ആസൂത്രണത്തിലെ വീഴ്ചയും വേനലും മൂലം പ്രതിസന്ധിയിലായ വൈദ്യുതി ബോര്‍ഡിന് ഈ മാസത്തെ ശമ്പളം കൊടുക്കാന്‍പോലും പണമില്ല. വൈദ്യുതി വാങ്ങിയ വകയില്‍ 845 കോടി രൂപ നല്‍കാനുണ്ട്. ഈ മാസം റവന്യൂ വരവുകള്‍ക്കു പുറമെ 140 കോടിയുടെ വായ്പ ലഭിച്ചില്ലെങ്കില്‍ ശമ്പളം മുടങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന്, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷനില്‍ (ആര്‍ഇസി) നിന്ന് 140 കോടിയുടെ വായ്പയ്ക്ക് ബോര്‍ഡ് അപേക്ഷ നല്‍കി. ഇതിന് 14 ശതമാനംവരെയാണ് പലിശ. വൈദ്യുതി നിരക്ക് ഇനത്തില്‍ പിരിഞ്ഞുകിട്ടുന്ന പണം ദൈനംദിന ചെലവുകള്‍ക്ക് തികയാത്തതിനാല്‍ ബാങ്ക് വായ്പകളുടെ കൃത്യമായ തിരിച്ചടവും മുടങ്ങി. മാസങ്ങളായി പലിശമാത്രമാണ് അടയ്ക്കുന്നത്. ഇതിനുതന്നെ പ്രതിമാസം 20 കോടി രൂപ വേണം.
പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആസൂത്രണത്തിലെ വീഴ്ചകളും ബോര്‍ഡിന് തിരിച്ചടിയായി. ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്ന് കരാറായ 600 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭ്യമാകില്ല. വൈദ്യുതി കൊണ്ടുവരാനുള്ള ഇടനാഴി ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന് നാലര രൂപയ്ക്കാണ് ഈ സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കേരളം കരാറുണ്ടാക്കിയത്. കുറഞ്ഞ നിരക്കിലുള്ള ഈ വൈദ്യുതി നഷ്ടപ്പെട്ടത് ഇടനാഴി ബുക്കുചെയ്യുന്നതിലെ അലംഭാവംമൂലമാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വേനല്‍ മുന്നില്‍ക്കണ്ട് നേരത്തെ ഇടനാഴി ബുക്ക് ചെയ്തതും കേരളത്തിന് വിനയായി. കൊച്ചിയിലെ ബിഎസ്ഇഎസ് നിലയത്തിലെ ഉല്‍പ്പാദനം നാഫ്ത ക്ഷാമംമൂലം വീണ്ടും മുടങ്ങി. ഇത് വൈദ്യുതിപ്രതിസന്ധി രൂക്ഷമാക്കുകയാണ്. കായംകുളം, ബ്രഹ്മപുരം നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. യൂണിറ്റിന് 12 രൂപയോളമാണ് ഇതിന്റെ ഉല്‍പ്പാദനച്ചെലവ്.
deshabhimani 220413
No comments:
Post a Comment