Wednesday, December 18, 2013

ലോക് പാല്‍ ബില്‍ ലോക് സഭയും പാസാക്കി

കോര്‍പറേറ്റുകളെയും പൊതു-സ്വകാര്യ പദ്ധതികളെയും (പിപിപി) ഒഴിവാക്കിയുള്ള ലോക് പാല്‍ ബില്ലിന് ലോക് സഭയുടെയും അംഗീകാരം. ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. ഭേദഗതികളോടെയുള്ള ലോക് പാല്‍ ബില്‍ ചര്‍ച്ചകളില്ലാതെയാണ് ലോക് സഭ പാസാക്കിയത്. ബില്ലിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച ലോക് സഭയില്‍ നടന്നതിനാല്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം പ്രതിപക്ഷ കക്ഷികള്‍ അംഗീകരിച്ചു. സമാജ് വാദി പാര്‍ട്ടി ഒഴികെയുള്ളവര്‍ ബില്ലിനെ അനുകൂലിച്ചു. ബഹളത്തെ തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. നിയമമന്ത്രി കബില്‍ സിബലാണ് ബില്‍ അവതരിപ്പിച്ചത്. ഇനി രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെ ബിൽ നിയമമാകും.

സെലക്ട് കമ്മിറ്റി മുന്നോട്ടുവച്ച 15 ഭേദഗതിയും ഉള്‍ക്കൊള്ളിച്ചുള്ള ബില്ലിനാണ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. നേരത്തെ ലോക്സഭ പാസാക്കിയ ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കിയതോടെ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് വരികയായിരുന്നു. 2011 ഡിസംബര്‍ 27 ന് ലോക്സഭ പാസാക്കിയ ബില്‍ എന്നാല്‍ രാജ്യസഭയില്‍ പാസായില്ല. ഡിസംബര്‍ 29 ന് അര്‍ധരാത്രിവരെ ചേര്‍ന്ന സഭ ബില്ല് പാസാക്കാതെ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

പ്രതിപക്ഷം ഒട്ടനവധി ഭേദഗതികള്‍ കൊണ്ടുവരികയും സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്ന് തീര്‍ച്ചയാവുകയുംചെയ്ത ഘട്ടത്തിലാണ് സഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. പിന്നീട് സഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോയ ബില്‍ കമ്മിറ്റി മുന്നോട്ടുവച്ച 14 ഭേദഗതിയോടെയാണ് വീണ്ടും പരിഗണിക്കപ്പെട്ടത്.

deshabhimani

No comments:

Post a Comment