സംസ്ഥാനത്തെ ജില്ലാ- താലൂക്ക് ഹോമിയോ, ആയൂര്‍വ്വേദ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന ആയൂഷ്, എന്‍ആര്‍എച്ച്എം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പതിനഞ്ചുമാസമായി ശമ്പളമില്ല. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനു കീഴില്‍ വരുന്ന 64 ആയൂര്‍വ്വേദ ഡോക്ടര്‍മാരും 34 ഹോമിയോ ഡോക്ടര്‍മാരും 200ഓളം ആയൂര്‍വ്വേദ തെറാപ്പിസ്റ്റുകളും 2012 സെപ്തംബര്‍ മുതല്‍ ശമ്പളമില്ലാതെ ജോലിചെയ്യുകയാണ്.
ആയൂഷിന്റെ പ്രത്യേക ടെസ്റ്റിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം നിയമിതരായ ഡോക്ടര്‍മാരാണ് പഞ്ചായത്ത് ഡിസ്‌പെന്‍സറികളിലും ജില്ലാ- താലൂക്ക് ആശുപത്രികളിലും ജോലിചെയ്യുന്നത്. ഇവരില്‍ പഞ്ചായത്ത് ഡിസ്‌പെന്‍സറികളിലുള്ളവര്‍ക്ക് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ മുഖേന എടിഎം വഴി കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ട്. അതേസമയം ആശുപത്രികളിലുള്ള ഡോക്ടര്‍മാര്‍ക്ക് ആയൂഷില്‍ നിന്ന് ഒരുവര്‍ഷത്തെ ഫണ്ട് ഹോമിയോ-ആയൂര്‍വ്വേദ ഡയറക്ടര്‍മാര്‍ക്ക് ഒന്നിച്ചുനല്‍കി അതത് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി(എച്ച്എംസി) വഴി ശമ്പളം നല്‍കുന്ന രീതിയാണ് അവലംബിച്ചത്. ഈ ഫണ്ടില്‍ ശമ്പളം, മരുന്നിനുള്ള ഫണ്ട്, കണ്ടിജെന്‍സി ഫണ്ട്, ബില്‍ഡിംഗ് ഫണ്ട് എന്നിവയുള്‍പ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രികളില്‍ 2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളിലെ ഉപയോഗിച്ച ഫണ്ടിന്റെ വരവുചെലവു കണക്ക്(യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാലതാമസം വരുത്തിയതും നല്‍കിയ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൃത്യമല്ലാത്തതിനാലും ഡല്‍ഹിയിലെ ആയൂഷ് ഡിപ്പാര്‍ട്ട്‌മെന്റ് അത് തിരിച്ചയയ്ക്കുകയാണുണ്ടായത്. ഫലത്തില്‍ നൂറോളം ഡോക്ടര്‍മാരും 200ഓളം ആയൂര്‍വ്വേദ തെറാപ്പിസ്റ്റുകളും പതിനഞ്ചുമാസമായി ശമ്പളമില്ലാതെ ജോലിചെയ്യേണ്ട ഗതികേടിലുമാണ്.
2012 സെപ്തംബര്‍ 14 മുതല്‍ ഫണ്ട് നല്‍കാതിരിക്കുകയും 2010-11, 2011-12 വര്‍ഷങ്ങളിലെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്ന് ശഠിക്കുകയുമാണ് ഡല്‍ഹിയിലെ ആയൂഷ് ഡിപ്പാര്‍ട്ട്‌മെന്റ്. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ആരോഗ്യമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍, വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫണ്ട് ഉപയോഗിച്ചതിന്റെ കണക്ക് തയ്യാറാക്കുന്ന കാര്യത്തില്‍ കേരളത്തിലെ സ്റ്റേറ്റ് ആയൂഷ്-എന്‍ആര്‍എച്ച്എം ഓഫീസും തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. മാത്രവുമല്ല ശമ്പളം ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്നും അതുവരെ ശമ്പളമില്ലാതെ ജോലി ചെയ്യണമെന്നുമുള്ള ഉത്തരവ് ഇറക്കുകയും ചെയ്തു. ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും വേറെ ഗത്യന്തരമില്ലാത്തതിനാല്‍ ആ ഉത്തരവ് പാലിക്കുകയുമാണ്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 24ന് ഡല്‍ഹിയിലെ ആയൂഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടിന് അനുകൂലമായ തീരുമാനം എടുത്തതായും ഓഗസ്റ്റ് 26ന് ഡല്‍ഹിയിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫണ്ട് അനുവദിക്കുന്നതിനായി സമര്‍പ്പിച്ചതായും വാര്‍ത്ത പരന്നിരുന്നു. ഓഗസ്റ്റ് 25ന് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട സംസ്ഥാന ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, 8.71 കോടി രൂപ ഹോസ്പിറ്റലുകളിലെ ആയൂഷ് ഡോക്ടര്‍മാര്‍ക്ക് ശമ്പളമായി അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ വെറും പ്രസ്താവനകള്‍ മാത്രമായി അവശേഷിക്കുന്നു. തങ്ങളുടെ ജോലിഭാരം കണക്കിലെടുത്ത് ശമ്പളകുടിശിക പൂര്‍ണമായും അനുവദിക്കണമെന്നും ഓരോ മാസത്തെയും ശമ്പളം അതത് മാസം തന്നെ കൃത്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് ആയൂഷ്-എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും ആവശ്യപ്പെടുന്നത്.
janayugom
No comments:
Post a Comment