Monday, April 1, 2013

എന്‍ട്രന്‍സ് പരിശീലനം: തീവെട്ടിക്കൊള്ളയ്ക്കെതിരെ എസ്എഫ്ഐ

തിരുവനന്തപുരം ജില്ലയിലാകെ വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് മുന്നോടിയായി തീവ്രപരിശീലന ക്ലാസുകളുടെ പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ചെറിയൊരു കാലയളവുള്ള പരിശീലനത്തിന് ഭീമമായ തുകയാണ് ഇവര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്. ഈ ക്ലാസുകള്‍ക്കാകട്ടെ പൊതുവിദ്യാലയങ്ങളും കോളേജുകളുമാണ് സ്വകാര്യസ്ഥാപന ഉടമകള്‍ വേദിയാക്കുന്നത്. 20 ദിവസത്തെ ക്ലാസിന് 6500 മുതല്‍ 10,000 രൂപവരെയാണ് ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. കച്ചവടക്കണ്ണോടെയുള്ള നടപടി ഈ സ്ഥാപനങ്ങള്‍ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം പൊതുസമൂഹത്തിന്റെ പ്രതിഷേധമുയര്‍ത്തി ഇത്തരം സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സമരം ആരംഭിക്കാന്‍ എസ്എഫ്ഐ തയ്യാറാകുമെന്നും പ്രസിഡന്റ് എം ആര്‍ സിബി, സെക്രട്ടറി എ എം അന്‍സാരി എന്നിവര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ലോകായുക്ത ഉത്തരവ് നടപ്പാക്കണം: എസ്എഫ്ഐ

തിരു:എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റംഗം ബി നിയാസിനെ പൊലീസ് മര്‍ദിച്ച സംഭവം അന്വേഷണം നടത്തണമെന്ന ലോകായുക്ത ഉത്തരവ് നടപ്പാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

 അനീഷ് രാജന്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്യവെയാണ് ജൂണ്‍ 18ന് തിരുവനന്തപരുത്ത് സ്പെന്‍സര്‍ ജങ്ഷന് മുന്നില്‍വച്ച് നിയാസ് ഉള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ഭീകരമായി മര്‍ദിച്ചത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിലും വിദ്യാര്‍ഥി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. പൊലീസ് വേട്ടയ്ക്ക് ദൃക്സാക്ഷിയായ പൊതു പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ പി ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ പരീത് പിള്ളയും കെ കെ ദിനേശനും ഉത്തരവിട്ടത്. ലോകായുക്ത ഉത്തരവ് നടപ്പാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ലോ അക്കാദമിയില്‍ എസ്എഫ്ഐക്ക് വന്‍ വിജയം

പേരൂര്‍ക്കട: കേരള ലോ അക്കാദമിയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 14ലും എസ്എഫ്ഐ വിജയിച്ചു. ചെയര്‍മാനായി സി ഇജ്ലാല്‍, വൈസ് ചെയര്‍പേഴ്സണായി മീനു എസ് ലാല്‍, ജനറല്‍സെക്രട്ടറിയായി ആര്‍ കെ ഹരികൃഷ്ണന്‍, ആര്‍ട്സ്ക്ലബ് സെക്രട്ടറിയായി അശ്വിന്‍ ബാലചന്ദ്രന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ആര്‍ ഹരികൃഷ്ണന്‍, ലേഡി റെപ്രസെന്റേറ്റീവായി ഗീതു ആര്‍ ബാബു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സീറ്റുകള്‍ക്ക് പുറമെ എട്ട് ക്ലാസ് പ്രതിനിധികളും എസ്എഫ്ഐ പാനലില്‍ വിജയിച്ചു. എഐഎസ്എഫ്, കെഎസ്യു, എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്.

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള നീക്കം അവസാനിപ്പിക്കണം: എസ്എഫ്ഐ

തിരു: സംസ്ഥാനത്ത് വ്യാപകമായി സിബിഎസ്ഇ സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 378 സ്കൂളിന് നേരത്തെ എന്‍ഒസി നല്‍കിയതിനു പുറമെ 106 സ്കൂളിനുകൂടി എന്‍ഒസി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് വിദ്യാഭ്യാസ മാഫിയകളെ സഹായിക്കാനാണ്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മാനേജ്മെന്റുകള്‍ എന്‍ഒസി കരസ്ഥമാക്കാനാണ് ശ്രമിക്കുന്നത്. തോന്നിയരീതിയില്‍ ഫീസ് വാങ്ങാനും ക്രമക്കേടുകള്‍ നടത്താനും മാനേജ്മെന്റുകള്‍ നീക്കം നടത്തുന്നതിന്റെ മുന്നോടിയായാണിത്. ഉന്നതവിദ്യാഭ്യാസത്തെ സ്വാശ്രയ ലോബികള്‍ക്ക് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ പൊതുവിദ്യാലയങ്ങളെ സര്‍വനാശത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ ആവശ്യത്തിനുള്ള കേരളത്തില്‍ ഇത്രയധികം സിബിഎസ്ഇ സ്കൂളുകളുടെ ആവശ്യമില്ല. പകല്‍ക്കൊള്ളയാണ് ഇതിലൂടെ നടക്കാന്‍ പോകുന്നത്. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനും പാവപ്പെട്ട വിദ്യാര്‍ഥികളെ പാടെ അവഗണിക്കാനുമുള്ള സര്‍ക്കാര്‍നയമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. സംസ്ഥാന വ്യാപകമായി സിബിഎസ്ഇ സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment