Monday, April 1, 2013

മോഡിയും അമിത് ഷായും നേതൃത്വത്തില്‍


നരേന്ദ്രമോഡിയെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെടുത്ത് ബിജെപി പുതിയ ദേശീയഭാരവാഹികളെ പ്രഖ്യാപിച്ചു. അമിത് ഷാ ഉള്‍പ്പെടെ മോഡിയുടെ അനുചരന്മാര്‍ക്കും തീവ്രഹിന്ദുത്വ വാദികള്‍ക്കും നിര്‍ണായകസ്ഥാനങ്ങള്‍ നല്‍കി. സൊഹ്റാബുദീന്‍ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ അമിത് ഷാ ജനറല്‍ സെക്രട്ടറിയാവും. ഹിന്ദുവര്‍ഗീയത ഇളക്കിവിട്ട് ലോക്സഭഭതെരഞ്ഞെടുപ്പ് നേരിടാനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലാണിത്. ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി പിടിമുറുക്കുന്ന നരേന്ദ്രമോഡിയുടെ നിര്‍ണായക ചുവടുവയ്പാണ് ഉന്നതനേതൃത്വത്തിലേക്കുള്ള മടങ്ങിവരവ്.

12 അംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുന്ന ബിജെപിയുടെ ഏകമുഖ്യമന്ത്രിയാണ് മോഡി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സുപ്രധാന പങ്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും മോഡി അംഗമായി. രാജ്നാഥ്സിങ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, അനന്ത്കുമാര്‍, തവര്‍ ചന്ദ് ഗെഹ്ലോട്ട്, രാംലാല്‍, അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവച്ച മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരും പാര്‍ലമെന്ററി ബോര്‍ഡിലുണ്ട്. ആര്‍എസ്എസ് പിന്തുണയാണ് ഗഡ്കരിയുടെ പിന്‍ബലം. ഗഡ്കരിക്കെതിരെ നിലപാടെടുത്ത മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയെ 76 അംഗ ഭാരവാഹിപ്പട്ടികയില്‍നിന്ന് തഴഞ്ഞു. വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയാക്കി.ജനറല്‍ സെക്രട്ടറിപദം മോഹിച്ച മുക്താര്‍ അബ്ബാസ് നഖ്വിക്ക് അപ്രധാനമായ വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ആര്‍എസ്എസ് പ്രതിനിധിരാംലാല്‍ ജനറല്‍ സെക്രട്ടറിസ്ഥാനം നിലനിര്‍ത്തി.

അനന്ത്കുമാര്‍, തവര്‍ചന്ദ് ഗെഹ്ലോട്ട്, ജെ പി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍, തപീര്‍ ഗാവോണ്‍, രാജീവ് പ്രതാപ് റൂഡി, മുരളീധര്‍ റാവു എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. കേരളത്തില്‍നിന്നുള്ള പി കെ കൃഷ്ണദാസിനെ സെക്രട്ടറിയാക്കി. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ക്കു പുറമെ ഏഴുപേര്‍കൂടി ഉള്‍പ്പെടുന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി വിനയ്കത്യാറുമുണ്ട്. മറ്റൊരു പ്രതിയായ ഉമാഭാരതിയെ വൈസ് പ്രസിഡന്റാക്കി. മോഡിയുടെ വിശ്വസ്തയും ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയും വൈസ് പ്രസിഡന്റാണ്.

deshabhimani 010413

No comments:

Post a Comment