Friday, April 5, 2013

രണ്ടരക്കോടിയുടെ ഇടപാടിന് ഒന്നരക്കോടി കോഴ


തലസ്ഥാനത്തെ മാലിന്യസംസ്‌കരണത്തിനെന്ന പേരില്‍ ഗുജറാത്തില്‍ നിന്നും കെട്ടുകാഴ്ചയോടെ കൊണ്ടുവന്ന രണ്ടേകാല്‍ കോടി വിലവരുന്ന ആക്രിയന്ത്രമായ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഇടപാടില്‍ ഖജനാവില്‍ നിന്നും ഉന്നതരുടെ കീശകളിലേക്ക് കോഴയായിമറിഞ്ഞത് ഒന്നരകോടി. 'യന്ത്ര'ത്തിന്റെ വില രണ്ടേകാല്‍ കോടിയോളമായിരിക്കേയാണ് അതില്‍ ഒന്നരകോടിയും ഖജനാവില്‍ നിന്നു ചോര്‍ന്നത്.

സംസ്ഥാന ശുചിത്വമിഷന്‍ വ്യവസായവകുപ്പിന്റെ കീഴിലുള്ള സിഡ്‌കോ വഴി ഗുജറാത്തിലെ ചിന്തന്‍ ട്രേഡേഴ്‌സ് എന്ന കറക്കുകമ്പനിയില്‍ നിന്നുംഈ മാലിന്യസംസ്‌കരണ കളിപ്പാട്ടം വാങ്ങിയത്. ഗുജറാത്തില്‍ ഈ യന്ത്രം 70 ലക്ഷത്തിനുമേല്‍ വിലയ്ക്ക് ഇതുവരെ വിറ്റുപോയിട്ടേയില്ലെന്നാണ് അവിടെ നിന്നും ലഭിച്ച വിവരം.

27 ലക്ഷം രൂപ വില വരുന്ന ടാറ്റാ ട്രക്കില്‍ ഘടിപ്പിച്ച ഇന്‍സിനറേറ്ററില്‍ വിഷവാതകങ്ങള്‍ പുറത്തേയ്ക്കു തള്ളുന്നതു നിയന്ത്രിക്കാനുള്ള സംവിധാനം, മാലിന്യങ്ങള്‍ കത്തിക്കുന്ന ഉപകരണങ്ങള്‍, കേന്ദ്ര വില്‍പന നികുതി, എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാന വില്‍പന നികുതി എന്നിവയടക്കമായാല്‍ പോലും ഈ ആക്രിസാധനത്തിന് മുക്കാല്‍ കോടിക്കു താഴെ മാത്രമേ മൊത്തം വിലവരൂ എന്നാണ് ഗുജറാത്തില്‍ നിന്നു ലഭിച്ച വിവരം. അതായത് രണ്ടേകാല്‍ കോടിയുടെ 'യന്ത്ര'ത്തിന് ഒന്നരകോടി കമ്മിഷന്‍ അടിക്കുന്നത് ഇത്തരം ഇടപാടില്‍ കോഴയുടെ സര്‍വകാല റിക്കാര്‍ഡു തന്നെ സൃഷ്ടിച്ചിരിക്കുന്നു.

സിഡ്‌കോയിലെ പര്‍ച്ചേസ് മാനേജര്‍ നമ്പൂതിരിയാണ് ചിന്തന്‍ ട്രേഡേഴ്‌സില്‍ നിന്നും കോഴ യന്ത്രം വാങ്ങാന്‍ ഇടനിലക്കാരനായി നിന്നത്. ഗുജറാത്തില്‍ നിന്നും ഈ കളിയന്ത്രം തലസ്ഥാനത്തേയ്ക്കു കെട്ടിയെടുത്തശേഷം തുടക്കത്തില്‍ തന്നെ മാലിന്യസംസ്‌കരണം നടത്താതെ പിണങ്ങിയ ഇന്‍സിനറേറ്റര്‍ ഇപ്പോള്‍ വെണ്‍പാലവട്ടത്തെ വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് തുരുമ്പുകയറിത്തുടങ്ങിയ നിലയില്‍ ഒളിപ്പിച്ചിരിക്കുന്നു. ഖജനാവു ചോര്‍ത്തി ഒന്നരകോടിയുടെ കോഴയും കമ്മിഷനും കൈമറിഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഇന്‍സിനറേറ്ററിനെക്കുറിച്ച് സിഡ്‌കോയ്‌ക്കോ ശുചിത്വമിഷനോ വ്യവസായവകുപ്പിനോ നഗരവികസനവകുപ്പിനോ മിണ്ടാട്ടമില്ല.

തുടക്കത്തില്‍ ആറു മണിക്കൂര്‍ ഇതു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വന്നത് ശരാശരി 527.6 ലിറ്റര്‍ ഡീസല്‍! ആറു മണിക്കുറിനുള്ളില്‍ സംസ്‌കരിച്ചത് ഒന്നേമുക്കാല്‍ ടണ്ണോളം മാലിന്യം! മാലിന്യസംസ്‌കരണതട്ടിപ്പില്‍ ഇതൊരു ലോക റിക്കാര്‍ഡായിരിക്കുമെന്നാണ് ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന പ്രമുഖ  സാങ്കേതിക വിദഗ്ധനായ കെ ബി ജോയ് 'ജനയുഗ' ത്തോടു പറഞ്ഞത്.

മാത്രമല്ല 2000 ലെ കേന്ദ്രമാലിന്യസംസ്‌കരണനിയമത്തിലെ രണ്ടാംപട്ടികയിലെ അഞ്ചാംവകുപ്പ്, സംസ്ഥാനമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ എന്നിവ നഗ്നമായി ലംഘിച്ചാണ് മൊബൈല്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതെന്നും പ്രസക്തരേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടികാട്ടി. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി പോലും സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ നിന്നു വാങ്ങിയിട്ടില്ലെന്ന് ബോര്‍ഡിലെ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്‍സിനറേറ്റര്‍ ഇടപാടില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു പറഞ്ഞു ശുചിത്വമിഷന്‍ ഈ 'ജഡയന്ത്ര'ത്തെ ചൂണ്ടി കൈമലര്‍ത്തുന്നു.

janayugom 050413

No comments:

Post a Comment