില്‍ രണ്ട്- മൂന്ന് ലക്ഷത്തെമാത്രമേ ഇപ്പോഴത്തെ പ്രശ്നം ബാധിക്കൂ. ഇപ്പോഴത്തെ സൗദിയുടെ നടപടി ഇന്ത്യാക്കാരെ ഉദ്ദേശിച്ചുള്ളതല്ല. മറ്റു ചില രാജ്യക്കാരെ ഉദ്ദേശിച്ചാണ്. എന്നാല്‍, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകമാണ്. നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഒരു മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കാന്‍മാത്രമേ കഴിയൂ. പെട്ടെന്ന് രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിക്കുന്ന സ്ഥിതി ഉണ്ടാകരുത്- അഹമ്മദ് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 030413

No comments:

Post a Comment