ധൂര്‍ത്തും കെടുകാര്യസ്ഥതയുംമൂലം നാഥനില്ലാക്കളരിയായ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനം അവതാളത്തില്‍. സ്ഥിരമായി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇല്ലാത്ത സ്ഥാപനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അധ്യാപകന്‍ ഡോ. ടി പി അഷ്റഫിനാണ് ഇപ്പോള്‍ ചുമതല. സ്ഥാപനത്തിലെ ധൂര്‍ത്തിന് ഇദ്ദേഹംതന്നെ നേതൃത്വം നല്‍കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം പതിനൊന്ന് മാസത്തില്‍ 16 തവണ ഇദ്ദേഹം സ്ഥാപനത്തിന്റെ ചെലവില്‍ വിമാന യാത്ര നടത്തി. ഒന്നിനും ധനവകുപ്പിന്റെ അനുമതിയുണ്ടായിരുന്നില്ല. വര്‍ഷം പത്തു ലക്ഷത്തോളം രൂപയാണ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. എന്നാല്‍, മാസം ഒന്നോ രണ്ടോ ദിവസമാണ് ഇദ്ദേഹത്തിന്റെ സേവനം മിഷന് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
2012 ഫെബ്രുവരിയിലാണ് ഡോ. അഷ്റഫ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധികച്ചുമതല ഏറ്റത്. തുടര്‍ന്ന് ഡിസംബര്‍ വരെ 16 തവണയാണ് ഇദ്ദേഹം കോഴിക്കോട്- തിരുവനന്തപുരം റൂട്ടില്‍ ഔദ്യോഗിക ആവശ്യത്തിനെന്ന പേരില്‍ മിഷന്റെ ചെലവില്‍ വിമാനയാത്ര നടത്തിയത്. യാത്രാക്കൂലിയിനത്തിലുള്ള ആകെ ചെലവ് 1,50,488 രൂപ. അധികച്ചുമതല വഹിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനം ചാര്‍ജ് അലവന്‍സായി സ്വീകരിക്കാമെന്ന് 2011 ഒക്ടോബര്‍ 19ന്റെ ധനവകുപ്പ് ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം ആദ്യത്തെ മുന്നുമാസം 4037 രൂപ വീതം വാങ്ങി. പിന്നീട് ഇത് പതിനായിരമായി വര്‍ധിപ്പിച്ചു. മിഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പ്രതിഫലം വര്‍ധിപ്പിച്ചതെന്നാണ് വാദം. സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ശമ്പളനിരക്കായ 1.25 ലക്ഷത്തോളം രൂപ കൈപ്പറ്റുന്നയാളാണ് ഇത്തരത്തില്‍ അധിക തുകയും തരപ്പെടുത്തിയത്് യാത്രാപ്പടിയില്‍ വന്‍തുക ചെലവിടുമ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്കായി രണ്ട് ആഡംബര കാറിനും വന്‍തുക വാടക നല്‍കുന്നു. മാസത്തില്‍ ഒരിക്കലെങ്ങാനും എത്തുന്ന സ്ഥാപന മേധാവിക്കുവേണ്ടിയാണ് തിരുവനന്തപുരത്ത് 28,000 രൂപ മാസവാടകയ്ക്ക് ഇന്നോവ കാര്‍ എടുത്തത്. കോഴിക്കോട് മേഖലാ ഓഫീസിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് 28,000 രൂപ വാടകയില്‍ എടുത്ത ടവേര കാര്‍ എക്സിക്യൂട്ടിവ് ഡയറക്ടറുടെ കുടുംബാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി സൂപ്രണ്ടായും സൂപ്രണ്ടായും ചുമതല വഹിച്ചിട്ടുള്ളതിനാലാണ് സുരക്ഷാ മിഷന്‍ ചുമതല അഷ്റഫിന് നല്‍കിയതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. നിയമാവലിപ്രകാരം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ചുമതല വഹിക്കുന്നയാള്‍ സാമൂഹ്യ ശാസ്ത്രജ്ഞനോ കാര്യശേഷിയുള്ള ഭരണാധികാരിയോ ആകണം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട ചുമതലയാണ് മെഡിക്കല്‍ കോളേജ് അധ്യാപകന് നല്‍കിയത്. രാഷ്ട്രീയതാല്‍പ്പര്യംമാത്രം പരിഗണിച്ച നിയമനം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെയും താളം തെറ്റിച്ചു. സാമൂഹ്യക്ഷേമ മിഷന്‍ ഏറ്റെടുത്ത എല്ലാ പദ്ധതിയും അവതാളത്തിലാക്കി. മിഷന് ഫണ്ട് ലഭ്യമാക്കാനുള്ള സ്റ്റാമ്പ് വില്‍പ്പനപോലും കൃത്യമായി നടക്കുന്നില്ല.
(ജി രാജേഷ്കുമാര്‍)
deshabhimani 010413
No comments:
Post a Comment