Monday, April 22, 2013
പോരാളികളുടെ സംഗമവേദിയില്‍ സ്മരണകളിരമ്പി
മീനങ്ങാടി: പോരാട്ട വഴികളില്‍ രക്ത നക്ഷത്രങ്ങളായി വീണ്ടും ജ്വലിക്കാന്‍ യുവാക്കള്‍ കര്‍മനിരതരാകണമെന്ന സൈമണ്‍ബ്രിട്ടോയുടെ ആഹ്വാനം ഡിവൈഎഫ്ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യകാലനേതാക്കളുടെ കുടുംബസംഗമത്തിന് ആവേശമായി. യുവജനപ്രസ്ഥാനത്തിന് ചോരയും നീരും നല്‍കി ജില്ലയില്‍ വേരോട്ടമുണ്ടാക്കിയ ആദ്യകാല സാരഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്ന ചടങ്ങ് പോരാളികളുടെ സംഗമവേദിയായി. ഡിവൈഎഫ്ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി മീനങ്ങാടി എസ് എ മജീദ് നഗറിലാണ് ഡിവൈഎഫ്ഐയുടെ ആദ്യകാല സാരഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്ത്ചേര്‍ന്നത്.
പോരാട്ടത്തിന്റെ കനല്‍വഴികളിലെ തളരാത്ത ശബ്ദമായ സൈമണ്‍ബ്രിട്ടോയുടെ തീ പാറുന്ന വാക്കുകള്‍ ആവേശത്തോടെയാണ് സദസ് ഏറ്റ്വാങ്ങിയത്. നീതിക്കും മാനവമോചനത്തിനുമായുള്ള ത്യാഗോജ്വല പോരാട്ടത്തിന്റെ ദീപ്ത സ്മരണകള്‍ സദസിന് ഊര്‍ജം പകര്‍ന്നു. വലതുപക്ഷ രാഷ്ട്രീയക്കാരുടെ കഠാരക്കിരയായി ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഭൂത കാലത്തിന്റെ നന്മകള്‍ ആവാഹിച്ച് വര്‍ത്തമാനകാലത്തിന് വേണ്ടി പോരാടാന്‍ യുവാക്കള്‍ സജ്ജരാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അന്യന്റെ ദു:ഖം മനസിലാക്കുന്നവനാണ് യഥാര്‍ത്ഥ പോരാളി. അവര്‍ക്ക് മാത്രമേ നീതിയുടെ കാവല്‍ ഭടന്മാരാകാന്‍ കഴിയൂ. സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ ലോകനീതി പിടയുകയാണ്.മനുഷ്യരുടെ എല്ലാ അവകാശങ്ങളും ഭരണകൂടം അടിച്ചമര്‍ത്തുകയാണ്.ആഗോളവത്കരണത്തിന്റ തിക്ത ഫലങ്ങളാണ് വയനാടന്‍ മണ്ണില്‍ നാശം വിതക്കുന്നത്. ഇതിന്റെ കെടുതികളില്‍ വയനാട്ടില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.സാമ്രാജ്യത്വ ഏജന്‍സികളായ സന്നദ്ധസംഘടനകള്‍ വയനാട്ടില്‍ ആദിവാസിവിഭാഗങ്ങളെ ചൂഷണം ചെയ്യുകയാണ്.ആദിവാസികളുടെ തനത് സംസ്കാരം പോലും കവര്‍ന്നെടുക്കപ്പെടുന്നു.
യുവജനപ്രസ്ഥാനത്തിന്റെ ജില്ലയുടെ ആദ്യ അമരക്കാര്‍ പ്രതിസന്ധികള്‍ അതിജീവിച്ച് സംഘടന കെട്ടിപ്പെടുക്കാന്‍ യത്നിച്ച അനുഭവങ്ങള്‍ പങ്ക്വെച്ചു. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയും വികസിക്കാത്ത കാലത്ത് പ്രതിലോമജീവിത സാഹചര്യങ്ങള്‍ അതിജീവിച്ച് യുവജനപ്രസ്ഥാനത്തിന് ജില്ലയില്‍ വേരോട്ടമുണ്ടാക്കിയ അനുഭവങ്ങള്‍ സംഘടനയുടെ ആദ്യ പ്രസിഡണ്ട് അഡ്വ. കെ കെ സോമനാഥനും സെക്രട്ടരി പി വി സഹദേവനും സ്മരിച്ചു.ഏറ്റവും കുടുതല്‍ തവണ ഡിവൈഎഫ്ഐയുടെ സാരഥിയായിരുന്ന ഇപ്പോഴത്തെ സിപിഐം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍, പി സൈനുദ്ദീന്‍, കെ ശശാങ്കന്‍,സി കെ സഹദേവന്‍,എന്‍ കെ ജോര്‍ജ്,സുരേഷ്താളൂര്‍, പി ആര്‍ ജയപ്രകാശ്, ജില്ല സെക്രട്ടരി എം മധു എന്നിവരും സംസാരിച്ചു.1980 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സംഘടനയുടെ ഭാരവാഹികളായവര്‍ക്ക് ഉപഹാരവും നല്‍കി. ചടങ്ങില്‍ ജില്ല പ്രസിഡണ്ട് കെ ഷമീര്‍ അധ്യക്ഷനായി. പി എം സന്തോഷ്കുമാര്‍ സ്വാഗതവും വി എന്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
deshabhimani 220413
Labels:
ഡി.വൈ.എഫ്.ഐ,
രാഷ്ട്രീയം,
വയനാട്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment