Wednesday, April 24, 2013

ഇസ്ഹാഖ് കുരിക്കളെ പുകച്ചു ചാടിച്ചു


മഞ്ചേരി: നഗരസഭാ ചെയര്‍മാന്‍ എം പി എം ഇസ്ഹാഖ് കുരിക്കളുടെ രാജി സ്ഥാനമോഹികളും നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് നടത്തിയ ഉപജാപങ്ങളുടെ വിജയം. സംസ്ഥാനത്തെതന്നെ ഏറ്റവും മോശം നഗരസഭയായി മഞ്ചേരി മാറിയപ്പോള്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ചെയര്‍മാന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് മുസ്ലിംലീഗ് നേതൃത്വം ശ്രമിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തിനായി കാലങ്ങളായി ചരടുവലി നടത്തുന്ന പാര്‍ടി മുനിസിപ്പല്‍ കമ്മിറ്റി നേതാവുകൂടിയായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് കുരിക്കള്‍ക്കെതിരെ കലാപം. റോഡ്, കുടിവെള്ളം, മാലിന്യ സംസ്കരണം തുടങ്ങി എല്ലാ മേഖലയിലും നഗരസഭയുടെ പരാജയം എടുത്തുകാട്ടി കുരിക്കളെ പുകച്ചുചാടിക്കാനായിരുന്നു പദ്ധതി. ചില കൗണ്‍സിലര്‍മാര്‍ ഒന്നരമാസം മുമ്പ് ജില്ലാ സെക്രട്ടറി പി അബ്ദുഹമീദിനെ കണ്ട് ചെയര്‍മാനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അബ്ദുള്‍ഹമീദ് കൗണ്‍സിലര്‍മാരില്‍നിന്ന് അഭിപ്രായ ശേഖരണവും നടത്തി.

 മഞ്ചേരിയില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് വന്നതോടെയാണ് കുരിക്കള്‍ ലീഗ് മുനിസിപ്പല്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായി. മുനിസിപ്പല്‍ കമ്മിറ്റിയിലെ ഭൂരിഭാഗംപേരും സ്വകാര്യ ബസുടമകളാണ്. സ്വകാര്യ ബസുടമാ സംഘത്തിന്റെ ജില്ലാ പ്രസിഡന്റ് കൊടക്കാടന്‍ മുഹമ്മദാലിഹാജി ലീഗ് മഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റാണ്. എസ്എം ഓഫീസ് വരുന്നതിനെതിരെ മുഹമ്മദാലിഹാജിയും വല്ലാഞ്ചിറ മുഹമ്മദാലിയും പരസ്യമായ നിലപാടെടുത്തിട്ടുണ്ട്. എസ്എം ഓഫീസ് അനുവദിക്കണമെന്ന് കമ്മിറ്റിക്കുള്ളില്‍ ആവശ്യപ്പെട്ട ഇസ്ഹാഖ് കുരിക്കളെ പാര്‍ടി താക്കീത് ചെയ്തു. എന്നാല്‍ എസ്എം ഓഫീസ് മഞ്ചേരിയില്‍ തുറന്നത് ലീഗ് നേതാക്കളെ ക്ഷുഭിതരാക്കി. കച്ചേരിപ്പടി സ്റ്റാന്‍ഡ് തുറക്കുന്നതിനും പാര്‍ടി ഉടക്കുവച്ചു. കച്ചേരിപ്പടി സ്റ്റാന്‍ഡ് തുറന്നാല്‍ പഴയ ബസ്സ്റ്റാന്‍ഡ് കെഎസ്ആര്‍ടിസിക്ക് കൊടുക്കേണ്ടിവരുമെന്ന ഭയമായിരുന്നു കാരണം. സ്വകാര്യ ബസുടമകളും സ്റ്റാന്‍ഡിനെതിരായിരുന്നു. കച്ചേരിപ്പടി സ്റ്റാന്‍ഡ് നിര്‍മിച്ചത് വന്‍ ഭൂമാഫിയയെ സഹായിക്കാന്‍ നഗരസഭ ചെയ്തതാണെന്നുവരെ ലീഗ് നേതാക്കള്‍ ആരോപിച്ചു. സ്റ്റാന്‍ഡ് തുറക്കുന്നതിനെതിരായിരുന്ന സ്വകാര്യ ബസുടമകളും പഴയ സ്റ്റാന്‍ഡിലെ കച്ചവടക്കാരും ലീഗ് നേതൃത്വവും കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഒരു കുടക്കീഴില്‍ അണിനിരന്നതോടെ ചെയര്‍മാന്‍ സ്ഥാനത്തുള്ള ഇസ്ഹാഖ് കുരിക്കളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുതുടങ്ങിയിരുന്നു.

സ്റ്റാന്‍ഡ് തുറന്നപ്പോള്‍ പഴയ സ്റ്റാന്‍ഡില്‍ കച്ചവടം കുറഞ്ഞതാണ് ചെയര്‍മാനെതിരെ വ്യാപാരികള്‍ തിരിയാന്‍ കാരണം. രാജിയെ തുടര്‍ന്ന് ലീഗില്‍ അസ്വാരസ്യം പുകയുന്നുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും കുരിക്കള്‍ക്കൊപ്പമുണ്ട്്. ഇവര്‍ വല്ലാഞ്ചിറ മുഹമ്മദാലിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കലിക്കറ്റ് സര്‍വകലാശാലാ സെനറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട വല്ലാഞ്ചിറ മുഹമ്മദാലി ചെയര്‍മാനായാല്‍ ഇരട്ടപ്പദവിയാകുമെന്നും ഇത് പാടില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

രാജി പാര്‍ടി നിലപാടില്‍ മനംമടുത്ത്

മഞ്ചേരി: നഗരസഭാ ചെയര്‍മാന്‍ എംപിഎം ഇസ്ഹാഖ് കുരിക്കള്‍ സ്ഥാനം രാജിവച്ചത് പാര്‍ടിയുടെ നിലപാടുകളില്‍ മനംമടുത്ത്. സ്ഥാനം ഏറ്റെടുത്ത കാലംതൊട്ട് വികസന കാര്യങ്ങളില്‍ പാര്‍ടി നേതൃത്വം ചെയര്‍മാന് കൂച്ചുവിലങ്ങിട്ടിരുന്നു. പാര്‍ടി യോഗങ്ങളില്‍ ഒരിക്കലും തന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്തതില്‍ കുരിക്കള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. കച്ചവട താത്പര്യക്കാര്‍ക്കൊപ്പം പാര്‍ടി കൈകോര്‍ത്തതോടെ സമ്മര്‍ദം കനത്തു. രാജിയല്ലാതെ മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല.

എലമ്പ്ര വാര്‍ഡില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം പാര്‍ടി തീരുമാനിച്ചിരുന്നതെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് മത്സരിപ്പിച്ചത്. ചെയര്‍മാന്‍ സ്ഥാനം വല്ലാഞ്ചിറ മുഹമ്മദാലിക്കു കിട്ടാതിരിക്കാനാണ് എതിര്‍വിഭാഗം കുരിക്കളെ രംഗത്തിറക്കിയത്.രാജിയോടെ നഗരസഭയില്‍ ലീഗിന് 30 സീറ്റായി. കോണ്‍ഗ്രസിന് പതിനൊന്നും സിപിഐഎമ്മിന് എട്ടും സീറ്റാണുള്ളത്. എലമ്പ്രയില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. രാജിവച്ചെങ്കിലും പാര്‍ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഇസ്ഹാഖ് കുരിക്കള്‍ വ്യക്തമാക്കി. പാര്‍ടി പറയുന്നതുകേട്ട് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 240413

No comments:

Post a Comment