Friday, April 5, 2013
മുഖ്യമന്ത്രി വ്യാജരേഖ ചമച്ചു?
ഗണേഷ് കുമാര്‍ - യാമിനി വിവാഹമോചനത്തിന് കരാര്‍ തയ്യാറാക്കിയതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെട്ടില്‍. അയോഗ്യനാവാതിരിക്കാന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ ഗണേഷ് കുമാര്‍ ഉറച്ചുനിന്നാല്‍ നിയമക്കുരുക്കിലാവുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ഷിബു ബേബി ജോണുമായിരിക്കും. സത്യവാങ്മൂലമാണ് സത്യമെങ്കില്‍ മുഖ്യമന്ത്രി കരാര്‍ വ്യാജരേഖയാണെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെയെങ്കില്‍ ഒരു പാവം വീട്ടമ്മയെ വഞ്ചിക്കാനായി ഉമ്മന്‍ചാണ്ടി തന്റെ ഔദ്യോഗിക പദവിയും വസതിയും ദുരുപയോഗം ചെയ്തുവെന്ന് തെളിയും. അങ്ങനെവന്നാല്‍ നിയമത്തിന്റെ മുന്നില്‍ കുരുങ്ങാനായിരിക്കും ഉമ്മന്‍ചാണ്ടിയുടെ വിധി.
വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, ഭരണഘടനാ സ്ഥാപനത്തെ കമ്പളിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കല്‍, സത്യപ്രതിജ്ഞാ ലംഘനം, ഔദ്യോഗിക പദവിയുടേയും ഔദ്യോഗിക വസതിയുടെയും ദുരുപയോഗം, ഖജനാവിന് റവന്യൂ നഷ്ടമുണ്ടാക്കുന്ന വിധത്തില്‍ സ്ഥാവരസ്വത്തുക്കളുടെ മൂല്യനിര്‍ണ്ണയത്തിലെ തിരിമറി തുടങ്ങിയ കുറ്റകൃത്യങ്ങളിലാവും മുഖ്യമന്ത്രിക്ക് പ്രതിയാവേണ്ടിവരുകയെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷണമൊത്ത ഈ ക്രിമിനല്‍ കേസില്‍ തൊഴില്‍മന്ത്രി ഷിബുബേബിജോണും ഗണേഷിന്റെ സഹോദരിഭര്‍ത്താവായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടി ബാലകൃഷ്ണനും കൂട്ടുപ്രതികളാവേണ്ടിവരുമെന്നും അവര്‍ പറയുന്നു.
ഗണേഷ് - യാമിനി കരാര്‍ മുഖ്യമന്ത്രിയുടെ വസതിയിലിരുന്ന് മുഖ്യമന്ത്രിയാണ് നാല് മണിക്കൂര്‍കൊണ്ട് തയ്യാറാക്കിയതെന്ന് മന്ത്രി ഷിബു ബേബിജോണാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഇതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഇത്തരം നടപടികള്‍ തന്റെ ഭാഗത്തുനിന്നും ഇനിയുമുണ്ടാകുമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. 100 രൂപ മുദ്രപത്രത്തിലാണ് ഗണേഷ് - യാമിനി കരാര്‍ തയ്യാറാക്കിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും നിയമത്തിന്റെ പിന്‍ബലമുള്ള കരാറാണിത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തൊഴില്‍മന്ത്രി ഷിബുബോബി ജോണ്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗണേഷനും യാമിനിയും കരാറില്‍ ഒപ്പിട്ടത്.
അതേസമയം ഈ കരാറിനെക്കാള്‍ നിയമത്തിന്റെ പിന്‍ബലമുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ സത്യവാങ്മൂലത്തിനാണ്. അത് ഒരു ഭരണഘടനാ സ്ഥാപനത്തിന് നല്കിയതാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സത്യവാങ്മൂലം അസത്യമാണെന്ന് കാണിച്ച് പുനലൂര്‍ കോടതിയില്‍ കേസുണ്ട്. സി പി ഐ നേതാവ് പി കെ രാജു നല്കിയകേസാണിത്. ഈ കേസില്‍ ഹൈക്കോടതിയില്‍നിന്നും ഗണേഷ്കുമാര് സ്റ്റേ വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഡിഗ്രി പാസാകാതെ പാസായി എന്ന് സത്യവാങ്മൂലത്തില്‍ കാണിച്ചതിനെതിരെയാണ് കേസ്.
ഇനി ഈ സത്യവാങ്മൂലത്തെ തള്ളിപ്പറയാനാവില്ലെന്ന അവസ്ഥയിലാണ് ഗണേഷ്. സത്യവാങ്മൂലത്തെ തള്ളിപ്പറഞ്ഞാല്‍ എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമെന്ന് മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഗണേഷ് അയോഗ്യനാക്കപ്പെടും. അങ്ങനെവന്നാല്‍ രാഷ്ട്രീയ വനവാസമായിരിക്കും ഗണേഷിന് ലഭിക്കുക. ഈ സാഹചര്യത്തില്‍ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്ക്കാന് ഗണേഷ് നിര്‍ബന്ധിതനാകും.
സത്യവാങ്മൂലത്തില്‍ ഉറച്ചുനിന്നാല്‍ മുഖ്യമന്ത്രി തയ്യാറാക്കിയ കരാര്‍ വ്യാജമാണെന്ന് വരും. ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ നല്കിയ പരാതി സ്വീകരിച്ചില്ലെന്ന് മാത്രമല്ല, വ്യാജരേഖ തയ്യാറാക്കി ആ വീട്ടമ്മയെ ചതിക്കാനും ഉമ്മന്‍ചാണ്ടി കൂട്ടുനിന്നുവെന്നാകും അതിനര്‍ത്ഥം. സത്യവാങ്മൂലത്തിന് വിരുദ്ധമായ കരാര്‍ മുഖ്യമന്ത്രിയാണ് തയ്യാറാക്കിയത്. അതില്‍ യാമിനിയെകൊണ്ട് ഒപ്പിടിവിച്ചതും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയില്‍നിന്നും നീതി പ്രതീക്ഷിച്ചെത്തിയ യാമിനിയെക്കൊണ്ട് അവാസ്ഥവമായ കരാറില്‍ ഒപ്പിടിവിക്കുന്നത് വിശ്വാസവഞ്ചനയാണ്. അത്തരം വിശ്വാസവഞ്ചനയാണ് ചെയ്തതെന്നുവന്നാല് പിന്നീട് ധാര്‍മ്മികമായും നിയമപരമായും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്ത അവസ്ഥയും സംജാതമാകുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
(എസ് സന്തോഷ്)
janayugom 050413
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment