Thursday, April 4, 2013

ഉദാരവല്‍ക്കരണം ഇനിയും തീവ്രമാക്കുമെന്ന് പ്രധാനമന്ത്രി


സാമ്പത്തികവളര്‍ച്ചയ്ക്കും വിദേശനിക്ഷേപത്തിനുമായി ഉദാരവല്‍ക്കരണ നടപടികള്‍ ഇനിയും തീവ്രമാക്കുമെന്നും സ്വകാര്യമേഖലയാണ് സമ്പദ്വ്യവസ്ഥയിലെ മുഖ്യശക്തിയെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. വ്യവസായി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്(സിഐഐ) സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വേണ്ടത്ര സാമ്പത്തിക വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ കഴിയാത്തതിലും പരിഷ്കരണ നടപടികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നടത്താന്‍ കഴിയാത്തതിലും നിരാശ പ്രകടിപ്പിക്കുന്ന പ്രസംഗത്തില്‍ സ്വകാര്യമേഖലയ്ക്ക് എല്ലാ തടസ്സങ്ങളും നീക്കിക്കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. സര്‍ക്കാരും സ്വകാര്യമേഖലയും സംയുക്തമായി ശ്രമിച്ച് എട്ട് ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കണം. ഇപ്പോഴുള്ളത് അഞ്ച് ശതമാനം വളര്‍ച്ചനിരക്കാണ്. വളര്‍ച്ച കൈവരിക്കുന്നതിനുള്ള മുഖ്യ ചാലകശക്തി സര്‍ക്കാരല്ല, സ്വകാര്യമേഖലയാണ്. 75 ശതമാനം നിക്ഷേപവും സ്വകാര്യമേഖലയിലാണ്. സ്വകാര്യ നിക്ഷേപമാണ് വളര്‍ച്ചയുടെ മുഖ്യ കാരണം. എന്നാല്‍, സ്വകാര്യനിക്ഷേപത്തിന് പൂര്‍ണമായും അനുകൂലമായ സാഹചര്യമല്ല രാജ്യത്തുള്ളത്. അതുണ്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന കടമ. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും. ആഗോള സാമ്പത്തികമാന്ദ്യം തുടരുന്നതിനാല്‍ പ്രതീക്ഷിച്ചപോലെ വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമായും സ്വീകരിക്കേണ്ട ചില നടപടികളുണ്ട്. ധനകമ്മി കുറയ്ക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അതിന്റെ ഭാഗമാണ്. ഇന്ധന സബ്സിഡി യുക്തിസഹമാക്കുന്നതിന് നിരവധി നടപടികളെടുത്തു. പെട്രോളിന്റെ വിലനിയന്ത്രണം പൂര്‍ണമായി എടുത്തുകളഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍കൊണ്ട് ഡീസല്‍ വിലയും വിപണിനിലവാരത്തിന് അനുസരിച്ചാകും. പാചകവാതക സബ്സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണെണ്ണ സബ്സിഡി ഫലപ്രദമാക്കാന്‍ നേരിട്ട് സബ്സിഡി പദ്ധതി സഹായിക്കും.

സ്വകാര്യമേഖലയില്‍ നിക്ഷേപത്തിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ഇനി പ്രധാനമായി ചെയ്യേണ്ടത്. നിരവധി പശ്ചാത്തലസൗകര്യ വികസന പദ്ധതികള്‍ അനുമതി കിട്ടാതെ കിടക്കുകയാണ്. തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതാണ് പ്രധാന കാരണം. നിക്ഷേപത്തിനായുള്ള മന്ത്രിസഭാ സമിതിക്ക് ഈ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. നിരവധി വന്‍കിട പദ്ധതികള്‍ക്ക് സമിതി ഇടപെട്ട് അനുമതി നല്‍കിക്കഴിഞ്ഞു. ചില്ലറവില്‍പ്പന മേഖല, വ്യോമയാന മേഖല എന്നിവയില്‍ വിദേശ നിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി. മറ്റ് മേഖലകളിലും വിദേശനിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കും. ധനമേഖലാ നിയമ ഭേദഗതികള്‍, ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമം തുടങ്ങിയ പ്രധാന നിയമങ്ങളും വൈകാതെ പാസാക്കും. വളര്‍ച്ചനിരക്ക് തിരിച്ചുപിടിക്കാനും പത്തു വര്‍ഷംകൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പരിഷ്കരണ നടപടികള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment