Friday, April 5, 2013

പിഎസ്സിയുടെ "ശരി"യില്‍ ആയിരങ്ങള്‍ പുറത്ത്


സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ ശരിയുത്തരങ്ങള്‍ അവഗണിച്ച് തെറ്റുത്തരങ്ങള്‍ ശരിയെന്ന് വിധിച്ച പിഎസ്സിയുടെ മറിമായംമൂലം അര്‍ഹരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍നിന്ന് പുറത്തായി. ശരിയുത്തരം എഴുതിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ റാങ്ക്ലിസ്റ്റില്‍ പിന്നിലാകുകയുംചെയ്തു. പിഎസ്സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം മികച്ചരീതിയില്‍ തയ്യാറെടുത്തവര്‍ക്ക് കനത്ത തിരിച്ചടിയായി. പൊതുവിജ്ഞാനം, കണക്ക് എന്നിവയിലെ ഓരോ ചോദ്യങ്ങള്‍ക്കാണ് തെറ്റ് ഉത്തരത്തിന് പിഎസ്സി മാര്‍ക്ക് നല്‍കിയത്. കേരളത്തിലെ ആദ്യ അണക്കെട്ട് ഏതെന്ന ചോദ്യത്തിന് ഉത്തരം മുല്ലപ്പെരിയാറാണെങ്കിലും പിഎസ്സിയുടെ വിദഗ്ധ സമിതിയുടെ ഉത്തരം പീച്ചിയാണ്. ചോദ്യത്തിനൊപ്പം നല്‍കിയ നാല് ചോയ്സുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ടായിരുന്നതിനാല്‍ അറിയുന്നവര്‍ ആ ഉത്തരമാണ് രേഖപ്പെടുത്തിയത്. കണക്കിലെ ശതമാനം കാണുന്നത് സംബന്ധിച്ച ഒരു ചോദ്യത്തിനും ശരിയുത്തരം ഉണ്ടായിരുന്നെങ്കിലും തെറ്റായ ഉത്തരമാണ് പിഎസ്സി അന്തിമ ഉത്തരസൂചികയില്‍ നല്‍കിയത്. ഇരു ചോദ്യത്തിനും ശരിയുത്തരം എഴുതിയ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും മൈനസ് മാര്‍ക്കടക്കം 2.66 മാര്‍ക്ക് നഷ്ടപ്പെട്ടു. തെറ്റുത്തരം എഴുതിയവര്‍ക്ക് 2.66 മാര്‍ക്ക് കൂടുതല്‍ ലഭിക്കുകയുംചെയ്തു. ലക്ഷങ്ങള്‍ എഴുതിയ പരീക്ഷയില്‍ ശരിയുത്തരം എഴുതിയ ആയിരങ്ങളാണ് ഇതുമൂലം റാങ്ക് ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടുകയോ പിന്നിലാവുകയോ ചെയ്തത്. കൂടാതെ, ഉത്തരങ്ങളിലെ അവ്യക്തതയും പിശകുകളും കാരണം മറ്റ് ഏഴ് ചോദ്യം നേരത്തെ പിഎസ്സി ഒഴിവാക്കിയിരുന്നു.

സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന ഒഎംആര്‍ പരീക്ഷ 3.81 ലക്ഷം പേര്‍ എഴുതി. കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റില്‍ 5050 പേരെ ഉള്‍പ്പെടുത്തി. അറുപത്തൊന്നോ അതിനു മുകളിലോ മാര്‍ക്കുള്ളവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 4139 പേരുടെ ഉത്തരക്കടലാസുകള്‍ വിവിധ കാരണങ്ങളാല്‍ അസാധുവാക്കി. ഇതില്‍തന്നെ 1144 പേരെ ഒഴിവാക്കിയത് ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പിഎസ്സിയുടെ എംബ്ലം പതിഞ്ഞില്ലെന്ന കാരണത്താലാണ്. 70 മാര്‍ക്കിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഇത്രയധികം പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോകുന്നതും ആദ്യമാണ്. പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കാണ് ഈ ദുര്യോഗം. എംബ്ലം കൃത്യമായി പതിഞ്ഞിട്ടില്ലെന്നും പതിഞ്ഞതുതന്നെ പൂര്‍ണമല്ലെന്നുമാണ് പിഎസ്സിയുടെ ന്യായങ്ങള്‍. പിഎസ്സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നേരത്തെതന്നെ പരാതിയുണ്ട്. പരീക്ഷ എഴുതാനെത്തുന്നവര്‍ ഹാള്‍ടിക്കറ്റിനൊപ്പം ഹാജരാക്കുന്നതാണ് ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഇത് ഹാജരാക്കാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കാറുമില്ല. എന്നാല്‍,ഇത് ഹാജരാക്കി പരീക്ഷ എഴുതിയ ആയിരത്തിലധികം പേരെയാണ് എംബ്ലത്തിന്റെ പേരില്‍ ഒഴിവാക്കിയത്.

പിഎസ്സി ഏര്‍പ്പെടുത്തിയ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയശേഷമാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കിയത്. സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധന ധൃതിപിടിച്ച് നടത്താന്‍ തീരുമാനിച്ചതും വിവാദമായിരുന്നു. തങ്ങളുടെ ഭാവി തകര്‍ക്കുന്ന പിഎസ്സിയുടെ ക്രൂരതക്കെതിരെ ഉദ്യോഗാര്‍ഥികള്‍ നിയമനടപടിയിലേക്കും നീങ്ങുകയാണ്.
(ദിലീപ് മലയാലപ്പുഴ)

deshabhimani 050413

No comments:

Post a Comment