Monday, April 22, 2013

മദ്യദുരന്തക്കേസ് പ്രതിയുടെ പ്രതിമ അനാച്ഛാദനത്തിന് യുഡിഎഫ് നേതാക്കളുടെ നീണ്ട നിര


കിടങ്ങൂര്‍: പുനലൂര്‍ മദ്യദുരന്തക്കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച അബ്കാരി കരാറുകാരന്‍ പാച്ചിഫിലിപ്പിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുഡിഎഫ് നേതാക്കളുടെ നീണ്ട നിര. അനാച്ഛാദനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയില്ല. മന്ത്രി കെ എം മാണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായ എം എം ജേക്കബ്, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പരിപാടിയ്ക്കെത്തി. മുഖ്യമന്ത്രിക്ക് പകരം എം എം ജേക്കബാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു പാച്ചി ഫിലിപ്പ് 1981 ഫെബ്രുവരി 19നുണ്ടായ പുനലൂര്‍ മദ്യദുരന്തത്തിന്റെ കേസില്‍ പ്രതിയായിരുന്നു. ദുരന്തത്തില്‍ 34 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. കേസ് വിചാരണയിലിരിക്കുമ്പോള്‍ പാച്ചിഫിലിപ്പ് മരിച്ചു. മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി ഫാക്സയച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ ഇപ്പോഴും കണ്ണീരോടെ കഴിയുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങളിലും വാര്‍ത്തയായതോടെയാണ് പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് സൂചന. കുടിവെള്ളക്ഷാമം സംബന്ധിച്ചുള്ള അടിയന്തര യോഗം തൊടുപുഴയില്‍ ചേരുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വിശദീകരിച്ചു. പാച്ചി ഫിലിപ്പ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് കിടങ്ങൂര്‍ ചന്തക്കവലയില്‍ പ്രതിമ സ്ഥാപിച്ചത്. ട്രസ്റ്റിന്റെ ആംബുലന്‍സ് സര്‍വീസ് മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്തു.

deshabhimani 220413

No comments:

Post a Comment