Thursday, April 4, 2013

ഊന്നല്‍ ഐക്യത്തിന്


കണ്ണൂര്‍: പത്തുകോടിയിലേറെ തൊഴിലാളികള്‍ അണിചേര്‍ന്ന ദേശീയ പണിമുടക്കില്‍ പ്രകടമായ ട്രേഡ് യൂണിയന്‍ ഐക്യം വിപുലവും ശക്തവുമാക്കി യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് സിഐടിയു ദേശീയ സമ്മേളന ചര്‍ച്ചകളുടെ ഊന്നല്‍. ഫെബ്രുവരി 20, 21 തിയതികളിലെ ഐതിഹാസിക സമരത്തിന്റെ സന്ദേശം കൂടുതല്‍ തൊഴിലാളികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുകയാണ് അടിയന്തര കടമ. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്താകെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പങ്കെടുത്തു. തൊഴിലാളിവര്‍ഗ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് എത്തിയെന്നാണ് സിഐടിയു വിലയിരുത്തുന്നത്. രാഷ്ട്രീയ നിലപാടുകള്‍ മാറ്റി ഐഎന്‍ടിയുസിയും ബിഎംഎസും ഉള്‍പ്പെടെ മുഴുവന്‍ കേന്ദ്ര ട്രേഡ്യൂണിയനുകളും സമരത്തില്‍ പങ്കെടുത്തു. ഈ ഐക്യത്തിന്റെ സന്ദേശം മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അവഗണിച്ചു. പണിമുടക്കിനുശേഷം ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഗണിച്ചതേയില്ല. വന്‍കിട കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അഹന്തയും മര്‍ക്കടമുഷ്ടിയുമാണ് ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഫലിച്ചതെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പണിമുടക്കില്‍ തൊഴിലാളികളെ മാത്രമല്ല, ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നങ്ങളാണ് മുന്നോട്ടുവച്ചത്. സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണതക്കെതിരെ തൊഴിലാളികളെ ബോധവാന്മാരാക്കാനുള്ള കടമ തൊഴിലാളിവര്‍ഗം ഏറ്റെടുക്കും. മാര്‍ച്ച് 29ന് ഡല്‍ഹിയില്‍ ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. അത്് കിട്ടിയാല്‍ പ്രധാനമന്ത്രി നയങ്ങള്‍ തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തൊഴിലാളി സംഘടനകളുടെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് കത്തെഴുതിയത്. പണിമുടക്ക് നടത്തി എല്ലാം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മെയ് മൂന്നിന് വീണ്ടും ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടി തീരുമാനിക്കും. ഐഎന്‍ടിയുസിയും ബിഎംഎസും ഉള്‍പ്പെടുന്ന സംഘടനകളുടെ ഐക്യം എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യത്തിന്, നാലുവര്‍ഷമായി അവ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് തപന്‍ സെന്‍ പറഞ്ഞു.

ഐക്യം പെട്ടെന്ന് തട്ടിക്കൂട്ടിയതല്ല. രണ്ടുദശാബ്ദമായുള്ള സമരത്തിന്റെ ഫലമാണിത്. ഐക്യം വേണമെന്ന ബോധം സാധാരണ തൊഴിലാളികളിലുണ്ട്. അത് അവഗണിക്കാന്‍ ആര്‍ക്കുമാകില്ല. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകാന്‍ രാഷ്ട്രീയ നേതൃത്വത്തെ അനുവദിക്കണമോ എന്നതാണ് ട്രേഡ് യൂണിയനുകളുടെ മുമ്പിലെ ചോദ്യം. താല്‍ക്കാലിക-കരാര്‍ തൊഴിലിന്റെ പ്രശ്നമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. ഏപ്രില്‍ ഏഴിന് സമ്മേളന പ്രതിനിധികള്‍ നാലു കമീഷനായി തിരിഞ്ഞ് നാലു രേഖകള്‍ ചര്‍ച്ച ചെയ്യും. സാമൂഹിക പ്രശ്നങ്ങള്‍, സംഘടനയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം, മാറുന്ന തൊഴില്‍ മേഖല, ബദല്‍ നയങ്ങള്‍ക്കായുള്ള സമരം എന്നിവയാണ് വിഷയങ്ങള്‍. സിഐടിയുവിന്റെ ഭാവിപ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയായിരിക്കും കമീഷനുകളുടെ റിപ്പോര്‍ട്ടുകള്‍. സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷണന്‍, ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 040413

No comments:

Post a Comment