Thursday, April 4, 2013
മന്ത്രിസഭയിലെ നല്ല നടന്‍
ഗണേശവിഷയം സഭയെ പിടിച്ചുകുലുക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ല. ചോദ്യോത്തരവേളയില്‍ തുടങ്ങിയ പ്രതിഷേധം ശൂന്യവേളയില്‍ ആളിപ്പടര്‍ന്നു. മന്ത്രി ഗണേശ്കുമാറിനെതിരായ ഗാര്‍ഹികപീഡനക്കേസും അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയില്‍ നിയമാനുസൃതനടപടി എടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടുമാണ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് വിഷയമാക്കിയത്. ഭാര്യയുടെ പരാതിയെതുടര്‍ന്ന് മന്ത്രി രാജിവച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയാണ് യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ സ്തംഭനത്തില്‍ കലാശിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഒന്ന് തീര്‍ച്ച, ഗണേശന്‍ നല്ല നടനാണ്. എന്നാല്‍, അദ്ദേഹത്തേക്കാള്‍ നല്ല നടന്‍ മുഖ്യമന്ത്രിതന്നെ. ഈ വര്‍ഷത്തെ ഓസ്കര്‍ അവാര്‍ഡിന് മുഖ്യമന്ത്രിയെ ശുപാര്‍ശചെയ്യണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഗണേശന്‍- യാമിനി പ്രശ്നത്തില്‍ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി പ്രതിപക്ഷം നിരന്നതോടെ മുഖ്യമന്ത്രിക്കെതിരായ കുരുക്ക് മുറുകി. ഗണേശിനെയും പി സി ജോര്‍ജിനെയും കൈവിടാന്‍ മുഖ്യമന്ത്രി ഒരുക്കമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഗണേശിനെതിരെ യാമിനി പറഞ്ഞതൊന്നും ശരിയല്ലെന്ന നിലപാടിലാണ് അദ്ദേഹം. പുറത്തുനിന്ന് ആരും ഗണേശിനെ തല്ലിയിട്ടില്ലത്രേ. യാമിനി പരാതിയുമായി വന്നപ്പോള്‍ വഴക്കും വക്കാണവുമില്ലാതെ ഒന്നിച്ച് കഴിയണമെന്ന് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. യാമിനിയുടെ ആരോപണത്തിനുപിന്നില്‍ ബാഹ്യശക്തികളുടെ പ്രേരണയുണ്ടെന്ന് കഴിഞ്ഞദിവസം ആരോപിച്ചത് വെറും സംശയം കൊണ്ടുമാത്രം. ബാഹ്യശക്തി പി സി ജോര്‍ജ് അല്ലേയല്ലെന്ന് അദ്ദേഹം ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും പറയും. യാമിനിയുടെ പരാതിയില്‍ നിയമാനുസൃതം നടപടി എടുക്കാതെ ഗണേശിനെ ആദ്യം കോടതിയില്‍ പറഞ്ഞുവിട്ടോയെന്ന് എസ് ശര്‍മ ചോദിച്ചപ്പോള്‍, കണ്ടാല്‍ അങ്ങനെ തോന്നുമോയെന്നായി മറുചോദ്യം. യാമിനി ആദ്യം കണ്ടപ്പോള്‍ ഗണേശിനെതിരെ പരാതി പറഞ്ഞതല്ലാതെ രേഖാമൂലം നല്‍കിയില്ലെന്ന നിലപാടിലാണ് ഇപ്പോഴും മുഖ്യമന്ത്രി. മധ്യസ്ഥനായി തൊഴില്‍മന്ത്രി ഷിബു ബേബിജോണിനെ വിടുകയും ചെയ്തു. കുടുംബവഴക്ക് തൊഴില്‍പ്രശ്നമാണോയെന്ന് കോടിയേരി ചോദിച്ചാല്‍ ഷിബു ബേബിജോണ്‍ കരാറും കരടും മേശപ്പുറത്ത് വയ്ക്കും. കരാര്‍ നടപ്പാക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ പൊളിഞ്ഞതാണ് കുഴപ്പമായതത്രേ. മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകിട്ടിയതും ഭാര്യയെ തല്ലി പകരംവീട്ടിയതും കരാറില്‍ ഉള്‍പ്പെട്ടതാണോയെന്ന് ചോദിക്കരുത്.
മുഖ്യമന്ത്രി ഭരണഘടനാബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടിയേരിയുടെ പക്ഷം. മന്ത്രിയുടെ ഭാര്യക്ക് മുഖ്യമന്ത്രിയില്‍നിന്ന് നീതി കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് കിട്ടുമെന്നായി കോടിയേരി. യാമിനിയുടെ പരാതി മുഖ്യമന്ത്രി നിയമപ്രകാരം കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുടുംബകോടതിയിലെ ആദ്യഹര്‍ജിക്കാരി അവര്‍ ആകുമായിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയതുവഴി മുഖ്യമന്ത്രി മന്ത്രിക്ക് കൂട്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നിയമം കാറ്റില്‍പ്പറത്തി. മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍വേണ്ടി മന്ത്രിയെ കുരുതികൊടുത്തു. സര്‍ക്കാര്‍ രാജിവച്ചുപോകുകയാണ് വേണ്ടത്... കോടിയേരി കത്തിക്കയറി. ഇതിനിടെ രാജിവച്ച മന്ത്രി ഒന്നും സംഭവിച്ചില്ലെന്നമട്ടില്‍ സഭയിലെത്തി മന്ത്രിയുടെ കസേരയില്‍ ഇരുന്നു. പ്രതിപക്ഷം ഇതിനെ ചോദ്യംചെയ്ത് രംഗത്തെത്തിയതോടെ ബഹളമായി. തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഗണേശിന് പകരം സീറ്റ് നല്‍കുന്നതുവരെ പഴയ ഇരിപ്പിടം ഉപയോഗിക്കാമെന്നുമായി സ്പീക്കര്‍. ഇതിനെ ചോദ്യംചെയ്ത പ്രതിപക്ഷ അംഗങ്ങളും സ്പീക്കറും കൊമ്പുകോര്‍ത്തു.
പുറമേനിന്ന് ആരും ഗണേശിനെ തല്ലിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണം അട്ടിമറിക്കാന്‍ ഇടയാക്കില്ലേയെന്നായിരുന്നു എസ് ശര്‍മയുടെ ചോദ്യം. യാമിനിയും അങ്ങനെ പറഞ്ഞിട്ടില്ലെന്നായി മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഊഴമായിരുന്നു അടുത്തത്. ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസ് മാന്യമായി തീര്‍ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ നടപടി അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മര്‍ദകവീരനെ സംരക്ഷിക്കുന്നതിനെ അത്ഭുതത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. പീഡനക്കേസില്‍ ഇരകളെ സംരക്ഷിക്കണമെന്ന നിയമം ലംഘിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ കറുത്തചിത്രം പുറത്തുകൊണ്ടുവരുമെന്നായിരുന്നു ഗണേശിന്റെ വ്യക്തിപരമായ വിശദീകരണം. സര്‍ക്കാര്‍നിലപാടിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ മുദ്രാവാക്യം ഉയര്‍ന്നു. സഭ പ്രതിഷേധത്തില്‍ അമര്‍ന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സി ദിവാകരനും കോവൂര്‍ കുഞ്ഞുമോനും സി കെ നാണുവും ആവശ്യപ്പെട്ടു.
കെ ശ്രീകണ്ഠന്‍ deshabhimani 040313
Labels:
നിയമസഭ,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment