Monday, April 22, 2013
യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്: കടയ്ക്കലില്‍ പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലി
നിരവധിപേര്‍ക്കു പരിക്ക്
കടയ്ക്കല്‍: യൂത്തുകോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിനിടെ കടയ്ക്കലില്‍ തെരുവുയുദ്ധം. എ-ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ജീപ്പും ബൈക്കും അടിച്ചുതകര്‍ത്തു. കല്ലേറില്‍ വീടുകളുടെ ജനല്‍ചില്ലുകളും പാരലല്‍കോളേജും യൂത്തുകോണ്‍ഗ്രസുകാര്‍ തല്ലിത്തകര്‍ത്തു. കുമ്മിള്‍ മണ്ഡലം തെരഞ്ഞെടുപ്പ് നടന്ന കടയ്ക്കല്‍ കോണ്‍ഗ്രസ് ഭവനു സമീപത്താണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തല്ലിയത്. കള്ളവോട്ടു ചെയ്തുവെന്ന് ആരോപിച്ച് എ-ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടുകയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച തെരഞ്ഞെടുപ്പില്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍നിന്ന് ഒരു കൂട്ടം വിദ്യാര്‍ഥികളെ കൊണ്ടുവന്ന് വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് എ ഗ്രൂപ്പ് കള്ളവോട്ട് ചെയ്തു എന്നായിരുന്നു ആരോപണം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രവര്‍ത്തകര്‍ ഗ്രൂപ്പുതിരിഞ്ഞ് വാക്കേറ്റം തുടങ്ങി. സംഘര്‍ഷം അറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ സമീപവാസികള്‍ വീടിനുള്ളില്‍ കയറി കതകടച്ചു. കല്ലേറില്‍ വീടുകളുടെ ജനലുകള്‍ തകര്‍ന്നു. പാരലല്‍ കോളേജിന്റെ മേല്‍ക്കൂരയും ബഞ്ചും ഡസ്കുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് ഇടത്തറ വിജയന്റെ ജീപ്പ് ഒരുവിഭാഗം അടിച്ചുതകര്‍ത്തു. ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കല്ലേറുണ്ടായി. വോട്ടെടുപ്പുകേന്ദ്രത്തില്‍ നാല് പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഒരു മണിക്കൂറോളം സംഘട്ടനം നടന്നിട്ടും കൂടുതല്‍ പൊലീസ് എത്താന്‍ വൈകി. കടയ്ക്കല്‍, ചടയമംഗലം എന്നിവിടങ്ങളില്‍നിന്ന് പൊലീസ് എത്തി പിന്നീട് സംഘര്‍ഷം നിയന്ത്രിച്ചു. പൊലീസിനെ നോക്കുകുത്തിയാക്കി കമ്പിവടികളും കല്ലുകളുമായി ഒരു മണിക്കൂറിലെറെ യൂത്തുകോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടിയിട്ടും പൊലീസ് നിസ്സംഗത പാലിച്ചു.
അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. എ ഗ്രൂപ്പുനേതാവും യൂത്തുകോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയുമായ വി ടി സിബി (32), യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫൈസല്‍ (23), കോണ്‍ഗ്രസ് നേതാക്കളായ നുജുമുദീന്‍ (56), കടയ്ക്കല്‍ സലിം (50), കുന്നില്‍ നാസര്‍ (45), എ ആര്‍ നിഷാദ് (35) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു ഗുരുതരമായി പരിക്കേറ്റ നുജുമുദീന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ കടയ്ക്കല്‍, കൊട്ടാരക്കര താലൂക്കാശുപത്രികളിലുമാണ്.
വര്‍ക്കല മണ്ഡലത്തില്‍ എ, ഐ ഗ്രൂപ്പുപോര് രൂക്ഷമായി
വര്‍ക്കല: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വര്‍ക്കല മണ്ഡലത്തില്‍ എ, ഐ ഗ്രൂപ്പുപോര് ശക്തമാകുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് വര്‍ക്കല കഹാര്‍ എംഎല്‍എ പൊലീസിന്റെയും മാഫിയാസംഘങ്ങളുടെയും സഹായത്തോടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതായി ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാവായിക്കുളം മണ്ഡലം തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നു. ഒരേസമയം രണ്ട് ബാലറ്റില്‍ മണ്ഡലം കമ്മിറ്റിയിലേക്കും ബൂത്ത് കമ്മിറ്റിയിലേക്കും വോട്ടുചെയ്തു.വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ട് 206. മണ്ഡലത്തിലാകട്ടെ 834ഉം. വോട്ടെടുപ്പില്‍ വന്‍ തിരിമറി നടന്നതായി വ്യക്തം. വര്‍ക്കല മുനിസിപ്പല്‍ മണ്ഡലം തെരഞ്ഞെടുപ്പില്‍ മണ്ഡലം കമ്മിറ്റിയിലാകെ 806 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബൂത്ത് കമ്മിറ്റിയിലേക്ക് 742 വോട്ടും ലഭിച്ചു. ഇവിടെ 64 വോട്ടിന്റെ തിരിമറിയാണ് നടന്നത്.
തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വര്‍ക്കല സിഐ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പോളിങ് ബൂത്തിനകത്തും പുറത്തും പൊലീസ്രാജ് നടപ്പാക്കുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സ്ഥാനാര്‍ഥി നൈസാമിനെ ബൂത്തിനകത്തുവച്ച് മനഃപൂര്‍വം അപമാനിക്കുകയും വോട്ടര്‍മാരെ ബലംപ്രയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുകയാണ്. കൂടാതെ പെരുമാറ്റദൂഷ്യത്താല്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള മാഫിയാസംഘത്തിന്റെ ആക്രമണഭീഷണിയും നിലനില്‍ക്കുന്നു. സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പു സമയത്ത് "ബക്കറ്റ്" ചിഹ്നമാണ് നല്‍കിയതെങ്കില്‍ വോട്ടെണ്ണല്‍ സമയത്ത് ഗൂഢാലോചനയിലൂടെ ചിഹ്നം മാറി "മേശ"യായി. ഇതിനെതിരെ പരാതിയും നല്‍കി. വര്‍ക്കല കഹാര്‍ എംഎല്‍എയുടെ സ്വാധീനത്തില്‍ വര്‍ക്കല സിഐയുടെയും മാഫിയാസംഘങ്ങളുടെയും ഭീഷണിയും ഗുണ്ടായിസവും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമവും ശക്തമായി നേരിടുമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
deshabhimani 220413
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment