Tuesday, December 3, 2013

കലക്ടറെ അറസ്റ്റ് ചെയ്ത കമീഷണറെ മമത നീക്കി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് കോടികള്‍ വെട്ടിച്ച ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പൊലീസ് കമീഷണറെ മമത സര്‍ക്കാര്‍ മാറ്റി. സിലിഗുരി ജാല്‍പായ്ഗുരി വികസന അതോറിറ്റി മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഗൊദാലാ കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്ത സിലിഗുരി പൊലീസ് കമീഷണര്‍ കെ ജയറാമിന്റെ കസേരയാണ് തെറിച്ചത്. 200 കോടിയുടെ തിരിമിറി നടത്തിയതായി തെളിവ് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മാള്‍ദ കലക്ടറായിരുന്ന കിരണ്‍ കുമാറിനെ സിലിഗുരിയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്. മണിക്കൂറുകള്‍ക്കകം ജയറാമിനെ നീക്കംചെയ്ത് ഉത്തരവെത്തി. മുന്‍കൂര്‍ അനുവാദമില്ലാതെ ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റിന് ഉത്തരവിട്ടെന്നാണ് പൊലീസ് കമീഷണറെ നീക്കിയതിന്റെ വിശദീകരണം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ചട്ടവിരുദ്ധമായി ഒന്നുംചെയ്തില്ലന്നും ജയറാം പ്രതികരിച്ചു. മണിക്കൂറുകള്‍ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കുമാറിനെ സിലിഗുരി കോടതിയില്‍ ഹാജരാക്കി. കോടതി നാലു ദിവസത്തേക്ക് റിമാന്റിന് അയച്ചു. എന്നാല്‍, ഇതേ കോടതിതന്നെ പിറ്റേദിവസം ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പൊലീസ് എതിര്‍ത്തില്ല.

തൃണമൂലിന്റെ ഉന്നത നേതാക്കളും വെട്ടിപ്പില്‍ പങ്കാളികളാണ്. വികസന അതോറിറ്റി മുന്‍ ചെയര്‍മാനും സിലിഗുരി എംഎല്‍എയുമായ രുദ്രനാഥ് ഭട്ടാചാര്യ, ജാല്‍പായ്ഗുരി ജില്ലാ പ്രസിഡന്റും അതോറിറ്റി അംഗവുമായ ചന്ദന്‍ ഭൗമിക്്, സിലിഗുരി മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗം രഞ്ജന്‍ സില്‍ ശര്‍മ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അഴിമതിയില്‍ നേരിട്ട് പങ്കാളികളാണ്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍തന്നെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് രുദ്രനാഥ് ഭട്ടാചാര്യക്ക് ചെയര്‍മാന്‍സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പദ്ധതികള്‍ ആംരംഭിക്കുകപോലുംചെയ്യാതെ പണം ദുര്‍വിനിയോഗം ചെയ്തെന്നായിരുന്നു ആരോപണം. ശാരദാ ചിട്ടി തട്ടിപ്പിനു പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ പങ്കാളികളായ വന്‍ കുംഭകോണം പുറത്തായത്. മമതയുടെ സന്തതസഹചാരിയും മന്ത്രിയുമായ ഗൗതം ദേബും അഴിമതിക്കു പിന്നിലുള്ളതായി കോണ്‍ഗ്രസ് ആരോപിച്ചു. അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി സിലിഗുരിയില്‍ പ്രകടനം നടത്തി.
(ഗോപി)

deshabhimani

No comments:

Post a Comment