Monday, April 1, 2013

പതാകജാഥ ഇന്നു തുടങ്ങും


സിഐടിയു ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ (സി കണ്ണന്‍നഗര്‍- ജവഹര്‍ സ്റ്റേഡിയം) ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥ തിങ്കളാഴ്ച പുന്നപ്ര-വയലാറില്‍നിന്ന് തുടങ്ങും. കയ്യൂരില്‍നിന്നുള്ള കൊടിമര ജാഥയുടെയും തില്ലങ്കേരിയില്‍നിന്നുള്ള ദീപശിഖാ ജാഥയുടെയും പ്രയാണം മൂന്നിനാണ്. പതാക തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയ ചുടുകാട്ടില്‍ പുന്നപ്ര-വയലാര്‍ സമരസേനാനി പി കെ ചന്ദ്രാനന്ദനില്‍നിന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഏറ്റുവാങ്ങും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം മൂന്നിന് വൈകിട്ട് കണ്ണൂരില്‍ എത്തും. ജെ മേഴ്സിക്കുട്ടിയമ്മ, വി വി ശശീന്ദ്രന്‍, കെ പ്രസാദ്, കെ എന്‍ ഗോപിനാഥ് എന്നിവരാണ് ജാഥാംഗങ്ങള്‍. തിങ്കളാഴ്ചത്തെ ജാഥാപ്രയാണം: മാരാരിക്കുളം (10 മണി), ചേര്‍ത്തല (10.45), വയലാര്‍ രക്തസാക്ഷി മണ്ഡപം (11), അരൂര്‍ (11.45), തോപ്പുംപടി (ഒരു മണി), എറണാകുളം (3), ഏലൂര്‍ (3.45),അങ്കമാലി (4.30), ചാലക്കുടി (5.30), തൃശൂര്‍ -സമാപനം (6.30). ദീപശിഖാ ജാഥ മൂന്നിന് തില്ലങ്കേരി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിക്കും. രാവിലെ പത്തിന് രക്തസാക്ഷി സി ഗോപാലന്റെ ഭാര്യ ചിരുത സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് പി കെ ഗുരുദാസന് ദീപശിഖ കൈമാറും. അത്ലറ്റുകള്‍ റിലേയായി പൊതുസമ്മേളനനഗരിയായ സി കണ്ണന്‍നഗറില്‍ എത്തിക്കും.

കണ്ണൂര്‍ ജില്ലയിലെ 18 ഏരിയകളിലെ 102 രക്തസാക്ഷികുടീരങ്ങളില്‍നിന്ന് അനുബന്ധ ദീപശിഖകളുമുണ്ടാകും. ഓരോ സ്മൃതികുടീരത്തില്‍നിന്നുമുള്ള ദീപശിഖയും ഏരിയയിലെ പ്രധാന ദീപശിഖയുമായി സംഗമിക്കും. കൊടിമരജാഥ മൂന്നിന് രാവിലെ ഒമ്പതിന് കയ്യൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍ കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍നായരില്‍നിന്ന് സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ ഏറ്റുവാങ്ങും. വൈകിട്ട് കണ്ണൂരിലെത്തും. പി നന്ദകുമാര്‍, എ കെ നാരായണന്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.

deshabhimani 010413

No comments:

Post a Comment