എയ്ഡഡ് സ്കൂളില്‍ പുതിയ അധ്യാപക- വിദ്യാര്‍ഥി അനുപാതമായ 1:35 അടിസ്ഥാനമാക്കി തസ്തിക നിര്‍ണയിച്ചപ്പോള്‍ അവിടങ്ങളില്‍ അധികം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തവണ 1:45 അടിസ്ഥാനമാക്കിയാണ് തസ്തിക നിര്‍ണയിച്ചത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറച്ച് പരിഷ്കാരങ്ങള്‍ നടപ്പാക്കിയതെന്ന് കൊട്ടിഘോഷിച്ചശേഷം സര്‍ക്കാര്‍ സ്കൂളുകളോട് ഭരണക്കാര്‍ കാണിക്കുന്ന വിവേചനം പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കാനാണെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളിലും പുതിയ അധ്യാപക- വിദ്യാര്‍ഥി അനുപാതം അടിസ്ഥാനമാക്കിയിരുന്നെങ്കില്‍ ടീച്ചേഴ്സ് ബാങ്കിന്റെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ല.
അവധിക്കാല ശമ്പളം തിരിച്ചുപിടിക്കുന്നു
മലപ്പുറം: കോഴിക്കോട് റീജിയണിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ അവധിക്കാല ശമ്പളം തിരിച്ചുപിടിക്കുന്നു. ആയിരത്തോളം അധ്യാപകരുടെ കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നറിയുന്നു. അധ്യയന വര്‍ഷത്തിന്റെ അവസാനത്തിലാണ് നിയമനം, എട്ടുമാസം സര്‍വീസില്ല തുടങ്ങി സാങ്കേതിക പ്രശ്നങ്ങളാണ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, തസ്തിക അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചക്ക് അധ്യാപകര്‍ ബലിയാടാകേണ്ട സ്ഥിതിയാണ്. ശമ്പളം തിരിച്ചുപിടിച്ചാല്‍ അധ്യാപകരുടെ പ്രൊമോഷനെയാണ് ബാധിക്കുക. പലരും ഈ മാസം രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകുന്നവരാണ്. ശമ്പളം തിരിച്ചുപിടിച്ചാല്‍ സര്‍വീസ് ബ്രേക്ക് വരും.
2010ല്‍ ഹയര്‍സെക്കന്‍ഡറിയാക്കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ 178 സ്കൂളുകളിലെ രണ്ടായിരത്തോളം അധ്യാപകര്‍ക്കാണ് ഈ ദുര്യോഗം. 2011 നവംബറിലാണ് ഇവരുടെ തസ്തിക അംഗീകരിച്ചത്. ഇതില്‍ കുറേപേര്‍ക്ക് അവധികാല ശമ്പളം അനുവദിച്ചു, ബാക്കിയുള്ളവരുടേത് തടഞ്ഞു വച്ചു. തടഞ്ഞതിനെതിരെ അധ്യാപകര്‍ പരാതി നല്‍കി. തുടര്‍ന്ന് അധ്യാപകരുടെ അവധിക്കാല ശമ്പളത്തില്‍ ഏകീകരണം വേണമെന്ന് കാണിച്ച് ഡയറക്ടര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം തിരിച്ചുപിടിക്കുന്നത്. 2010 ജൂലൈയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ 178 ഹൈസ്കൂളുകളെ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയത്. സംസ്ഥാനത്ത് ഭരണമാറ്റംമൂലം തസ്തികാ നിര്‍ണയം നീണ്ടു. തസ്തിക അംഗീകരിക്കുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ ഒന്നരവര്‍ഷത്തോളം താല്‍ക്കാലിക അധ്യാപകരായി ജോലിചെയ്തവരാണ് പിന്നീട് സ്ഥിരം നിയമനം നേടിയത്.
No comments:
Post a Comment