Thursday, December 19, 2013

ബാങ്കിങ്മേഖല സ്തംഭിച്ചു

ന്യൂഡല്‍ഹി/കൊച്ചി: രാജ്യവ്യാപകമായി സംഘടിപ്പിച്ച ഏകദിന ബാങ്ക് പണിമുടക്കില്‍ ബാങ്കിങ്മേഖല നിശ്ചലമായി. ജീവനക്കാര്‍ ബാങ്കുകള്‍ക്കുമുന്നിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നിലും പ്രകടനവും ധര്‍ണയും നടത്തി. പണിമുടക്കില്‍ പത്തുലക്ഷം ജീവനക്കാര്‍ അണിനിരന്നു. ക്ലിയറിങ് ഹൗസുകളും ഉള്‍പ്പെടെ ബാങ്കിങ് സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. എടിഎമ്മുകളും നിലച്ചു. കേരളത്തിലെ 4600ല്‍പ്പരം വാണിജ്യബാങ്കുകളിലെ 30,000ലധികം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കി. നെറ്റ്ബാങ്കിങ്, മൊബൈല്‍ബാങ്കിങ് മുടക്കമില്ലാതെ നടക്കുമെന്ന് മാനേജ്മെന്റുകള്‍ നേരത്തെ പ്രചാരണം നടത്തിയിരുന്നെങ്കിലും ഈ മേഖലയും സ്തംഭിച്ചു.

കാലാവധി കഴിഞ്ഞ ശമ്പളക്കരാര്‍ പുതുക്കുക, കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നീക്കം പിന്‍വലിക്കുക, പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കല്‍ അവസാനിപ്പിക്കുക, വിദേശബാങ്കുകള്‍ക്ക് അനിയന്ത്രിതമായി പ്രവേശനം നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്കിങ് പുറംകരാര്‍ ജോലികള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനംചെയ്തിരുന്നത്.

ബാങ്കിങ് മേഖലയിലെ പ്രക്ഷോഭം ശക്തമാക്കും

ന്യൂഡല്‍ഹി/കൊച്ചി: ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും നടത്തിയ പണിമുടക്കിനെ തുടര്‍ന്നും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 23ന് ഹൈദരാബാദില്‍ നടക്കുന്ന യുഎഫ്ബിയു യോഗത്തില്‍ ഭാവിസമരപരിപാടികള്‍ക്ക് രൂപംനല്‍കും. പണിമുടക്ക് ചരിത്രവിജയമാക്കാന്‍ സഹകരിച്ച സംഘടനകളെയും ജീവനക്കാരെയും യുഎഫ്ബിയു അഭിനന്ദിച്ചു. പണിമുടക്കിയ ജീവനക്കാര്‍ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാര്‍ പ്രകടനത്തിനുശേഷം സംഘടിപ്പിച്ച പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കോഴിക്കോട് നടന്ന പൊതുയോഗത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി ടി ദാസന്‍, എഐടിയുസി ജില്ലാ സെക്രട്ടറി പങ്കജാക്ഷന്‍, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ടി എന്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എറണാകുളത്ത് ആന്ധ്രാബാങ്കിനു മുന്നില്‍നടന്ന ധര്‍ണ യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ ഉദ്ഘാടനംചെയ്തു. 14 ജില്ലകളിലും പ്രകടനങ്ങള്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ സംഘടനാനേതാക്കളായ എ കെ രമേഷ്, പി വി ജോസ്, എ അജയന്‍, എസ് എസ് അനില്‍, ഷാജു ആന്റണി, കെ എസ് രവീന്ദ്രന്‍, കെ എസ് കൃഷ്ണ, പോള്‍ മുണ്ടാടന്‍, മെയ്മോള്‍, അനന്തനാരായണന്‍, കെ എസ് രവീന്ദ്രന്‍, എന്‍ സുരേഷ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment