ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം പ്രതികളില്‍ ചിലര്‍ സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയെന്ന വാദം കോടതിയില്‍ പൊളിഞ്ഞു. പ്രതികള്‍ ഓഫീസില്‍ എത്തിയെന്ന് സ്ഥാപിക്കാനാണ് കൂത്തുപറമ്പ് സ്വദേശി നിത്യാനന്ദനെ 47-ാം സാക്ഷിയായി വിസ്തരിച്ചത്. എന്നാല്‍, 2012 മെയ് അഞ്ചിന് രാത്രി ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തി എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാവരെയും തിരിച്ചറിയാന്‍ സാക്ഷിക്കായില്ല. ഇയാള്‍ മറ്റു കേസുകളില്‍ പ്രതിയാണെന്നും കോടതിയില്‍ വ്യക്തമായി.
ലംബു പ്രദീപ് എന്നുപറഞ്ഞ് രണ്ടുപേരെ തൊട്ടുകാണിച്ചെങ്കിലും തെറ്റി. ആദ്യം രാജേഷിനെ തൊട്ട് പ്രദീപാണെന്നു പറഞ്ഞ സാക്ഷി രണ്ടാമത് രജികാന്തിനെ കാണിച്ചു. ഷിബുവിനെ കാണിച്ച് ഷനോജാണെന്നും പറഞ്ഞു. മാത്രമല്ല, പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ചുപേര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കയറിപ്പോകുന്നത് ഇയാള്‍ കണ്ടു എന്നാണുള്ളത്. കൊടി സുനിക്ക് ഒപ്പമുണ്ടായിരുന്നവരുടെ പേര് പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടുത്താത്തത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി പറഞ്ഞു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തവരുടെ പേര് എന്തിനാണ് സാക്ഷി കോടതിയില്‍ പറയുന്നതെന്നും ജഡ്ജി ചോദിച്ചു.
കൊടി സുനിക്കൊപ്പം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയെന്ന് ആരോപിക്കപ്പെടുന്ന മറ്റ് അഞ്ചുപേര്‍ ആരൊക്കെയാണെന്ന് തെളിയിക്കാനും പ്രോസിക്യൂഷനായില്ല. ഇതിനുള്ള ഒരു രേഖയും പ്രേസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയില്ല. സാക്ഷിയുടെ സിപിഐ എം വിരോധം ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2010ല്‍ സിപിഐ എമ്മില്‍നിന്ന് പുറത്താക്കിയതാണെന്നും അതിനുശേഷം നിരന്തരം സാക്ഷിയും സിപിഐ എം പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നതായും പ്രതിഭാഗം വാദിച്ചു. രണ്ടു കേസുകളില്‍ പ്രതിയാണെന്നും മൂന്ന് കേസുകളില്‍ വാദിയാണെന്നും സാക്ഷി ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഹോദരി വാസന്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. യുഡിഎഫ് അധികാരമേറ്റശേഷം മുഖ്യമന്ത്രിയില്‍നിന്ന് 25000 രൂപ ചികിത്സാ സഹായം ലഭിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോഴാണിത്. കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ അറിയാമെന്നും സാക്ഷി കോടതിയില്‍ സമ്മതിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിഐ വിളിപ്പിച്ചതനുസരിച്ച് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ രാത്രി എട്ടരയോടെ ആറുപേര്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
നേരത്തേ പൊലീസിന് നല്‍കിയ മൊഴിയില്‍ രാത്രി എട്ടിന് എന്നാണുള്ളത്. ഈ സമയത്ത് ലോഡ്ഷെഡ്ഡിങ് ആയതിനാല്‍ പ്രോസിക്യൂഷന്‍ പറഞ്ഞതനുസരിച്ച് കോടതിയില്‍ എട്ടര എന്ന് സമയം മാറ്റിപ്പറയുകയാണെന്ന് പ്രതിഭാഗം വാദിച്ചു. കാറിന്റെയും സ്ട്രീറ്റ്ലൈറ്റിന്റെയും ഓഫീസ് കെട്ടിടത്തില്‍നിന്നുള്ള ലൈറ്റിന്റെയും വെളിച്ചത്തിലാണ് പ്രതികളെ കണ്ടതെന്നും ഇവരുടെ മുഖത്തിന്റെ ഒരു വശമാണ് കണ്ടതെന്നും അന്നുകണ്ട ആറുപേരെയും മുമ്പ് കണ്ടിട്ടില്ലെന്നും സാക്ഷി പറഞ്ഞു. പ്രതികളെ കണ്ടശേഷം പൊലീസ് സ്റ്റേഷനില്‍ പോകാതെ താന്‍ വീട്ടിലേക്ക് തിരിച്ചുപോയി എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ പോകുന്നത് കണ്ടതിനുശേഷം സ്റ്റേഷനില്‍ പോകാതെ എന്തിനാണ് തിരിച്ചുപോയതെന്ന സംശയവും ഉയര്‍ത്തുന്നതായി സാക്ഷിയുടെ മൊഴി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, എം അശോകന്‍, പി വി ഹരി എന്നിവരും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും ഹാജരായി.
deshabhimani 060413
No comments:
Post a Comment